Skip to main content

സംവൃതാനുരതി

നിന്റെ പേര് ഞാന്‍ പറയാത്തത്,
നിന്നെ ഓര്‍മ്മയില്ലാതെയും,
പേരും മുഖവും മറന്നത് കൊണ്ടും,
ആണെന്ന് നീ കരുതുന്നുണ്ടാവും?

അറിയാമെനിക്കു നിന്റെയുള്ളിലുരുകുമാ,
അസ്വസ്ഥഹൃദയത്തില്‍ വേവലാതികള്‍.
സുഹൃത്തേ വിഷമിക്കണ്ടാ..
ഒറ്റുകൊടുക്കില്ല ഒരിക്കലും,
ഹൃദിസ്ഥമാണെങ്കിലും നിന്റെ പേര്‍.

കപടമാണെന്നറിഞ്ഞിട്ടും നിന്റെയാ,
കണ്ണുകളില്‍ തിളങ്ങിയിരുന്ന പ്രകാശം,
എന്റെ കലുഷിതമാംമനസ്സിലൊരിത്തിരി,
സാന്ത്വനത്തിന്‍രശ്മികള്‍ വിതറിയിരുന്നു.
നിന്റെ ശരീരത്തിന്റെ വ്യാധികള്‍ക്ക് നീ,
എന്നില്‍ ഔഷധം കണ്ടെത്തുമ്പോഴും നീയെനിക്കൊരു
ഇടപാടുകാരന്‍ മാത്രമായിരുന്നില്ല.

മാസ്മരികമായ നിന്റെ കാന്തിയില്‍നിന്നും,
അനുവാദമാരായാതെ ഞാനും ഒരിത്തിരി കുളിര്‍,
എന്റെ മനസ്സിലെ ആധികളിലേക്ക് പകര്‍ന്നിരുന്നു.
നീയുമായി ചെലവഴിച്ച നിമിഷങ്ങളൊക്കെയും,
അസുലഭങ്ങളുടെ പട്ടികയില്‍ ഞാനെഴുതി വച്ചു.

പ്രതീക്ഷിക്കാനും അവകാശപ്പെടാനുമാവില്ലെങ്കിലും,
ആശകള്‍ മുരടിച്ച എന്റെ മനസ്സ്,
നിന്നില്‍നിന്നിത്രമാത്രം ആഗ്രഹിച്ചു.
ആ മനംമയക്കുംപുഞ്ചിരിയും,
നിന്നില്‍നിന്നും നീയറിയാതെയൊഴുകും,
ആ വാത്സല്യത്തിന്‍കൊച്ചരുവികളും.

നിന്നോടെനിക്ക് പ്രണയമുണ്ടായിരുന്നില്ല നീരസവും,
സഹതാപത്തിലുരുവായ സ്നേഹം മാത്രം.
കാരണം എന്റെ കണ്ണുകള്‍ക്ക്‌ നേരെ വന്ന,
നിന്മുഖത്തിനു ക്രൌര്യവര്‍ണ്ണമായിരുന്നില്ല.
ഞാന്‍ ശ്വസിച്ച നിന്‍ നിശ്വാസങ്ങള്‍ക്ക്,
പീഡനത്തിന്റെ കൃഷ്ണതയും.

ഇതുവരെയും എന്റെ ചൂട് തേടിയണഞ്ഞ,
ജനാശനന്മാരില്‍ ഒരിക്കലും കാണാത്ത,
നിന്‍ നിഷ്ക്കളങ്കഭാവമീ മനസ്സ് വരണ്ട,
വേഴാമ്പലിനൊരു മൃഗതൃഷ്ണയായ്.

സാഹചര്യങ്ങളൊരുക്കിയ ഈ കെണിയില്‍,
ശ്വാസംമുട്ടിമരിക്കുന്നനാള്‍വരെയും നിനക്കായി,
ഇനിയും ഈ വാതായനങ്ങള്‍ തുറന്നിടും.
എന്നോടൊപ്പം പങ്കിട്ടനിമിഷങ്ങള്‍ ഒരായിരം
ദുസ്വപ്നങ്ങളായി നിന്നെയാക്രമിക്കും,
എന്ന് നീയൊരിക്കലും ആശങ്കപ്പെടണ്ടാ.
പശ്ചാത്തപിക്കേണ്ട.. എന്നോട് ചെയ്തെന്നു
നീ കരുതുന്ന സാമൂഹ്യതിന്മയെക്കുറിച്ചും.

എന്നെപ്രതി നിന്റെമേലൊരുതരിമണ്ണ്
വീഴാതിരിക്കാന്‍ ആണല്ലോ,
സമൂഹം പാപക്കറ നിറച്ചയെന്‍ ഹൃദയത്തിലെ,
ആരും കടന്നെത്താത്തൊരിരുണ്ട മൂലയില്‍
പാതിവ്രത്യത്തിന്‍ ചുവന്ന പട്ടില്‍ പൊതിഞ്ഞു.
നിന്റെ പേര് ഞാനെഴുതിയൊളിപ്പിച്ചിരിക്കുന്നത്.

നീ അനുവദിച്ചാലും ഇല്ലെങ്കിലും,
നീയൊരിക്കലും അറിയാതെ,
നിന്റെ മനസ്സിനെ നൊമ്പരപ്പെടുത്താതെ,
നിനക്കൊട്ടും ഇഷ്ടമില്ലെന്നാലും,
എന്റെ സ്വപ്നത്തിലെ രാജകുമാരനായ്,
വാഴിക്കും നിന്നെ,
എന്റെ മനസ്സിലും ഹൃത്തിലും,
എണ്ണതീരുമീമണ്‍ചെരാതില്‍,
പടുതിരികത്തിയമരുംവരേ...

- ജോയ് ഗുരുവായൂര്‍

Comments

Popular posts from this blog

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...

ഭസ്മാസുരൻ

നിനച്ചിരിക്കാതെ, നിർന്നിമേഷമായ് വേഷപ്പകർച്ചകളാടീടുന്നൊ- രതിഥിയിന്നിൻ്റെയസ്കിതയായ്! സ്നേഹമേറെ ഭാവിച്ചു കുരലിൽ, കൂടുകൂട്ടിയിട്ടൊരുദിനം, ജീവനെടുത്തങ്ങു പോയിടുന്നു. അതിഥിയൊരു ഭസ്മാസുരനായ്, ആതിഥേയരെ വിഴുങ്ങുവതിനായ്, ആർത്തിയോടടുക്കുന്നു നിത്യവും. ഓടിയൊളിക്കയാണാതിഥേയർ, കിട്ടിയ കൂരകൾത്തന്നിലാ- യഭയം തേടുവതൊന്നിനായ്. ശത്രുവദൃശ്യനാണെന്നു വരികിൽ മറഞ്ഞുനിൽക്കുകയഭികാമ്യ - മെന്നുചൊല്ലുന്നു ശാസ്ത്രവും. ദോഷവിത്തുകൾ വന്നുവീഴാതെ കാക്കുവാൻ കടകമ്പോളങ്ങൾ, കൊട്ടിയടച്ചുവെച്ചുപോൽ. നഗരം നിശ്ചലമായ്.. കൂകിയാർക്കും വാഹനവൃന്ദവും വിദ്യാലയങ്ങളും സിനിമക്കൊട്ടകയും നിന്നുപോയ്. വിമാനമില്ലാ തീവണ്ടിയില്ലാ തീ തുപ്പും, വ്യവസായശാലകളും ദേവാലയവും നിർജ്ജീവമായ്ക്കിടന്നിടുന്നു. തെരുവുകൾതൻ നിശാനിശബ്ദതയിൽ, സീൽക്കാരത്തുളകളിടും, തേന്മഴക്കാടുകളും മൗനമായ്. അപകടങ്ങളില്ല, ഭവനഭേദനങ്ങളും രോദനങ്ങളില്ലാ സ്ത്രീപീഡനവും. അഴിമതിക്കാരതും മറന്നുപോയ്. അതിജീവനത്തിന്നേകൈകചിന്തയാൽ മാനവകുലം, ജാതിമറന്നു നിരന്തരം മനമോടു മനം ചേർക്കുന്നു! നാനാത്വത്തിലേകത്വസന്ദേശം പാരിൽ, വിതറി, പണ്ടേ മതേതരചിന്തയി- ലഭിരമിച്ചിടും രാജ്യത്തെ രക്ഷിപ്പാൻ. - ജോയ് ഗുരുവായൂർ

എഴുതാൻവേണ്ടി മാത്രം!..

കവിതയെഴുതണമെന്നു കരുതിക്കൂട്ടിരചിച്ച, കവിതകളെ ഒരൊറ്റനോട്ടത്തിലറിയാം. കുറ്റപ്പെടുത്തലുകളുടെ കൂടുകൾ തുറന്നിട്ട്, ആത്മരതിയടയുന്ന കാവ്യാനുരണനങ്ങൾ! കശാപ്പുശാലകൾ നീളെ നടത്തുന്നവരുടെ അഹിംസാ സന്ദേശങ്ങളതിലുണ്ടാവും. കറുത്തമുഖം പൗഡറിട്ടുവെളുപ്പിക്കുന്നവരുടെ വർണ്ണവെറിവിരുദ്ധ പ്രതിഷേധങ്ങളും. മറഞ്ഞിരുന്ന് സ്ത്രീപീഡനംനടത്തുന്നവരുടെ സദാചാര മുഖംമിനുക്കലുകൾ കാണാം. കമിഴ്ന്നുകിടന്ന് കാപ്പണംനക്കുന്നവരുടെ അഴിമതിവിരുദ്ധ പ്രഘോഷണങ്ങളും. പുരോഹിതരുടെ കാൽ കഴുകിക്കുടിക്കുന്ന, മതേതരമൗലികവാദ സംഹിതകൾ കേൾക്കാം. മണലുവാരി മണിമന്ദിരംപണിഞ്ഞവരുടെ പ്രകൃതിസ്നേഹത്തിൻ സുന്ദരഗീതികകളും. സാഹചര്യമനുസരിച്ച് കളംമാറ്റിച്ചവിട്ടുന്നവരുടെ പ്രണയവിരഹശീലുകൾ വായിച്ചെടുക്കാം. ആദർശങ്ങളെ മുച്ചൂടും കത്തിയ്ക്കുന്നവരുടെ ധാർമ്മികരോഷത്തിൻ പ്രകടനങ്ങളും. മാതാപിതാക്കളെ മനസ്സാൽ നടതള്ളിയവരുടെ വയോവൃദ്ധജന സ്നേഹാതിരേകങ്ങൾ. സ്വരക്തബന്ധങ്ങളെ മറന്നുകൊണ്ടുകാട്ടുന്ന മാതാ,പിതാ,സഹോദര,മക്കൾ സ്നേഹങ്ങളും. മണ്ണിനെ ഓടിട്ടുമറച്ച് വീർപ്പുമുട്ടിക്കുന്നവരുടെ പ്രളയാനുശോചന,നിവാരണ ഒപ്പീസുകൾ. സ്വന്തമായൊരു കർമ്മവും ചെയ്യാതെയുള്ള, അപരർതൻ ചെയ്തികളുടെ വിമർശനങ്ങൾ. സാമൂഹ്യപ്രതിബദ്ധ...