Skip to main content

ഡാ.. നില്ക്കെടായവിടേ....

കഥയില്‍ ചോദ്യമില്ലെത്രേ!.. 
കഥയില്‍ ചോദ്യമില്ലെന്നുംപറഞ്ഞ്
വലിയാന്‍നോക്കുന്ന കള്ളക്കഥയുടെ
കോളര്‍ പിടിച്ചുവലിച്ചുനിറുത്തി
നാലു ശകാരിക്കട്ടേ...

മൊഴിമാറ്റിപ്പറയുന്ന പ്രതിയെപ്പോലെ 
ഒരുമാതിരി നീ
സന്ത്രാസപ്പെടുന്നതും
അങ്ങോട്ടുമിങ്ങോട്ടും വിറയലോടെ 
കള്ളക്കണ്ണിട്ടുനോക്കുന്നതും
ഞങ്ങളിടക്കൊക്കെ കാണുന്നതാ .

ഞങ്ങള്‍  ക്ഷമിക്കുമായിരുന്നു
നീയൊരു,
കവിതയായിരുന്നുവെങ്കില്‍..
കടക്കണ്ണുകള്‍ കൊണ്ടുള്ള നോട്ടങ്ങളും
അര്‍ത്ഥംവച്ചുള്ള  വാക്കുകളുമൊക്കെ 
അവള്‍ക്കു പറഞ്ഞിട്ടുള്ളതാണല്ലോ!

ദുര്‍ഗുണപരിഹാരപാഠശാല
എന്നു കേട്ടിട്ടുണ്ടോ, അത് കാണണോ?

ബന്ധുക്കളെ അപ്പോയിന്റ്റ്  ചെയ്തവരും
നോട്ടെണ്ണുന്ന യന്ത്രത്തില്‍
കൈക്കൂലി തിട്ടപ്പെടുത്തുന്നവരും
ബ്ബ ബ്ബ ബ്ബായെന്നും പറഞ്ഞ്
ആടിനെ  പട്ടിയാക്കുന്നവരും
ഉണ്ടല്ലോയെന്നു വാദിക്കേണ്ടാ.. 

അവര്‍ അവരവരുടെ "ജോലി"
വൃത്തിയായി ചെയ്യുന്നുവെന്ന്
പറയാന്‍ ആളുകളൊത്തിരികാണും. 

നീയൊരു 'കഥ'യാണെന്നയോര്‍മ്മ,
നിന്‍റെയുള്ളില്‍ത്തന്നേ വേണം
നിന്‍റെ വാക്കുകള്‍  ഋജുവും 
അനുവാചകനെറ്റികള്‍   
ചുളിപ്പിക്കുന്നതുമാവരുത്.
അവിടെയുമിവിടേയും തൊടാതെ
ബിംബപ്രതിഷ്ഠകളില്‍ തൊട്ടുതലോടി,
ലോകരെ, ആശയക്കുഴപ്പത്തിലാക്കാനുള്ള
അധികാരമൊന്നും നിനക്കില്ലാ..

അണ്ണാന്‍ ചാടണകണ്ട് മണ്ണാന്‍ ചാടിയാലോ! 
കവിതയുടെ കണ്ണേറില്‍ മയങ്ങി,
അവരവരുടെ ഭാവനയില്‍ തെന്നി,
നിലംപരിശാവുന്നവരെ കണ്ട്.
കഥിക്കാന്‍ നീ നോക്കിയാല്‍,
നിന്‍റെ കഥ കഴിയും അത്രതന്നേ. 
നിന്‍റെ കെട്ടുംമട്ടുമൊന്നും അതിനുള്ളതല്ലാ..

കഥ വന്നു കവിതയില്‍ വീണാലും
കവിതവന്ന് കഥയില്‍ വീണാലും
ഒരു പുഞ്ചിരിയുടെ ജാമ്യത്തില്‍,
അവള്‍, കവിത, തടിയൂരിപ്പോയെന്നുംവരാം
പക്ഷേ, നീയൊരു ആണ്‍കുട്ടിയാണ്,
പറയാനുള്ളത് മുഖത്തുനോക്കി
ചങ്കൂറ്റത്തോടെത്തന്നേ പറയണം..

- ജോയ്  ഗുരുവായൂര്‍

Comments

Popular posts from this blog

സന്ധ്യയുടെ കാമുകന്‍

അകലേ, മൊട്ടക്കുന്നുകളില്‍ അവിടവിടെയായി നിലകൊണ്ട കാറ്റാടിമരങ്ങളുടെ ചില്ലകള്‍, കലിതുള്ളുംഭൂതങ്ങളെപ്പോലെ കാറ്റിലുലയുന്നത് അലസമായിവീക്ഷിച്ചുകൊണ്ട് സന്ധ്യ, തന്‍റെ കൊച്ചുകുടിലിന്റെ ഉമ്മറത്തിണ്ണയിലെരിയുന്ന ദീപത്തിന്‍റെ ഇത്തിരിവെട്ടത്തില്‍ ഇരുന്നു. കുന്നിറങ്ങി, അനസ്യൂതം പ്രവഹിക്കുന്ന മന്ദമാരുതന്‍, പ്രകാശത്തിനു വലയംവെക്കുന്ന ചെറുപ്രാണികള്‍ നിയന്ത്രണംവിട്ട് നാളത്തിനിരയാകുമ്പോഴുണ്ടാകുന്ന ഗന്ധത്തെ, എരിയുന്ന എണ്ണയുടേതുമായി ലയിപ്പിച്ച്, ഒരു പുതിയഗന്ധം സൃഷ്ടിച്ചു. അവളുടെ, വിടര്‍ത്തിയിട്ട, ഈറനണിഞ്ഞ കാര്‍ക്കൂന്തലില്‍കുരുങ്ങിയ ചില പേരറിയാപ്രാണികള്‍ രക്ഷപ്പെടാനായി അശ്രാന്തപരിശ്രമം നടത്തി. ‍ ഇരതേടിവലഞ്ഞ് ഉമ്മറത്തിന്‍റെ ഇരുണ്ടൊരു മൂലയിരുന്ന കരിമ്പൂച്ചയുടെ ആര്‍ത്തിക്കണ്ണുകള്‍ അവളുടെ മനസ്സില്‍ ഭീതിയുടെ വിത്തുകള്‍പാകി. കാമുകനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉത്സുകതയും ജിജ്ഞാസയുംമൂലം അവളുടെ മനോഹരനയനങ്ങള്‍ പനിനീര്‍ദളങ്ങളിലെ മഞ്ഞുതുള്ളിപോലെ തിളങ്ങി. കുന്നിന്‍ചരുവിലെ ശ്രീകോവിലില്‍നിന്നൊഴുകിയ സന്ധ്യാവന്ദനശീലുകള്‍ അവസാനഘട്ടത്തിലേക്കു പ്രവേശിച്ചു. തിണ്ണയിലിരുന്ന ദീപം അരണ്ടരണ്ടൊടുവില്‍ കരിന്തിരികത്തി. വി...

ചെമ്പരത്തി

പ്രണയഭാവങ്ങളാവോളമവളുടെ ചൊടിയിണകളിൽ കുങ്കുമംപൂശവേ, നടവഴിയിലൂടന്നു മന്ദമായ് പാറിയാ മധുനുകരുവാ,നാർത്തിപൂണ്ടെന്മനം .. പതിയേവന്നൊരാ കാറ്റിലാമോദത്താൽ ചിരിപകർന്നു നീയെന്നെ വിളിച്ചതും പിച്ചിപ്പൂക്കളിൽ സ്വയംമറന്നിടാതന്നുഞാൻ നിൻപ്രണയത്തിലണയാൻകൊതിച്ചതും .. കൃഷ്ണവർണ്ണമാമെന്മുഖം നിന്നുടെ മൃദുകരാംഗുലി ലാളനമേല്ക്കവേ ഹൃദയസിരകളിലൂറുമാ,സ്നേഹത്തെ മുഴുവനായന്നു നീയെനിക്കേകിയോ?... ഉഴലുമെന്നുടെ ഹൃത്തിനൊരായിരം സ്നേഹചുംബനം നീട്ടി, നീ നില്ക്കവേ .. ജന്മാന്തരങ്ങൾ തന്നത്ഭുതവീഥിയിൽ പാടേമറന്നു നാം വാരിപ്പുണർന്നുവോ? വന്നൊരാ പേമാരിതൻ തള്ളലിൽ ആകെ നനഞ്ഞുനാമൊന്നിച്ചുനീങ്ങവേ .. പിരിയുകില്ലിനി നാമൊരുനാളിലും എന്നനിൻവാക്കും പാഴ്വാക്കായിതോ?... ദിനം കറുപ്പിച്ചെത്തിച്ചേര്‍ന്നൊരാ ആകസ്മികമാം ചിന്തകളിലുരുവാം  നീരസംനുരഞ്ഞ നിന്‍മനസ്സിലെൻ ഹൃദയം വെറുമൊരു ചെമ്പരത്തിയോ?!! - ജോയ്  ഗുരുവായൂർ

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...