നിനച്ചിരിക്കാതെ, നിർന്നിമേഷമായ്
വേഷപ്പകർച്ചകളാടീടുന്നൊ-
രതിഥിയിന്നിൻ്റെയസ്കിതയായ്!
സ്നേഹമേറെ ഭാവിച്ചു കുരലിൽ,
കൂടുകൂട്ടിയിട്ടൊരുദിനം,
ജീവനെടുത്തങ്ങു പോയിടുന്നു.
അതിഥിയൊരു ഭസ്മാസുരനായ്,
ആതിഥേയരെ വിഴുങ്ങുവതിനായ്,
ആർത്തിയോടടുക്കുന്നു നിത്യവും.
ഓടിയൊളിക്കയാണതിഥേയർ,
കിട്ടിയ കൂരകൾത്തന്നിലാ-
യഭയം തേടുവതൊന്നിനായ്.
ശത്രുവദൃശ്യനാണെന്നു വരികിൽ
മറഞ്ഞുനിൽക്കുകയഭികാമ്യ -
മെന്നുചൊല്ലുന്നു ശാസ്ത്രവും.
ദോഷവിത്തുകൾ വന്നുവീഴാതെ
കാക്കുവാൻ കടകമ്പോളങ്ങൾ,
കൊട്ടിയടച്ചുവെച്ചുപോൽ.
നഗരം നിശ്ചലമായ്.. കൂകിയാർക്കും
വാഹനവൃന്ദവും വിദ്യാലയങ്ങളും
സിനിമക്കൊട്ടകയും നിന്നുപോയ്.
വിമാനമില്ലാ തീവണ്ടിയില്ലാ തീ തുപ്പും,
വ്യവസായശാലകളും ദേവാലയവും
നിർജ്ജീവമായ്ക്കിടന്നിടുന്നു.
തെരുവുകൾതൻ നിശാനിശബ്ദതയിൽ,
സീൽക്കാരത്തുളകളിടും,
തേന്മഴക്കാടുകളും മൗനമായ്.
അപകടങ്ങളില്ല, ഭവനഭേദനങ്ങളും
രോദനങ്ങളില്ലാ സ്ത്രീപീഡനവും.
അഴിമതിക്കാരതും മറന്നുപോയ്.
അതിജീവനത്തിന്നേകൈകചിന്തയാൽ
മാനവകുലം, ജാതിമറന്നു നിരന്തരം
മെയ്യോടുമെയ് ചേരുന്നു!
നാനാത്വത്തിലേകത്വസന്ദേശം പാരിൽ,
വിതറി, പണ്ടേ മതേതരചിന്തയി-
ലഭിരമിച്ചിടും രാജ്യത്തെ രക്ഷിപ്പാൻ.
ജോയ് ഗുരുവായൂർ
05/04/2020
Comments
Post a Comment