Skip to main content

സ്വത്വം ഉപേക്ഷിക്കപ്പെടുമ്പോൾ..

ഒരു കവിയല്ലാതിരുന്നിട്ടുമെന്നെക്കൊണ്ട്
കവിതയെഴുതിക്കുന്നത് നീയാണ്.
കവിതകൾ ജനിക്കുന്നത് മിക്കപ്പോളും
അസ്കിതകളിൽനിന്നാണ്.
അല്ലലുകൾ ആത്മാവിനെ തുരക്കുമ്പോൾ
മനസ്സ് കവിതയെ ഗർഭം ധരിക്കുന്നു.
ആത്മാർത്ഥതയും ജീവിതവുമായുള്ള
പൊരുത്തക്കേടുകളാണ്,
മിക്ക കവിതകളും കരയുന്നത്!

നിൻ്റെ മുഖമാകുന്ന കണ്ണാടിയിലും
മനസ്സാകുന്ന മഹാസമുദ്രത്തിലും
ഉടലാകുന്ന പർവ്വതനിരകളിലും
എൻ്റെ കണ്ണുകളും മനസ്സും ഉടലും
ഉടക്കിക്കിടന്നിരുന്നതിൻ്റെ
തപ്തനിശ്വാസങ്ങളാണീ വരികൾ.

നീയെന്നിലേക്ക് ഒഴുക്കിവിട്ട
ഒരോരോ ഭാവങ്ങളും ചലനങ്ങളും
എന്നെ നീയാക്കിമാറ്റുകയായിരുന്നു.
നീയാഗ്രഹിച്ചതുമാത്രം ചെയ്യുന്ന
നീയായിമാറിയിരുന്നു ഞാൻ.
വ്യക്തിത്വം പണയപ്പെടുത്തിയപ്പോൾ
നിൻ്റെ കണ്ണുകൾ എനിക്കു കിട്ടി,
നിന്നുടെ കാഴ്ചപ്പാടുകൾ എൻ്റെയുമായി.
അനാഥമാക്കപ്പെട്ട എൻ്റെ സ്വത്വം
കടപ്പുറത്ത് കാക്ക കൊത്തിവലിച്ചു.

നീ പറക്കുകയായിരുന്നു.. കൂടെ ഞാനും.
വികാരങ്ങളുടെ ഉത്തുംഗശൃംഗങ്ങളിൽ
വ്യത്യസ്തത തേടി നമ്മളലഞ്ഞു.
ഒരുപാടു കഴുകുകളെയും അവരുടെ
പരാക്രമങ്ങളിൽ ഭീതിദരായവരെയും
നീ കണ്ടു, നിന്നിലൂടെ ഞാനും.
മനസ്സിനെ മരവിപ്പുപോലെ ബാധിക്കുന്ന
ഒത്തിരി കാര്യങ്ങളിലൂടെയുള്ള സഞ്ചാരം.

എൻ്റെ ഏകൈകഗുരുവായിരുന്നു നീ.
ചിന്തകളുടേയും ചെയ്തികളുടേയും
കൂട്ടലും കിഴിക്കലും ഹരണവും,
ഗുണനവും നീയെന്നെ പഠിപ്പിച്ചു.
മനസ്സിലെ മൃദുലവികാരങ്ങൾക്ക്
വെള്ളവും വളവും കൊടുക്കാതെ
എങ്ങനെ മുരടിപ്പിച്ചെടുക്കാമെന്ന്
നമ്മൾ ഗവേഷണങ്ങൾ നടത്തി.

അലിഞ്ഞുചേരുന്നതിലുള്ള
സുഖങ്ങളിൽ അഹങ്കരിച്ചുകൊണ്ട്,
അകന്നുപോകുന്നവരെ പരിഹസിച്ചു.
ജീവിതമൊന്നേയുള്ളൂവെന്നും
കൈവിട്ടാൽ തിരികേ ലഭിക്കില്ലെന്നും
നീയെന്നെ പഠിപ്പിച്ചുകൊണ്ടിരുന്നു.
പഞ്ചബാണങ്ങളുമായി നിൻ്റെ ശത്രുക്കൾ പതിയിരിക്കുന്നയിടങ്ങൾ കാട്ടിത്തന്നു.
സ്വത്വമില്ലാത്തയെനിക്കില്ലല്ലോ ശത്രുക്കൾ!
കണ്ണുകൾ സദാ നിനക്കായി ജാഗരൂകമായി.

ആവർത്തനവിരസമായ ദിനങ്ങളിൽ
നിൻ്റെ ചിന്തകൾ കൂടുവിട്ടുകൂടുമാറിയത്
എന്നിലെൻ്റേതായ ഒന്നുമില്ലാഞ്ഞിട്ടാവാം.
മറ്റുള്ളവരുടെ സ്വത്വത്തിൽ ജീവിക്കുമ്പോൾ
കൊള്ളിയില്ലാത്ത തീപ്പെട്ടിപോലെ മനസ്സ്.

എൻ്റെ വിധേയത്വം വിനയായിപ്പോയെന്ന്
നിൻ്റെ അവഗണന വിളിച്ചോതുന്നു.
കാലം അങ്ങനെ തന്നെയാണല്ലോ
ഇന്നുള്ളതായിരിക്കില്ല നാളെ കാണുക!
നാളെകളെ ഇന്നിൻ്റെ മനസ്സിൽക്കുരുക്കി
പീഡിപ്പിക്കുന്നവർക്കാണ് വിജയം.
ഭാവിയിലേക്കൊന്നും കരുതാത്തവർ മൂഢർ.
നിന്നെ ഞാൻ കുറ്റപ്പെടുത്തുകയില്ല,
നീ തന്ന മഹത്തായ ഈ പാഠത്തിന്.

ഇന്നു ഞാനെൻ്റെ സ്വത്വം തേടുന്നു..
കാക്ക കൊത്തിയ അസ്ഥിപഞ്ജരത്തെ.
തിരിച്ചുപോകണമിനി തുടക്കത്തിലേക്ക്
എന്നെ നിനക്കു പണയംവെച്ചയിടത്തേക്ക്.
ഇനിയൊരാളും മോഹിച്ചുപോകാത്ത,
മജ്ജയും മാംസവും ചോരയുമില്ലാത്ത,
ദ്രവിച്ച സ്വത്വത്തെ വാരിപ്പുണർന്നുകൊണ്ട്
ശിഷ്ടകാലം ഞാനായി ജീവിക്കാൻ.

- ജോയ് ഗുരുവായൂർ

Comments

Popular posts from this blog

സന്ധ്യയുടെ കാമുകന്‍

അകലേ, മൊട്ടക്കുന്നുകളില്‍ അവിടവിടെയായി നിലകൊണ്ട കാറ്റാടിമരങ്ങളുടെ ചില്ലകള്‍, കലിതുള്ളുംഭൂതങ്ങളെപ്പോലെ കാറ്റിലുലയുന്നത് അലസമായിവീക്ഷിച്ചുകൊണ്ട് സന്ധ്യ, തന്‍റെ കൊച്ചുകുടിലിന്റെ ഉമ്മറത്തിണ്ണയിലെരിയുന്ന ദീപത്തിന്‍റെ ഇത്തിരിവെട്ടത്തില്‍ ഇരുന്നു. കുന്നിറങ്ങി, അനസ്യൂതം പ്രവഹിക്കുന്ന മന്ദമാരുതന്‍, പ്രകാശത്തിനു വലയംവെക്കുന്ന ചെറുപ്രാണികള്‍ നിയന്ത്രണംവിട്ട് നാളത്തിനിരയാകുമ്പോഴുണ്ടാകുന്ന ഗന്ധത്തെ, എരിയുന്ന എണ്ണയുടേതുമായി ലയിപ്പിച്ച്, ഒരു പുതിയഗന്ധം സൃഷ്ടിച്ചു. അവളുടെ, വിടര്‍ത്തിയിട്ട, ഈറനണിഞ്ഞ കാര്‍ക്കൂന്തലില്‍കുരുങ്ങിയ ചില പേരറിയാപ്രാണികള്‍ രക്ഷപ്പെടാനായി അശ്രാന്തപരിശ്രമം നടത്തി. ‍ ഇരതേടിവലഞ്ഞ് ഉമ്മറത്തിന്‍റെ ഇരുണ്ടൊരു മൂലയിരുന്ന കരിമ്പൂച്ചയുടെ ആര്‍ത്തിക്കണ്ണുകള്‍ അവളുടെ മനസ്സില്‍ ഭീതിയുടെ വിത്തുകള്‍പാകി. കാമുകനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉത്സുകതയും ജിജ്ഞാസയുംമൂലം അവളുടെ മനോഹരനയനങ്ങള്‍ പനിനീര്‍ദളങ്ങളിലെ മഞ്ഞുതുള്ളിപോലെ തിളങ്ങി. കുന്നിന്‍ചരുവിലെ ശ്രീകോവിലില്‍നിന്നൊഴുകിയ സന്ധ്യാവന്ദനശീലുകള്‍ അവസാനഘട്ടത്തിലേക്കു പ്രവേശിച്ചു. തിണ്ണയിലിരുന്ന ദീപം അരണ്ടരണ്ടൊടുവില്‍ കരിന്തിരികത്തി. വി...

ചെമ്പരത്തി

പ്രണയഭാവങ്ങളാവോളമവളുടെ ചൊടിയിണകളിൽ കുങ്കുമംപൂശവേ, നടവഴിയിലൂടന്നു മന്ദമായ് പാറിയാ മധുനുകരുവാ,നാർത്തിപൂണ്ടെന്മനം .. പതിയേവന്നൊരാ കാറ്റിലാമോദത്താൽ ചിരിപകർന്നു നീയെന്നെ വിളിച്ചതും പിച്ചിപ്പൂക്കളിൽ സ്വയംമറന്നിടാതന്നുഞാൻ നിൻപ്രണയത്തിലണയാൻകൊതിച്ചതും .. കൃഷ്ണവർണ്ണമാമെന്മുഖം നിന്നുടെ മൃദുകരാംഗുലി ലാളനമേല്ക്കവേ ഹൃദയസിരകളിലൂറുമാ,സ്നേഹത്തെ മുഴുവനായന്നു നീയെനിക്കേകിയോ?... ഉഴലുമെന്നുടെ ഹൃത്തിനൊരായിരം സ്നേഹചുംബനം നീട്ടി, നീ നില്ക്കവേ .. ജന്മാന്തരങ്ങൾ തന്നത്ഭുതവീഥിയിൽ പാടേമറന്നു നാം വാരിപ്പുണർന്നുവോ? വന്നൊരാ പേമാരിതൻ തള്ളലിൽ ആകെ നനഞ്ഞുനാമൊന്നിച്ചുനീങ്ങവേ .. പിരിയുകില്ലിനി നാമൊരുനാളിലും എന്നനിൻവാക്കും പാഴ്വാക്കായിതോ?... ദിനം കറുപ്പിച്ചെത്തിച്ചേര്‍ന്നൊരാ ആകസ്മികമാം ചിന്തകളിലുരുവാം  നീരസംനുരഞ്ഞ നിന്‍മനസ്സിലെൻ ഹൃദയം വെറുമൊരു ചെമ്പരത്തിയോ?!! - ജോയ്  ഗുരുവായൂർ

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...