Skip to main content

നായിന്‍റെ മക്കൾ

ആര്‍ത്തിക്കണ്ണുമായ് തെരുവുകളില്‍
കാമമൂറും നാക്കും നീട്ടി നിരന്തരം
മണ്ടിനടന്നു സഹജീവികളെ വിരട്ടിയും
തരുണീമണികളെ ബലാല്ക്കാരം ചെയ്തും
സദാചാരം തീണ്ടാത്തൊരു ദുഷ്ടജന്മം.
നാണമില്ലാതെവിടേയും വലിഞ്ഞുകയറി
സമൂഹത്തില്‍ ഭീതിയുമതുപോലറപ്പു-
മുളവാക്കി തീന്മേശയില്‍ നിന്നുതിരുമുച്ഛിഷ്ട-
മാര്‍ത്തിയോടെ ചാടിവന്നു ഭുജിച്ചുമതു
കൊടുത്തവര്‍തന്‍ കാലില്‍ നക്കിയും നീ!..
നായിന്‍റെമോനേ.. നിന്നെ സംരക്ഷിക്കാനും
മറ്റുള്ളവരുടെ സ്വൈര്യം കളഞ്ഞിടും നിന്‍
സ്വൈര്യജീവിതമരക്കിട്ടുറപ്പിക്കുവാനു-
മുണ്ടിവിടെയനേകം, സ്വന്തം കീര്‍ത്തിക്കായ്‌
മാത്രം ചിലയ്ക്കുന്ന നാവുള്ള മഹാരഥര്‍.
നാണമില്ലാത്തവനേ.. പട്ടാപ്പകല്‍ തെരുവിലിട്ടു
അമ്മയെന്നോ പെങ്ങളെന്നോ നോക്കാതെ
ഉളുപ്പേതുമില്ലാതെ മാനഭംഗം വരുത്തി-
യവരെ പ്രസവിപ്പിച്ചമ്മയാക്കിയും ബലാ-
ലവരുടെ കണവനാവുന്നതോ നിന്‍ ശ്രേഷ്ഠത?
പാലൂട്ടിയ മുലകളെ കാമാര്‍ത്തകമായ് കാണുന്ന
നിന്‍കണ്ണുകളില്‍ സ്നേഹസാഹോദര്യങ്ങളുടെ
കണികകള്‍ തിരയുന്നവര്‍ വെറും വിഡ്ഢികള്‍.
നിയമങ്ങള്‍ നിനക്കു തുണയായ് എന്നുമുണ്ടാവു-
മെന്നറിയാതെ ചുള്ളിവിരലനക്കും വിഡ്ഢി ഞാനും.
നിന്നെയൊക്കെ മുക്കാലിയില്‍ വരിഞ്ഞുകെട്ടി
നല്ല കരിവള്ളിക്കോലുകൊണ്ടു ദേഹംവരഞ്ഞു
ലിംഗംഛേദിച്ചു മറ്റുള്ളോവരനുഭവിക്കും വേദനകളെ
നിന്നിലേക്കൊഴുക്കിട്ടതിന്‍ കൊടിയവിഷമതകള്‍
നന്നായി മനസ്സിലാക്കിത്തരികയാണ് വേണ്ടത്.
ശാന്തമായ് മരുവുന്നൊരു സമൂഹത്തിലസമയത്തു
ബഹളം സൃഷ്ടിച്ചു മനസ്സമാധാനം കളയുന്ന നീ
പരമ സ്വാര്‍ത്ഥനും കുലദ്രോഹിയുമാണെന്നേ
നിന്‍ചെയ്തികള്‍ കണ്ടുംകേട്ടും ഒട്ടുമടുത്ത-
യീ ഞാനടങ്ങുന്ന സമൂഹവും വിശേഷിപ്പിക്കൂ
സഹോദരസ്നേഹമെന്നതൊന്നു നിനക്കുണ്ടോ?
ഉണ്ടോ നിന്നിലൊരുരിയെങ്കിലും ധാര്‍മ്മികത?
നിന്നെ ഗര്‍ഭപാത്രത്തില്‍ താങ്ങിനടന്നു പെറുകയും,
വിശക്കുമ്പോള്‍ നിന്നെ സ്തനങ്ങളിലൂഞ്ഞാലാട്ടി
വളര്‍ത്തിയ മാതൃവാത്സല്യം മറക്കുന്നവന്‍ നീ.
നിന്‍റെ ആമാശയവും കാമാശയവും വിശന്നാല്‍-
പ്പിന്നെ കൈവിടുകയായി നിന്‍ ഔചിത്യബോധം
മൂര്‍ച്ചയേറി വിഷമിറ്റുന്ന ദംഷ്ട്രങ്ങള്‍ പിഞ്ചു-
ശരീരങ്ങളില്‍ ഉളുപ്പില്ലാതെ കടിച്ചിറക്കി
ചോരചിന്തിച്ച് ആത്മസംതൃപ്തിയടയുന്നു നീ.
ചങ്ങലയ്ക്കിട്ടോ മര്‍ദ്ദിച്ചോ നിന്നെ നേരെയാക്കി-
യെടുക്കാമെന്നുള്ളതൊക്കെയെന്‍ വ്യാമോഹ-
മാണെന്നറിയുന്നു ഞാനെങ്കിലുമുള്ളില്‍ നുരയും
പ്രതിഷേധം നിന്നെയറിക്കാതിരിക്കാനാവില്ല പോല്‍.
നടുക്കടലില്‍ പോയാലും നീ നക്കിയേ കുടിയ്ക്കൂ..
ഉണ്ടചോറിനുനന്ദി നല്ലോണം കാണിക്കുമ്പോഴും
ചോറുതരാത്തവരൊക്കെ ശത്രുക്കളല്ലെന്നറിയു നീ.
യജമാനന്മാരെറിഞ്ഞുതരും സ്വാദേറുമപ്പങ്ങള്‍
നുണഞ്ഞുസൃഷ്ടിക്കും ഭീകരതകളൊരുദിനം
ബൂമറാങ്ങായ് നിന്നിലേക്കുമെത്തുമതോര്‍ക്കുക!
ജോയ് ഗുരുവായൂർ

Comments

Popular posts from this blog

സന്ധ്യയുടെ കാമുകന്‍

അകലേ, മൊട്ടക്കുന്നുകളില്‍ അവിടവിടെയായി നിലകൊണ്ട കാറ്റാടിമരങ്ങളുടെ ചില്ലകള്‍, കലിതുള്ളുംഭൂതങ്ങളെപ്പോലെ കാറ്റിലുലയുന്നത് അലസമായിവീക്ഷിച്ചുകൊണ്ട് സന്ധ്യ, തന്‍റെ കൊച്ചുകുടിലിന്റെ ഉമ്മറത്തിണ്ണയിലെരിയുന്ന ദീപത്തിന്‍റെ ഇത്തിരിവെട്ടത്തില്‍ ഇരുന്നു. കുന്നിറങ്ങി, അനസ്യൂതം പ്രവഹിക്കുന്ന മന്ദമാരുതന്‍, പ്രകാശത്തിനു വലയംവെക്കുന്ന ചെറുപ്രാണികള്‍ നിയന്ത്രണംവിട്ട് നാളത്തിനിരയാകുമ്പോഴുണ്ടാകുന്ന ഗന്ധത്തെ, എരിയുന്ന എണ്ണയുടേതുമായി ലയിപ്പിച്ച്, ഒരു പുതിയഗന്ധം സൃഷ്ടിച്ചു. അവളുടെ, വിടര്‍ത്തിയിട്ട, ഈറനണിഞ്ഞ കാര്‍ക്കൂന്തലില്‍കുരുങ്ങിയ ചില പേരറിയാപ്രാണികള്‍ രക്ഷപ്പെടാനായി അശ്രാന്തപരിശ്രമം നടത്തി. ‍ ഇരതേടിവലഞ്ഞ് ഉമ്മറത്തിന്‍റെ ഇരുണ്ടൊരു മൂലയിരുന്ന കരിമ്പൂച്ചയുടെ ആര്‍ത്തിക്കണ്ണുകള്‍ അവളുടെ മനസ്സില്‍ ഭീതിയുടെ വിത്തുകള്‍പാകി. കാമുകനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉത്സുകതയും ജിജ്ഞാസയുംമൂലം അവളുടെ മനോഹരനയനങ്ങള്‍ പനിനീര്‍ദളങ്ങളിലെ മഞ്ഞുതുള്ളിപോലെ തിളങ്ങി. കുന്നിന്‍ചരുവിലെ ശ്രീകോവിലില്‍നിന്നൊഴുകിയ സന്ധ്യാവന്ദനശീലുകള്‍ അവസാനഘട്ടത്തിലേക്കു പ്രവേശിച്ചു. തിണ്ണയിലിരുന്ന ദീപം അരണ്ടരണ്ടൊടുവില്‍ കരിന്തിരികത്തി. വി...

ചെമ്പരത്തി

പ്രണയഭാവങ്ങളാവോളമവളുടെ ചൊടിയിണകളിൽ കുങ്കുമംപൂശവേ, നടവഴിയിലൂടന്നു മന്ദമായ് പാറിയാ മധുനുകരുവാ,നാർത്തിപൂണ്ടെന്മനം .. പതിയേവന്നൊരാ കാറ്റിലാമോദത്താൽ ചിരിപകർന്നു നീയെന്നെ വിളിച്ചതും പിച്ചിപ്പൂക്കളിൽ സ്വയംമറന്നിടാതന്നുഞാൻ നിൻപ്രണയത്തിലണയാൻകൊതിച്ചതും .. കൃഷ്ണവർണ്ണമാമെന്മുഖം നിന്നുടെ മൃദുകരാംഗുലി ലാളനമേല്ക്കവേ ഹൃദയസിരകളിലൂറുമാ,സ്നേഹത്തെ മുഴുവനായന്നു നീയെനിക്കേകിയോ?... ഉഴലുമെന്നുടെ ഹൃത്തിനൊരായിരം സ്നേഹചുംബനം നീട്ടി, നീ നില്ക്കവേ .. ജന്മാന്തരങ്ങൾ തന്നത്ഭുതവീഥിയിൽ പാടേമറന്നു നാം വാരിപ്പുണർന്നുവോ? വന്നൊരാ പേമാരിതൻ തള്ളലിൽ ആകെ നനഞ്ഞുനാമൊന്നിച്ചുനീങ്ങവേ .. പിരിയുകില്ലിനി നാമൊരുനാളിലും എന്നനിൻവാക്കും പാഴ്വാക്കായിതോ?... ദിനം കറുപ്പിച്ചെത്തിച്ചേര്‍ന്നൊരാ ആകസ്മികമാം ചിന്തകളിലുരുവാം  നീരസംനുരഞ്ഞ നിന്‍മനസ്സിലെൻ ഹൃദയം വെറുമൊരു ചെമ്പരത്തിയോ?!! - ജോയ്  ഗുരുവായൂർ

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...