Skip to main content

അഹംയു സഞ്ചിതിവാസം

കാപട്യങ്ങളരങ്ങുവാഴും ജീവിതംതന്‍
കനിവിന്നുറവകളടഞ്ഞ ചെയ്തികള്‍.
തന്‍കുഞ്ഞിനെ പൊന്‍കുഞ്ഞായൂട്ടുമ്പോള്‍
മറുകുഞ്ഞിന്‍വിലാപം കേള്‍ക്കാത്തവര്‍.

മുട്ട പുഴുങ്ങിയതിസമര്‍ത്ഥമായ് തനയനു,   
ചോറില്‍പ്പൂഴ്ത്തിവിളമ്പും മാതുലിയും,
പത്തായത്തിലൊളിപ്പിച്ച പലഹാരങ്ങള്‍
ഛന്നം, മാതുലമക്കള്‍ക്കേകുമച്ഛമ്മയും.

ഒരേയുത്തരത്തിനരമാര്‍ക്കുകുറച്ച്, തോഴിതന്‍
തനയനെയൊന്നാമതെത്തിക്കുമദ്ധ്യാപികയും,
സമപ്രായക്കാരാമനന്തരവരാവശ്യപ്പെട്ടതൊക്കെ,
വാങ്ങിക്കൊടുത്തെന്നെയവഗണിക്കുമച്ഛനും.

നാലാള്‍കാണ്‍കെ ഗുണദോഷിച്ചും ശകാരിച്ചും,
നല്ല 'പിള്ള'കള്‍ചമയും കാരണവന്മാരും,
പ്രവര്‍ത്തിപരിചയപരീക്ഷയ്ക്കെളുപ്പച്ചോദ്യം,
തന്‍പ്രിയര്‍ക്കുനല്കുന്ന കലാലയഗുരുവും. 

എന്‍-സൈക്കിളിന്‍ തണ്ടേറി നാടുചുറ്റിയിട്ടി-
ന്നമേരിക്കയിലിരുന്ന് പുച്ഛിക്കുന്നൊരുവനും,
കൊടുത്തകാശിന്,  ചെമ്മേ ചിരിച്ചുമയക്കി,
വസ്തുക്കള്‍ മായംചേര്‍ത്തേകും കടക്കാരനും.

തോളത്തുകയ്യിട്ട് രഹസ്യങ്ങള്‍ചോര്‍ത്തിയ-
ങ്ങവസരത്തിലൊറ്റും സഹപ്രവര്‍ത്തകരും, 
കഠിനാദ്ധ്വാനത്തിന്‍ സത്ഫലം, തഞ്ചത്തില്‍
കവര്‍ന്നങ്ങു കീര്‍ത്തിനേടും മേലാളനും.

ജീവിതം പകുത്തുനല്കി സ്നേഹിച്ചതിനാ-
സ്നേഹമൊരധികാരമാക്കിഭരിക്കും ഭാര്യയും,
പലിശയ്ക്കെടുത്തൊരു കാശും, കടംവാങ്ങി,
വിവരം തരാന്‍പോലുംമുതിരാത്ത തോഴരും.

തേവയിലലിവു തോന്നി നീട്ടിയ, ധനസഹായം
മടക്കീടാതെ സ്വഭവനം മോടികൂട്ടുന്നവരും,
ഇഷ്ടമുള്ള സഖിയെ തിരഞ്ഞെടുത്തതിലൊട്ടു-
മിഷ്ടം കാണിച്ചീടാത്തൊരു ബന്ധുജനങ്ങളും.

തിരക്കെന്നു ചൊല്ലി ക്ഷിപ്രമപ്രത്യക്ഷരായ്,
കാമുകിയോട് സല്ലപിക്കും കൂട്ടുകാരനും.
ഉപവാസത്തിന്‍ പ്രാര്‍ത്ഥനയുമോതിയി-
ട്ടിരുളിന്‍മറയില്‍ ഭുജിക്കുമാചാര്യനും.

ഭാവുകങ്ങളേകുമ്പോഴും ഉള്ളിലസൂയതന്‍,
പൂത്തിരികത്തിച്ച്, പഴിക്കും 'സഹൃദയരും'
അറിയാതെയെപ്പോഴും വിദ്ധ്വംസകവേലയ്ക്കു,
കൂട്ടാളിയാക്കുമൊരു 'ആത്മ' സുഹൃത്തും.

തെറ്റിദ്ധാരണകള്‍ കൂട്ടംകൂട്ടമായുണര്‍ത്തീടു-
മഭിശപ്തങ്ങളാമോരോ നിമിഷങ്ങളും,
കനിവില്ലാക്കാലത്തിന്‍ ബാക്കിപത്രങ്ങളായ്,
ദേഹത്തില്‍ മരുവീടുമസുഖങ്ങളും.

ഇല്ലാത്തയസുഖത്തിനനവധി മരുന്നുകള-
തിന്‍ലാഭത്തിന്നോഹരി പറ്റും ഭിഷഗ്വരരും,
ഇടുക്കത്തിലുതവി നിറുത്തിയതിനമര്‍ഷരായ്,
തിരിഞ്ഞുനോക്കാതെ പഴിക്കും കൂട്ടരും.

സ്വാര്‍ത്ഥത വിളഞ്ഞീടും ഛലിതമാനസര്‍തന്‍,
കാപട്യങ്ങള്‍ നിറയുമൊരു സഞ്ചിതിയില്‍ നാം...
അവരഭ്യസിപ്പിച്ചതൊക്കെയും നിപുണമായ്,
നടിച്ചങ്ങു പ്രവൃത്തകം ചെയ്യുമീ... ഞാനും...

- ജോയ് ഗുരുവായൂര്‍

അഹംയു =  അഹങ്കാരമുള്ള, സ്വാര്‍ത്ഥതയുള്ള; സഞ്ചിതി = സമൂഹം
മാതുലന്‍ = അമ്മാവന്‍; മാതുലി= മാതുലന്റെ ഭാര്യ [അമ്മായി]
ഛന്നം = മറച്ചു വച്ച്, രഹസ്യമായി
തേവ = ആവശ്യം
അഭിശപ്ത = ശപിക്കപ്പെട്ട, ദുഷിക്കപ്പെട്ട
ഇടുക്കം =  ഇടുങ്ങിയ സ്ഥിതി,പ്രയാസം
ഉതവി = പിന്തുണ, സഹായം
ഛലിതം = ചതിപ്രയോഗം
പ്രവൃത്തകം = രംഗപ്രവേശം
-----------------------------------------------

Comments

Popular posts from this blog

സന്ധ്യയുടെ കാമുകന്‍

അകലേ, മൊട്ടക്കുന്നുകളില്‍ അവിടവിടെയായി നിലകൊണ്ട കാറ്റാടിമരങ്ങളുടെ ചില്ലകള്‍, കലിതുള്ളുംഭൂതങ്ങളെപ്പോലെ കാറ്റിലുലയുന്നത് അലസമായിവീക്ഷിച്ചുകൊണ്ട് സന്ധ്യ, തന്‍റെ കൊച്ചുകുടിലിന്റെ ഉമ്മറത്തിണ്ണയിലെരിയുന്ന ദീപത്തിന്‍റെ ഇത്തിരിവെട്ടത്തില്‍ ഇരുന്നു. കുന്നിറങ്ങി, അനസ്യൂതം പ്രവഹിക്കുന്ന മന്ദമാരുതന്‍, പ്രകാശത്തിനു വലയംവെക്കുന്ന ചെറുപ്രാണികള്‍ നിയന്ത്രണംവിട്ട് നാളത്തിനിരയാകുമ്പോഴുണ്ടാകുന്ന ഗന്ധത്തെ, എരിയുന്ന എണ്ണയുടേതുമായി ലയിപ്പിച്ച്, ഒരു പുതിയഗന്ധം സൃഷ്ടിച്ചു. അവളുടെ, വിടര്‍ത്തിയിട്ട, ഈറനണിഞ്ഞ കാര്‍ക്കൂന്തലില്‍കുരുങ്ങിയ ചില പേരറിയാപ്രാണികള്‍ രക്ഷപ്പെടാനായി അശ്രാന്തപരിശ്രമം നടത്തി. ‍ ഇരതേടിവലഞ്ഞ് ഉമ്മറത്തിന്‍റെ ഇരുണ്ടൊരു മൂലയിരുന്ന കരിമ്പൂച്ചയുടെ ആര്‍ത്തിക്കണ്ണുകള്‍ അവളുടെ മനസ്സില്‍ ഭീതിയുടെ വിത്തുകള്‍പാകി. കാമുകനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉത്സുകതയും ജിജ്ഞാസയുംമൂലം അവളുടെ മനോഹരനയനങ്ങള്‍ പനിനീര്‍ദളങ്ങളിലെ മഞ്ഞുതുള്ളിപോലെ തിളങ്ങി. കുന്നിന്‍ചരുവിലെ ശ്രീകോവിലില്‍നിന്നൊഴുകിയ സന്ധ്യാവന്ദനശീലുകള്‍ അവസാനഘട്ടത്തിലേക്കു പ്രവേശിച്ചു. തിണ്ണയിലിരുന്ന ദീപം അരണ്ടരണ്ടൊടുവില്‍ കരിന്തിരികത്തി. വി...

ചെമ്പരത്തി

പ്രണയഭാവങ്ങളാവോളമവളുടെ ചൊടിയിണകളിൽ കുങ്കുമംപൂശവേ, നടവഴിയിലൂടന്നു മന്ദമായ് പാറിയാ മധുനുകരുവാ,നാർത്തിപൂണ്ടെന്മനം .. പതിയേവന്നൊരാ കാറ്റിലാമോദത്താൽ ചിരിപകർന്നു നീയെന്നെ വിളിച്ചതും പിച്ചിപ്പൂക്കളിൽ സ്വയംമറന്നിടാതന്നുഞാൻ നിൻപ്രണയത്തിലണയാൻകൊതിച്ചതും .. കൃഷ്ണവർണ്ണമാമെന്മുഖം നിന്നുടെ മൃദുകരാംഗുലി ലാളനമേല്ക്കവേ ഹൃദയസിരകളിലൂറുമാ,സ്നേഹത്തെ മുഴുവനായന്നു നീയെനിക്കേകിയോ?... ഉഴലുമെന്നുടെ ഹൃത്തിനൊരായിരം സ്നേഹചുംബനം നീട്ടി, നീ നില്ക്കവേ .. ജന്മാന്തരങ്ങൾ തന്നത്ഭുതവീഥിയിൽ പാടേമറന്നു നാം വാരിപ്പുണർന്നുവോ? വന്നൊരാ പേമാരിതൻ തള്ളലിൽ ആകെ നനഞ്ഞുനാമൊന്നിച്ചുനീങ്ങവേ .. പിരിയുകില്ലിനി നാമൊരുനാളിലും എന്നനിൻവാക്കും പാഴ്വാക്കായിതോ?... ദിനം കറുപ്പിച്ചെത്തിച്ചേര്‍ന്നൊരാ ആകസ്മികമാം ചിന്തകളിലുരുവാം  നീരസംനുരഞ്ഞ നിന്‍മനസ്സിലെൻ ഹൃദയം വെറുമൊരു ചെമ്പരത്തിയോ?!! - ജോയ്  ഗുരുവായൂർ

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...