Skip to main content

നാഴികക്കല്ലുകളുടെ ഓര്‍മ്മപ്പെടുത്തലുകള്‍

അമ്മിഞ്ഞപ്പാല് നുകര്‍ന്നുകിടന്നതും,
മൂത്രമൊഴിച്ച്, നനഞ്ഞുവിറച്ചതും,
മുട്ടിലിഴഞ്ഞങ്ങു മൂക്കുമുറിഞ്ഞതും,
ഇരുകാലില്‍നിന്നങ്ങ് പൊട്ടിച്ചിരിച്ചതും,
ഓടിനടക്കവേ തട്ടിമറിഞ്ഞതും,
അച്ഛനുമമ്മയും വാരിയെടുത്തതും,
ശൈശവകാലത്തിന്‍ നാഴികക്കല്ലുകള്‍.

അരിമണിക്കിണ്ണത്തില്‍ ഹരിശ്രീകുറിച്ചതും,
കൊച്ചുകുസൃതിക്കായ് തല്ലുകള്‍കൊണ്ടതും,
തോട്ടിലെ വെള്ളത്തില്‍ പരലുപിടിച്ചതും
ചേറില്‍കളിച്ചങ്ങു ചൊറികള്‍പിടിച്ചതും
ചെറുമാങ്ങാപ്പൂളുകള്‍ ഉപ്പിട്ടുതിന്നതും,
മുത്തശ്ശിചൊല്ലും പഴങ്കഥ കേട്ടതും
ബാല്യകാലത്തിലെ നാഴികക്കല്ലുകള്‍..     

പാടത്തു പട്ടംപറത്തിക്കളിച്ചതും
വൃക്ഷത്തലപ്പില്‍ വലിഞ്ഞങ്ങുകേറീതും
മാവില്‍ കല്ലെറിഞ്ഞോടുപൊട്ടിച്ചതും
മുത്തച്ഛന്‍തന്നുടെ ചീത്തകള്‍കേട്ടതും
ആമ്പല്‍ക്കുളങ്ങളില്‍ മുങ്ങിത്തുടിച്ചതും
കൂട്ടുകാരൊത്ത് കുസൃതികാണിച്ചതും,
പൂരപ്പറമ്പുകള്‍തോറും നടന്നതും, 
പൊടിമീശകണ്ടങ്ങ് പുളകിതനായതും
മുഖക്കുരുക്കളില്‍ പ്രേമംപൊടിഞ്ഞതും
കൗമാരം താണ്ടിയ നാഴികക്കല്ലുകള്‍...   

ബിരുദങ്ങളൊക്കെയും നേടിയെടുത്തതും
നാടിനുംവീടിനുമഭിമാനമായതും
പ്രാരാബ്ധമൊക്കെയറിഞ്ഞു തുടങ്ങീതും
തൊഴിലിനായൊടുവില്‍ പ്രവാസിയായതും
അച്ഛനുമമ്മയ്ക്കുമാശ്വാസമായതും
മംഗല്യസൂത്രത്താല്‍ സഖിയെ വരിച്ചതും
കുഞ്ഞുസൂനങ്ങളെ മാറോടണച്ചതും
അദ്ധ്വാനപാതകള്‍ താണ്ടിനടന്നതും
യൗവ്വനകാലത്തിന്‍ നാഴികക്കല്ലുകള്‍...

നാഴികക്കല്ലുകള്‍ തേടുന്ന യാത്രകള്‍
എകാന്തമായി തുടര്‍ന്നുകൊണ്ടീടുന്നു.
ഭാരംവലിക്കുന്നൊരൊറ്റക്കുതിരയായ്
നുരയുംപതയും വീഴ്ത്തിക്കൊണ്ടനുദിനം..     

വെള്ളിനിരകളെ താലോലിച്ചിന്നു ഞാന്‍
വാര്‍ദ്ധക്യകാലത്തെ കാത്തങ്ങിരിക്കവേ,
ഇന്നോളംതാണ്ടിയ നാഴികക്കല്ലുകള്‍
ഉയിരോടെയിന്നുമെന്‍ മനസ്സില്‍ത്തെളിയുന്നു.

ജോയ് ഗുരുവായൂര്‍   
15/08/2017

Comments

Popular posts from this blog

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...

ഭസ്മാസുരൻ

നിനച്ചിരിക്കാതെ, നിർന്നിമേഷമായ് വേഷപ്പകർച്ചകളാടീടുന്നൊ- രതിഥിയിന്നിൻ്റെയസ്കിതയായ്! സ്നേഹമേറെ ഭാവിച്ചു കുരലിൽ, കൂടുകൂട്ടിയിട്ടൊരുദിനം, ജീവനെടുത്തങ്ങു പോയിടുന്നു. അതിഥിയൊരു ഭസ്മാസുരനായ്, ആതിഥേയരെ വിഴുങ്ങുവതിനായ്, ആർത്തിയോടടുക്കുന്നു നിത്യവും. ഓടിയൊളിക്കയാണാതിഥേയർ, കിട്ടിയ കൂരകൾത്തന്നിലാ- യഭയം തേടുവതൊന്നിനായ്. ശത്രുവദൃശ്യനാണെന്നു വരികിൽ മറഞ്ഞുനിൽക്കുകയഭികാമ്യ - മെന്നുചൊല്ലുന്നു ശാസ്ത്രവും. ദോഷവിത്തുകൾ വന്നുവീഴാതെ കാക്കുവാൻ കടകമ്പോളങ്ങൾ, കൊട്ടിയടച്ചുവെച്ചുപോൽ. നഗരം നിശ്ചലമായ്.. കൂകിയാർക്കും വാഹനവൃന്ദവും വിദ്യാലയങ്ങളും സിനിമക്കൊട്ടകയും നിന്നുപോയ്. വിമാനമില്ലാ തീവണ്ടിയില്ലാ തീ തുപ്പും, വ്യവസായശാലകളും ദേവാലയവും നിർജ്ജീവമായ്ക്കിടന്നിടുന്നു. തെരുവുകൾതൻ നിശാനിശബ്ദതയിൽ, സീൽക്കാരത്തുളകളിടും, തേന്മഴക്കാടുകളും മൗനമായ്. അപകടങ്ങളില്ല, ഭവനഭേദനങ്ങളും രോദനങ്ങളില്ലാ സ്ത്രീപീഡനവും. അഴിമതിക്കാരതും മറന്നുപോയ്. അതിജീവനത്തിന്നേകൈകചിന്തയാൽ മാനവകുലം, ജാതിമറന്നു നിരന്തരം മനമോടു മനം ചേർക്കുന്നു! നാനാത്വത്തിലേകത്വസന്ദേശം പാരിൽ, വിതറി, പണ്ടേ മതേതരചിന്തയി- ലഭിരമിച്ചിടും രാജ്യത്തെ രക്ഷിപ്പാൻ. - ജോയ് ഗുരുവായൂർ

എഴുതാൻവേണ്ടി മാത്രം!..

കവിതയെഴുതണമെന്നു കരുതിക്കൂട്ടിരചിച്ച, കവിതകളെ ഒരൊറ്റനോട്ടത്തിലറിയാം. കുറ്റപ്പെടുത്തലുകളുടെ കൂടുകൾ തുറന്നിട്ട്, ആത്മരതിയടയുന്ന കാവ്യാനുരണനങ്ങൾ! കശാപ്പുശാലകൾ നീളെ നടത്തുന്നവരുടെ അഹിംസാ സന്ദേശങ്ങളതിലുണ്ടാവും. കറുത്തമുഖം പൗഡറിട്ടുവെളുപ്പിക്കുന്നവരുടെ വർണ്ണവെറിവിരുദ്ധ പ്രതിഷേധങ്ങളും. മറഞ്ഞിരുന്ന് സ്ത്രീപീഡനംനടത്തുന്നവരുടെ സദാചാര മുഖംമിനുക്കലുകൾ കാണാം. കമിഴ്ന്നുകിടന്ന് കാപ്പണംനക്കുന്നവരുടെ അഴിമതിവിരുദ്ധ പ്രഘോഷണങ്ങളും. പുരോഹിതരുടെ കാൽ കഴുകിക്കുടിക്കുന്ന, മതേതരമൗലികവാദ സംഹിതകൾ കേൾക്കാം. മണലുവാരി മണിമന്ദിരംപണിഞ്ഞവരുടെ പ്രകൃതിസ്നേഹത്തിൻ സുന്ദരഗീതികകളും. സാഹചര്യമനുസരിച്ച് കളംമാറ്റിച്ചവിട്ടുന്നവരുടെ പ്രണയവിരഹശീലുകൾ വായിച്ചെടുക്കാം. ആദർശങ്ങളെ മുച്ചൂടും കത്തിയ്ക്കുന്നവരുടെ ധാർമ്മികരോഷത്തിൻ പ്രകടനങ്ങളും. മാതാപിതാക്കളെ മനസ്സാൽ നടതള്ളിയവരുടെ വയോവൃദ്ധജന സ്നേഹാതിരേകങ്ങൾ. സ്വരക്തബന്ധങ്ങളെ മറന്നുകൊണ്ടുകാട്ടുന്ന മാതാ,പിതാ,സഹോദര,മക്കൾ സ്നേഹങ്ങളും. മണ്ണിനെ ഓടിട്ടുമറച്ച് വീർപ്പുമുട്ടിക്കുന്നവരുടെ പ്രളയാനുശോചന,നിവാരണ ഒപ്പീസുകൾ. സ്വന്തമായൊരു കർമ്മവും ചെയ്യാതെയുള്ള, അപരർതൻ ചെയ്തികളുടെ വിമർശനങ്ങൾ. സാമൂഹ്യപ്രതിബദ്ധ...