Skip to main content

പള്ളിമണികള്‍

പള്ളിമണിമാളികയില്‍നിന്നും,
അന്നുയര്‍ന്ന ഒറ്റമണിനാദങ്ങള്‍
ഇന്നുമെന്‍ നോവുംഹൃദയത്തില്‍ 
ദുഖത്തിന്‍ വെള്ളിടികളായ്
നിരന്തരം അലയടിക്കുന്നൂ....
   
ഉച്ചവെയിലിന്‍ പ്രകാശത്തില്‍
കണ്ണടച്ചിരുട്ടാക്കിയുറങ്ങിയ മൂങ്ങകള്‍
കാതടക്കും മണിനാദത്തിലിടറി,
എന്നെയുരുവാക്കിയ  ആത്മാവിനുകൂട്ടായി   
ലക്ഷ്യമറിയാതെയെങ്ങോ പറന്നൂ. 

എന്നെയൊരുപാടേറ്റിയ തോളുകളിതാ
ശവംനാറിപ്പൂക്കളാലലംകൃതമായി
മെഴുകിന്‍റെയും കുന്തിരിക്കത്തിന്‍റെയും
സാമ്പ്രാണിയുടെയും ഗന്ധത്തില്‍മുഴുകി
നിത്യവിശ്രമം തുടങ്ങാനൊരുങ്ങുന്നൂ.
   
വാവിട്ടലക്കും  രക്താംശുക്കള്‍ത്തന്‍.
രോദനങ്ങള്‍ കേട്ടില്ലെന്നുനടിച്ച്,
ശുഭ്രവസ്ത്രധാരിയായി, മുടിയുംചൂടി,
ദൂരെയേതോ സ്വര്‍ഗ്ഗമാളിക ലക്ഷ്യമാക്കി,
താതനിതാ പോകാനൊരുങ്ങുന്നൂ.   

പ്രവാസമൊരുക്കിയ അരക്കില്ലത്തില്‍
സന്ദേശം ലഭിച്ചവഴിയോടിയണഞ്ഞിട്ടും,
എന്തേയൊരുവാക്കുച്ചരിക്കാതെ, താതാ
ഏതോ നിശ്ചയദാര്‍ഢ്യയത്തിലെന്നവണ്ണം,
ഞങ്ങളെ കൂട്ടാതെ യാത്രക്കൊരുങ്ങുന്നൂ?
   
തന്നനന്ത സ്നേഹവായ്പ്പുകള്‍
ഒരു കടലായേറ്റുവാങ്ങിയ മക്കള്‍
പൊഴിക്കുന്ന കണ്ണുനീറലയടിക്കും
സാഗരത്തിലെ കടലാസ്സുതോണിയിലേറി,
തുഴയെറിഞ്ഞകലാനൊരുങ്ങുന്നുവോ?...
   
എന്നെയേറ്റിയ തോളുകളെന്‍തോളിലേറി
ആറടികീറിയ മണ്ണിലേക്ക് നീങ്ങുമ്പോഴും
എന്‍കര്‍ണ്ണങ്ങളെത്ര കൊതിച്ചു താതാ,
നിന്‍മനസ്സിലെയഴലില്‍ പൊതിഞ്ഞൊരു,
സ്നേഹസാന്ത്വനത്തിന്‍ യാത്രാമൊഴികള്‍.

പള്ളിമണിമാളികയില്‍നിന്നും
അന്നുയര്‍ന്ന ഒറ്റമണിനാദങ്ങള്‍
ഇന്നുമെന്‍ നോവുംഹൃദയത്തില്‍ 
ദുഖത്തിന്‍ വെള്ളിടികളായ്
നിരന്തരം അലയടിക്കുന്നൂ.

  - ജോയ് ഗുരുവായൂര്‍  

Comments

Popular posts from this blog

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...

ചട്ടി

"കിട്ട്യാ ഊട്ടി പോയാ ചട്ടി" എന്നൊക്കെയായിരിക്കും ചട്ടിയെപ്പറ്റി കേൾക്കുമ്പോൾ ആദ്യം ചിലരോർക്കുന്നത്. ചട്ടിയും കലവുമായാൽ തട്ടീം മുട്ടീന്നൊക്കെ വരുമെന്ന, പഴംചൊല്ലൊന്നുമിപ്പോൾ, ചട്ടിക്കവകാശപ്പെടാനില്ല! ഇന്നലെ ഗ്രൂപ്പിൽ കണ്ടില്ലല്ലോ, പെണ്ണുമ്പിള്ള ചട്ടിയേറ് നടത്തിയോ? അഥവാ ചട്ടി ചൂടാക്കിയില്ലേ? ഉള്ള ചട്ടി പൊട്ടിക്കാതെ നോക്കെടാ/ടീ.. മറ്റുള്ളോരുടെ ചട്ടിയിൽ കയ്യിട്ടുവാരല്ലെടാ ഉവ്വേ.. എന്നൊക്കെയാണ് ചട്ടിയുടെ പുതിയ റേഞ്ചുകൾ! ആരൊക്കെ അവഗണിച്ചാലും ചട്ടിയിന്നും ചട്ടിയാണ്! ചട്ടിപൊട്ടിപ്പോയാൽ എല്ലാം തീരും! ചട്ടിയെപ്പറ്റിയൊരുവാക്കും പറയരുതെന്നു ദേഷ്യപ്പെട്ടുകൊണ്ട്, നിറുത്തട്ടേ... നമോവാകം. ജോയ് ഗുരുവായൂർ

സ്വത്വം ഉപേക്ഷിക്കപ്പെടുമ്പോൾ..

ഒരു കവിയല്ലാതിരുന്നിട്ടുമെന്നെക്കൊണ്ട് കവിതയെഴുതിക്കുന്നത് നീയാണ്. കവിതകൾ ജനിക്കുന്നത് മിക്കപ്പോളും അസ്കിതകളിൽനിന്നാണ്. അല്ലലുകൾ ആത്മാവിനെ തുരക്കുമ്പോൾ മനസ്സ് കവിതയെ ഗർഭം ധരിക്കുന്നു. ആത്മാർത്ഥതയും ജീവിതവുമായുള്ള പൊരുത്തക്കേടുകളാണ്, മിക്ക കവിതകളും കരയുന്നത്! നിൻ്റെ മുഖമാകുന്ന കണ്ണാടിയിലും മനസ്സാകുന്ന മഹാസമുദ്രത്തിലും ഉടലാകുന്ന പർവ്വതനിരകളിലും എൻ്റെ കണ്ണുകളും മനസ്സും ഉടലും ഉടക്കിക്കിടന്നിരുന്നതിൻ്റെ തപ്തനിശ്വാസങ്ങളാണീ വരികൾ. നീയെന്നിലേക്ക് ഒഴുക്കിവിട്ട ഒരോരോ ഭാവങ്ങളും ചലനങ്ങളും എന്നെ നീയാക്കിമാറ്റുകയായിരുന്നു. നീയാഗ്രഹിച്ചതുമാത്രം ചെയ്യുന്ന നീയായിമാറിയിരുന്നു ഞാൻ. വ്യക്തിത്വം പണയപ്പെടുത്തിയപ്പോൾ നിൻ്റെ കണ്ണുകൾ എനിക്കു കിട്ടി, നിന്നുടെ കാഴ്ചപ്പാടുകൾ എൻ്റെയുമായി. അനാഥമാക്കപ്പെട്ട എൻ്റെ സ്വത്വം കടപ്പുറത്ത് കാക്ക കൊത്തിവലിച്ചു. നീ പറക്കുകയായിരുന്നു.. കൂടെ ഞാനും. വികാരങ്ങളുടെ ഉത്തുംഗശൃംഗങ്ങളിൽ വ്യത്യസ്തത തേടി നമ്മളലഞ്ഞു. ഒരുപാടു കഴുകുകളെയും അവരുടെ പരാക്രമങ്ങളിൽ ഭീതിദരായവരെയും നീ കണ്ടു, നിന്നിലൂടെ ഞാനും. മനസ്സിനെ മരവിപ്പുപോലെ ബാധിക്കുന്ന ഒത്തിരി കാര്യങ്ങളില...