Skip to main content

ഒരു കോളേജു പ്രണയം!

ശ്രീകൃഷ്ണ കോളേജ് ഗുരുവായൂര്‍..
കാമ്പസിനു തണല്‍ചൊരിയുന്ന,
കടപ്പാവുട്ടക്കാടുകളുടെ ദുര്‍ഗന്ധംപേറിയ
കാറ്റിലുമുണ്ടായിരുന്നൊരു പ്രണയഗന്ധം!

വിദ്യയഭ്യസിക്കാനായെത്തിയ മനസ്സുകളില്‍
വിദ്യേതര പ്രണയഭാവങ്ങളും സജീവം!

ഫോര്‍മാലിനില്‍ ചത്തുമലച്ചുകിടക്കുന്ന ജീവികളുടെ
ഭാവങ്ങള്‍ മനസ്സിലേറ്റിയിരുന്നതു ശോകമായിരുന്നില്ലാ..
ഒരു കാച്ചെണ്ണയുടെ സുഗന്ധത്തിനായുള്ള,
നാസരന്ധ്രങ്ങളുടെ അന്വേഷണമായിരുന്നു...

ഒരുകുടന്ന പൂക്കളും ചന്ദനക്കുറിയുമണിഞ്ഞു കടന്നുവരുന്ന
പ്രണയവുമായി സംവദിക്കാന്‍വെമ്പുന്ന
ഒരു കാമുകഹൃദയത്തിന്‍റെ അസ്വസ്ഥതകള്‍
പൊട്ടിത്തെറിച്ചിരുന്ന തമാശകളില്‍ വെളിച്ചംകാണുമായിരുന്നില്ലാ..

ഉച്ചഭക്ഷണത്തില്‍ പങ്കുവയ്ക്കുന്ന
അവിയലിലും മെഴുക്കുപുരട്ടിയിലും കടുമാങ്ങയിലും
ആ പ്രണയം ഒട്ടിയൊട്ടിപ്പിടിച്ചിരുന്നത് ആരറിയാന്‍?..

അതിരാവിലെ പുതിയ കമ്മലുംധരിച്ചുവന്ന പ്രണയത്തെ
ഒന്നു ചുംബിച്ചാലോ എന്നുവരെ തോന്നിയതായിരുന്നു!
അപ്രതീക്ഷിതമായി ജനാലയില്‍ ദൃശ്യമായ
അറ്റെന്‍ഡര്‍ ശശിയേട്ടന്റെ വില്ലന്‍മുഖം!
ജീവികളെ തല്ലിക്കൊന്നു ഫോര്‍മാലിനില്‍ മുക്കിയിടുന്ന
അയാള്‍ക്കുണ്ടോ പ്രണയത്തിന്‍റെ ABCD അറിയുന്നു?!

അവള്‍ക്കുമെന്നോട് പ്രണയമുണ്ടായിരുന്നിരിക്കണമെന്നു
വിശ്വസിക്കാനുമെനിക്കാവുമായിരുന്നില്ലാ..
കിലുക്കാംപെട്ടിപോലെ കിലുങ്ങിച്ചിരിച്ചു,
നര്‍മ്മങ്ങള്‍ കോരിയിടുന്നതിനിടയില്‍,
പ്രണയമറിയിക്കാനവള്‍ മറന്നുപോയതുമാവാം..

ഒടുവിലാദിനം വന്നെത്തി..
മൂന്നുകൊല്ലത്തെ സൗഹൃദസാഹോദര്യങ്ങള്‍ക്കു
താത്കാലികവിരാമമിടുന്ന ദിനം..
സെന്റ്‌ ഓഫ്!!

നേരിയ പ്രതീക്ഷയോടെ ഞാനെന്‍റെ പ്രണയത്തെ
അവസാനമായൊരുനോക്കുകൂടെ കണ്ടു..

കളിചിരികളുടെയും വിരഹതാപങ്ങളുടേയുമൊടുവില്‍
വാടിത്തുടങ്ങിയൊരു
റോസാപ്പൂധരിച്ച പാവാടയും ബ്ലൌസും,
കൂട്ടുകാരികളോടൊപ്പം കോളേജുപടി കടന്നുപോകുന്ന
കാഴ്ചയിലുള്ള ഖിന്നത പ്രകടിപ്പിക്കാതെ,
കൂട്ടുകാരോടൊപ്പം ഞാന്‍ "മാറ്റിനി"ക്കു പോയി!.. 🤩

- ജോയ് ഗുരുവായൂര്‍

Comments

Popular posts from this blog

സന്ധ്യയുടെ കാമുകന്‍

അകലേ, മൊട്ടക്കുന്നുകളില്‍ അവിടവിടെയായി നിലകൊണ്ട കാറ്റാടിമരങ്ങളുടെ ചില്ലകള്‍, കലിതുള്ളുംഭൂതങ്ങളെപ്പോലെ കാറ്റിലുലയുന്നത് അലസമായിവീക്ഷിച്ചുകൊണ്ട് സന്ധ്യ, തന്‍റെ കൊച്ചുകുടിലിന്റെ ഉമ്മറത്തിണ്ണയിലെരിയുന്ന ദീപത്തിന്‍റെ ഇത്തിരിവെട്ടത്തില്‍ ഇരുന്നു. കുന്നിറങ്ങി, അനസ്യൂതം പ്രവഹിക്കുന്ന മന്ദമാരുതന്‍, പ്രകാശത്തിനു വലയംവെക്കുന്ന ചെറുപ്രാണികള്‍ നിയന്ത്രണംവിട്ട് നാളത്തിനിരയാകുമ്പോഴുണ്ടാകുന്ന ഗന്ധത്തെ, എരിയുന്ന എണ്ണയുടേതുമായി ലയിപ്പിച്ച്, ഒരു പുതിയഗന്ധം സൃഷ്ടിച്ചു. അവളുടെ, വിടര്‍ത്തിയിട്ട, ഈറനണിഞ്ഞ കാര്‍ക്കൂന്തലില്‍കുരുങ്ങിയ ചില പേരറിയാപ്രാണികള്‍ രക്ഷപ്പെടാനായി അശ്രാന്തപരിശ്രമം നടത്തി. ‍ ഇരതേടിവലഞ്ഞ് ഉമ്മറത്തിന്‍റെ ഇരുണ്ടൊരു മൂലയിരുന്ന കരിമ്പൂച്ചയുടെ ആര്‍ത്തിക്കണ്ണുകള്‍ അവളുടെ മനസ്സില്‍ ഭീതിയുടെ വിത്തുകള്‍പാകി. കാമുകനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉത്സുകതയും ജിജ്ഞാസയുംമൂലം അവളുടെ മനോഹരനയനങ്ങള്‍ പനിനീര്‍ദളങ്ങളിലെ മഞ്ഞുതുള്ളിപോലെ തിളങ്ങി. കുന്നിന്‍ചരുവിലെ ശ്രീകോവിലില്‍നിന്നൊഴുകിയ സന്ധ്യാവന്ദനശീലുകള്‍ അവസാനഘട്ടത്തിലേക്കു പ്രവേശിച്ചു. തിണ്ണയിലിരുന്ന ദീപം അരണ്ടരണ്ടൊടുവില്‍ കരിന്തിരികത്തി. വി...

ചെമ്പരത്തി

പ്രണയഭാവങ്ങളാവോളമവളുടെ ചൊടിയിണകളിൽ കുങ്കുമംപൂശവേ, നടവഴിയിലൂടന്നു മന്ദമായ് പാറിയാ മധുനുകരുവാ,നാർത്തിപൂണ്ടെന്മനം .. പതിയേവന്നൊരാ കാറ്റിലാമോദത്താൽ ചിരിപകർന്നു നീയെന്നെ വിളിച്ചതും പിച്ചിപ്പൂക്കളിൽ സ്വയംമറന്നിടാതന്നുഞാൻ നിൻപ്രണയത്തിലണയാൻകൊതിച്ചതും .. കൃഷ്ണവർണ്ണമാമെന്മുഖം നിന്നുടെ മൃദുകരാംഗുലി ലാളനമേല്ക്കവേ ഹൃദയസിരകളിലൂറുമാ,സ്നേഹത്തെ മുഴുവനായന്നു നീയെനിക്കേകിയോ?... ഉഴലുമെന്നുടെ ഹൃത്തിനൊരായിരം സ്നേഹചുംബനം നീട്ടി, നീ നില്ക്കവേ .. ജന്മാന്തരങ്ങൾ തന്നത്ഭുതവീഥിയിൽ പാടേമറന്നു നാം വാരിപ്പുണർന്നുവോ? വന്നൊരാ പേമാരിതൻ തള്ളലിൽ ആകെ നനഞ്ഞുനാമൊന്നിച്ചുനീങ്ങവേ .. പിരിയുകില്ലിനി നാമൊരുനാളിലും എന്നനിൻവാക്കും പാഴ്വാക്കായിതോ?... ദിനം കറുപ്പിച്ചെത്തിച്ചേര്‍ന്നൊരാ ആകസ്മികമാം ചിന്തകളിലുരുവാം  നീരസംനുരഞ്ഞ നിന്‍മനസ്സിലെൻ ഹൃദയം വെറുമൊരു ചെമ്പരത്തിയോ?!! - ജോയ്  ഗുരുവായൂർ

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...