Skip to main content

ഗംഗയൊഴുകുന്നു ഗംഗയൊഴുകുന്നു...

ഗംഗയൊഴുകുന്നു ഗംഗയൊഴുകുന്നു..
ഹുങ്കു തിളയ്ക്കുമാമന്തരംഗങ്ങള്‍തന്‍,
പങ്കം കഴുകിക്കൊണ്ടിന്നുമൊഴുകുന്നു.
ഗംഗയൊഴുകുന്നു ഗംഗയൊഴുകുന്നു...

കാട്ടാളരേക്കണ്ട കുഞ്ഞിന്‍കരച്ചിലും, 
വേട്ടായാടപ്പെട്ട പെണ്ണിന്‍ വിതുമ്പലും,
കൂട്ടരേക്കുത്തിയ കുറ്റബോധങ്ങളും,
കൂട്ടത്തിലെല്ലാമലിഞ്ഞങ്ങു പോകുന്നു...

വൃദ്ധര്‍തന്‍ വ്യഥകള്‍ സൃഷ്ടിച്ചശാപവും,
ബുദ്ധിതന്‍ ചാപല്യമേറ്റിയ പാപവും,
ശുദ്ധിവരുത്താനായൊഴുകി-യൊഴുകിയ-
ശുദ്ധയായിന്നുമാ ഗംഗയൊഴുകുന്നു..

മുജ്ജന്മപാപ, പരിഹാരം ദര്‍ഭയില്‍,
മുദ്രിതമാക്കുന്നു എള്ളുരുളകളായ്, 
മൂന്നുവട്ടമങ്ങ് മുങ്ങിനിവര്‍ന്നേവം, 
മൂര്‍ച്ചകുറയ്ക്കുന്നു മാനസതാപങ്ങള്‍..

ആര്‍ത്തവരക്തം പുരളാത്ത മേനികള്‍,
ആര്‍ത്തിയോടങ്ങ് കരണ്ട ജന്മങ്ങളും,
ആസക്തമൂര്‍ച്ഛയില്‍ കോമരംതുള്ളുന്ന
ആഭാസവൃന്ദവും പാപംകഴുകുന്നു..

പാതികരിഞ്ഞ, ധാന്യശകലങ്ങളും,
പാതിവെന്തങ്ങലയും കബന്ധവും,
പാപങ്ങളെല്ലാം തീര്‍ക്കാനായ്‌ നിത്യവും,
പാപനാശിനിയിലൊഴുകിത്തിമിര്‍ക്കുന്നു..

കൊല്ലുന്ന, വെല്ലുന്ന, കുതികാലുവെട്ടുന്ന, 
കാണാത്ത ഭാവത്തില്‍ തെറ്റുകള്‍ചെയ്യുന്ന, 
കല്മഷമാര്‍ന്നൊരാ മാനസമൊക്കെയും,
കഴുകിവെളുപ്പിക്കാന്‍ ഗംഗയൊഴുകുന്നു..

കാളായ പാപത്തിന്‍ കറയാം കരിനിറം,
കണ്മഷിയാക്കിയ ഗംഗതന്‍ തീരങ്ങള്‍, 
കണ്ടാലറിയാത്ത പോലിന്നുമരുവുന്നു,
കാളകൂടങ്ങള്‍ത്തന്‍ തീവ്രമാം തീണ്ടലില്‍.. 

ദൈവത്തെരക്ഷിക്കാന്‍ കോട്ടകള്‍കെട്ടുന്ന,
ദാനത്തിന്‍  മറകളില്‍ ചൂഷണംചെയ്യുന്ന, 
ധര്‍മ്മത്തിന്‍ ശാസനം കാറ്റില്‍പറത്തുന്നൊ-
രധര്‍മ്മഭൂവിലീ ഗംഗയൊഴുകുന്നു.   
 
ഗംഗയൊഴുകുന്നു ഗംഗയൊഴുകുന്നു..
ഹുങ്കു തിളയ്ക്കുമാമന്തരംഗങ്ങള്‍തന്‍,
പങ്കം കഴുകിക്കൊണ്ടിന്നുമൊഴുകുന്നു... (2)

- ജോയ് ഗുരുവായൂർ

Comments

Popular posts from this blog

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...

ചട്ടി

"കിട്ട്യാ ഊട്ടി പോയാ ചട്ടി" എന്നൊക്കെയായിരിക്കും ചട്ടിയെപ്പറ്റി കേൾക്കുമ്പോൾ ആദ്യം ചിലരോർക്കുന്നത്. ചട്ടിയും കലവുമായാൽ തട്ടീം മുട്ടീന്നൊക്കെ വരുമെന്ന, പഴംചൊല്ലൊന്നുമിപ്പോൾ, ചട്ടിക്കവകാശപ്പെടാനില്ല! ഇന്നലെ ഗ്രൂപ്പിൽ കണ്ടില്ലല്ലോ, പെണ്ണുമ്പിള്ള ചട്ടിയേറ് നടത്തിയോ? അഥവാ ചട്ടി ചൂടാക്കിയില്ലേ? ഉള്ള ചട്ടി പൊട്ടിക്കാതെ നോക്കെടാ/ടീ.. മറ്റുള്ളോരുടെ ചട്ടിയിൽ കയ്യിട്ടുവാരല്ലെടാ ഉവ്വേ.. എന്നൊക്കെയാണ് ചട്ടിയുടെ പുതിയ റേഞ്ചുകൾ! ആരൊക്കെ അവഗണിച്ചാലും ചട്ടിയിന്നും ചട്ടിയാണ്! ചട്ടിപൊട്ടിപ്പോയാൽ എല്ലാം തീരും! ചട്ടിയെപ്പറ്റിയൊരുവാക്കും പറയരുതെന്നു ദേഷ്യപ്പെട്ടുകൊണ്ട്, നിറുത്തട്ടേ... നമോവാകം. ജോയ് ഗുരുവായൂർ

സ്വത്വം ഉപേക്ഷിക്കപ്പെടുമ്പോൾ..

ഒരു കവിയല്ലാതിരുന്നിട്ടുമെന്നെക്കൊണ്ട് കവിതയെഴുതിക്കുന്നത് നീയാണ്. കവിതകൾ ജനിക്കുന്നത് മിക്കപ്പോളും അസ്കിതകളിൽനിന്നാണ്. അല്ലലുകൾ ആത്മാവിനെ തുരക്കുമ്പോൾ മനസ്സ് കവിതയെ ഗർഭം ധരിക്കുന്നു. ആത്മാർത്ഥതയും ജീവിതവുമായുള്ള പൊരുത്തക്കേടുകളാണ്, മിക്ക കവിതകളും കരയുന്നത്! നിൻ്റെ മുഖമാകുന്ന കണ്ണാടിയിലും മനസ്സാകുന്ന മഹാസമുദ്രത്തിലും ഉടലാകുന്ന പർവ്വതനിരകളിലും എൻ്റെ കണ്ണുകളും മനസ്സും ഉടലും ഉടക്കിക്കിടന്നിരുന്നതിൻ്റെ തപ്തനിശ്വാസങ്ങളാണീ വരികൾ. നീയെന്നിലേക്ക് ഒഴുക്കിവിട്ട ഒരോരോ ഭാവങ്ങളും ചലനങ്ങളും എന്നെ നീയാക്കിമാറ്റുകയായിരുന്നു. നീയാഗ്രഹിച്ചതുമാത്രം ചെയ്യുന്ന നീയായിമാറിയിരുന്നു ഞാൻ. വ്യക്തിത്വം പണയപ്പെടുത്തിയപ്പോൾ നിൻ്റെ കണ്ണുകൾ എനിക്കു കിട്ടി, നിന്നുടെ കാഴ്ചപ്പാടുകൾ എൻ്റെയുമായി. അനാഥമാക്കപ്പെട്ട എൻ്റെ സ്വത്വം കടപ്പുറത്ത് കാക്ക കൊത്തിവലിച്ചു. നീ പറക്കുകയായിരുന്നു.. കൂടെ ഞാനും. വികാരങ്ങളുടെ ഉത്തുംഗശൃംഗങ്ങളിൽ വ്യത്യസ്തത തേടി നമ്മളലഞ്ഞു. ഒരുപാടു കഴുകുകളെയും അവരുടെ പരാക്രമങ്ങളിൽ ഭീതിദരായവരെയും നീ കണ്ടു, നിന്നിലൂടെ ഞാനും. മനസ്സിനെ മരവിപ്പുപോലെ ബാധിക്കുന്ന ഒത്തിരി കാര്യങ്ങളില...