പോളപ്പുല്ലുകളിളകിയൊഴുകുമീയരുവി യില്‍,
പാളത്തൊപ്പിതന്‍ തണല്‍ ചൂടാറുണ്ടിരുവരും.
പീലിയെഴുംനിന്‍ മിഴിയിണകളിലെന്‍മിഴി നട്ട്,
പാട്ടിന്നീരടികളിലലിഞ്ഞുലയുമോടം തുഴഞ്ഞു നാം.
പാടങ്ങളില്‍ പച്ചപ്പെത്തിക്കുമീപ്പുഴതന്‍ കൈവരിയില്‍,
പരല്‍മീന്‍കൊത്താന്‍ നിരന്നിരിക്കും കൊറ്റിക്കൂട്ടങ്ങളും,
പാടിപ്പറന്നു കതിര്‍പെറുക്കും പനംതത്തകളും,
പാരം കരളുകളില്‍ കുളിരേകിയ കാലമതോര്‍പ്പൂ.
കാലമിതുവരേയറിയാത്ത വഴികളിലൂടെയനവരതം
കടന്നുപോകവേ, കൈമോശംവന്നുപോയൊരാ
കതിരമാം സൌന്ദര്യം, കതിരവന്‍ കട്ടെടുത്തതോ-
ക്കാര്‍മുകിലിന്‍ പിണക്കങ്ങളിലിന്നന്യമായതോ?!
മുളംകാടുകളുടെയീണം ശ്രുതിയിട്ടയിളംകാറ്റില്‍
മുഖമിളക്കും, മരതകക്കതിരുകള്‍നിറയും പാട-
മിന്നെന്തേ മരുവുന്നു, വിള്ളലുകളൊരുപാടുവീണ
മാറിടവും, വിണ്ടുകീറിയൊരു മാനസവുമായ്?
മത്സ്യങ്ങളായിരം മുങ്ങാംകുഴിയിട്ട പുഴതന്‍
മടിത്തട്ടിതാ കിടക്കുന്നു, മരുവും മാനവര്‍തന്‍
മണിമാളികകള്‍പണിയാന്‍ രാവുംപകലും
മണ്ണെടുത്ത, മായാത്തമുറിവുകളും പേറി...
ഞവരകള്‍ പൂക്കാത്ത... തവളകള്‍ കരയാത്ത...
ഞണ്ടുകള്‍ കുറുകെയോടാത്തോരീ വയല്‍വരമ്പില്‍
ഞാന്‍ തിരഞ്ഞല്ലോയിന്നെന്‍ ഞാറ്റുവേലക്കിളിയേ..
ഞാനിനി വരികില്ലെന്നോര്‍ത്തു നീയുമൊരോര്‍മ്മയായോ?!
- ജോയ് ഗുരുവായൂർ
Comments
Post a Comment