കവിതയെഴുതണമെന്നു കരുതിക്കൂട്ടിരചിച്ച,
കവിതകളെ ഒരൊറ്റനോട്ടത്തിലറിയാം.
കുറ്റപ്പെടുത്തലുകളുടെ കൂടുകൾ തുറന്നിട്ട്, ആത്മരതിയടയുന്ന കാവ്യാനുരണനങ്ങൾ!
കശാപ്പുശാലകൾ നീളെ നടത്തുന്നവരുടെ അഹിംസാ സന്ദേശങ്ങളതിലുണ്ടാവും.
കറുത്തമുഖം പൗഡറിട്ടുവെളുപ്പിക്കുന്നവരുടെ
വർണ്ണവെറിവിരുദ്ധ പ്രതിഷേധങ്ങളും.
മറഞ്ഞിരുന്ന് സ്ത്രീപീഡനംനടത്തുന്നവരുടെ
സദാചാര മുഖംമിനുക്കലുകൾ കാണാം.
കമിഴ്ന്നുകിടന്ന് കാപ്പണംനക്കുന്നവരുടെ
അഴിമതിവിരുദ്ധ പ്രഘോഷണങ്ങളും.
പുരോഹിതരുടെ കാൽ കഴുകിക്കുടിക്കുന്ന,
മതേതരമൗലികവാദ സംഹിതകൾ കേൾക്കാം.
മണലുവാരി മണിമന്ദിരംപണിഞ്ഞവരുടെ
പ്രകൃതിസ്നേഹത്തിൻ സുന്ദരഗീതികകളും.
സാഹചര്യമനുസരിച്ച് കളംമാറ്റിച്ചവിട്ടുന്നവരുടെ
പ്രണയവിരഹശീലുകൾ വായിച്ചെടുക്കാം.
ആദർശങ്ങളെ മുച്ചൂടും കത്തിയ്ക്കുന്നവരുടെ
ധാർമ്മികരോഷത്തിൻ പ്രകടനങ്ങളും.
മാതാപിതാക്കളെ മനസ്സാൽ നടതള്ളിയവരുടെ
വയോവൃദ്ധജന സ്നേഹാതിരേകങ്ങൾ.
സ്വരക്തബന്ധങ്ങളെ മറന്നുകൊണ്ടുകാട്ടുന്ന
മാതാ,പിതാ,സഹോദര,മക്കൾ സ്നേഹങ്ങളും.
മണ്ണിനെ ഓടിട്ടുമറച്ച് വീർപ്പുമുട്ടിക്കുന്നവരുടെ
പ്രളയാനുശോചന,നിവാരണ ഒപ്പീസുകൾ.
സ്വന്തമായൊരു കർമ്മവും ചെയ്യാതെയുള്ള,
അപരർതൻ ചെയ്തികളുടെ വിമർശനങ്ങൾ.
സാമൂഹ്യപ്രതിബദ്ധതയെന്ന മുഖംമൂടിക്കുള്ളിൽ,
വൃത്ത,ചതുരങ്ങളിൽ ആവാഹിച്ചുവെയ്ക്കുന്ന,
തല്ലിക്കൂട്ടിയ കള്ളക്കവിതകളെ തിരിച്ചറിയാം,
പുറമേ ചുട്ടും അകമേ തണുത്തുമിരിക്കുമവ!
- ജോയ് ഗുരുവായൂർ
Comments
Post a Comment