ശരികൾക്കു കാഴ്ചയിൽ ശ്വേതവർണ്ണവും
തെറ്റുകൾക്കു ശ്യാമവുമായിരിക്കാം.
എന്നാൽ, തെറ്റുകളുടെ "തെറ്റുകളിൽ"നിന്നാണ്,
"ശരി"യ്ക്കും ശരികൾ ജനിക്കുന്നത്!
തെറ്റുകളുടെ സന്താനങ്ങൾ,
ശുഭ്രവസ്ത്രം ധരിക്കുന്നതോടെ,
സമൂഹമംഗീകരിക്കുന്ന,
ശരികളുടെ വക്താക്കളാകുന്നു!
തെറ്റുകൾ മറയ്ച്ചുവെക്കാത്തവരെ,
കല്ലെറിയലാണവരുടെ കർത്തവ്യം.
തെറ്റുചെയ്യുന്നവരോടുള്ള "കണ്ണുകടി",
അല്ലാതെ വേറെന്തുപറയാൻ?
ശ്രുഭ്രവസ്ത്രങ്ങളിലോരോന്നിലും,
പൂർണ്ണനഗ്നരായി മദനംനടത്തി,
സ്ഖലിക്കാൻ വെമ്പിനിൽക്കുന്ന
കറുകറുത്ത തെറ്റുകളാണുള്ളത്!
അനുകൂല സാഹചര്യങ്ങളിൽ,
ശുഭ്രവസ്ത്രം വലിച്ചുകീറി, ഇരുൾപ്പറ്റി,
അവ പുറത്തേക്കു തെറ്റുന്നു,
പാപങ്ങൾ ചെയ്തുകൂട്ടുവാൻ!
പാപങ്ങളിലൂടെ തെറ്റുകളുടെ,
രതിവൈകൃതങ്ങൾ നടക്കുന്നു.
പിഴച്ചുപെറ്റ സന്തതികൾ,
വാൽമാക്രികളെപ്പോലെ ചിതറുന്നു.
വെള്ളത്തുണികൾ വാരിയുടുത്ത്,
അവർ ശരികളായി ജീവിക്കുന്നു.
ശരികളുടെ സന്തതിപരമ്പര,
നിലനിന്നുപോരുന്നത് അങ്ങനെയത്രേ!
- ജോയ് ഗുരുവായൂർ
Comments
Post a Comment