Skip to main content

ചില്ലകളിലെ പുഞ്ചിരി കാണാന്‍...

ഏതു ദുഃഖങ്ങളിലുമൊളിച്ചിരിപ്പുണ്ടാവും
സന്തോഷകരമായ ഓര്‍മ്മകളുടെ സുഖം.
നോവിന്‍റെ നീറ്റലില്‍ പിടഞ്ഞിരിക്കുമ്പോഴും
ലഭിച്ചേക്കാം, ഓര്‍മ്മകളില്‍ പൂത്തുവിരാജിക്കുന്ന
വസന്തത്തിന്‍, ചാരുതയാര്‍ന്ന തലോടലും.

മറഞ്ഞുപോയെന്നുതോന്നിപ്പിക്കുമെങ്കിലും
മനസ്സില്‍നിന്നൊരിക്കലും മാഞ്ഞുപോകില്ലെന്നു
ശാഠ്യംപിടിക്കുന്ന മഴവില്ലുകളെപ്പോലെ
ഓര്‍മ്മകളങ്ങനെ ഇടംകോണിക്കുമ്പോള്‍
ദുഖത്തിലുമൊരല്പം സുഖത്തിന്‍റെ ലാഞ്ചന.

നിറമുള്ള ഓര്‍മ്മകളെ നന്നായിവരച്ചിടാന്‍
വെളുത്തപകലിനേക്കാളേറെ നന്നാവുക,
താരകങ്ങളാല്‍ അലുക്കുപിടിപ്പിച്ച്, 
കണ്ണുകളില്‍ വര്‍ണ്ണവിസ്മയംസൃഷ്ടിക്കുന്ന
രാത്രിയുടെ കറുത്തക്യാന്‍വാസായിരിക്കും.

തോട്ടത്തില്‍പ്പൊഴിഞ്ഞ ഇതളുകളും കായ്കളും
പെറുക്കിയെടുത്ത് കൂട്ടിവച്ച്, അതില്‍
മഷിയിട്ടുനോക്കിയാലും ചിലപ്പോള്‍ കണ്ടേക്കാം,
നിന്‍റെ ചിരിക്കുന്ന മുഖങ്ങള്‍ തൂങ്ങിക്കിടക്കുന്ന
ചില്ലകളില്‍ പൂമരത്തിന്റെ വസന്തശോഭ.

മുറിഞ്ഞുവീണ പൂമരത്തിന്റെ ചോട്ടില്‍
വെള്ളമൊഴിച്ച്, പൊടിപ്പുകള്‍ക്കായി
പ്രത്യാശകള്‍ എറിയുന്നുണ്ട് നിത്യവും.
കൊഴിഞ്ഞവസന്തത്തിന്‍റെ തിരിച്ചുവരവിനായ്
നേര്‍ച്ചകള്‍ അനവധി നേരുന്നുമുണ്ട്

ചില്ലകള്‍ക്കും ചുവന്നപൂക്കള്‍ക്കും നന്നായി
വിടര്‍ന്നുനില്ക്കാനുള്ള ഇടം ഇതേവരെയും
ആര്‍ക്കും തീറെഴുതിക്കൊടുക്കാതെ ആകാശവും.
പൊടിയ്ക്കുന്ന ചില്ലയിലേക്കുചേക്കേറുവാന്‍
അക്ഷമരായി ഇന്നുംകാത്തിരിക്കുന്നു,
നിന്നോടു കിന്നാരംചൊല്ലിയ കിളികളും.

പൊടിയ്ക്കാതിരിക്കാന്‍ നിനക്കാവുമോ?
മരച്ചുവട്ടില്‍ ഞാനൊഴുക്കുന്ന കണ്ണുനീരില്‍,
വേരുകളാര്‍ദ്രമാവും നിന്‍സിരകള്‍ തുടിയ്ക്കും.
സന്ദേഹത്തിന്‍റെ കറുത്തപാടകള്‍പൊട്ടി,
നിന്‍റെ ചില്ലകളില്‍, വീണ്ടും പുഞ്ചിരി വിരിയും.

നിന്‍റെ പരാഗങ്ങള്‍ കവര്‍ന്നിടാനെപ്പോഴും
ചുറ്റീടും കാറ്റിനെ മല്ലിട്ടുതോല്പ്പിക്കാനായി,
ചുവന്നപൂക്കള്‍ വിരിച്ച നിന്‍റെ തണലിലെപ്പോഴും
ഒരു കാവല്‍ഭടനേപ്പോലെ ഞാനുമുണ്ടാവും.

- ജോയ് ഗുരുവായൂര്‍

Comments

Popular posts from this blog

സന്ധ്യയുടെ കാമുകന്‍

അകലേ, മൊട്ടക്കുന്നുകളില്‍ അവിടവിടെയായി നിലകൊണ്ട കാറ്റാടിമരങ്ങളുടെ ചില്ലകള്‍, കലിതുള്ളുംഭൂതങ്ങളെപ്പോലെ കാറ്റിലുലയുന്നത് അലസമായിവീക്ഷിച്ചുകൊണ്ട് സന്ധ്യ, തന്‍റെ കൊച്ചുകുടിലിന്റെ ഉമ്മറത്തിണ്ണയിലെരിയുന്ന ദീപത്തിന്‍റെ ഇത്തിരിവെട്ടത്തില്‍ ഇരുന്നു. കുന്നിറങ്ങി, അനസ്യൂതം പ്രവഹിക്കുന്ന മന്ദമാരുതന്‍, പ്രകാശത്തിനു വലയംവെക്കുന്ന ചെറുപ്രാണികള്‍ നിയന്ത്രണംവിട്ട് നാളത്തിനിരയാകുമ്പോഴുണ്ടാകുന്ന ഗന്ധത്തെ, എരിയുന്ന എണ്ണയുടേതുമായി ലയിപ്പിച്ച്, ഒരു പുതിയഗന്ധം സൃഷ്ടിച്ചു. അവളുടെ, വിടര്‍ത്തിയിട്ട, ഈറനണിഞ്ഞ കാര്‍ക്കൂന്തലില്‍കുരുങ്ങിയ ചില പേരറിയാപ്രാണികള്‍ രക്ഷപ്പെടാനായി അശ്രാന്തപരിശ്രമം നടത്തി. ‍ ഇരതേടിവലഞ്ഞ് ഉമ്മറത്തിന്‍റെ ഇരുണ്ടൊരു മൂലയിരുന്ന കരിമ്പൂച്ചയുടെ ആര്‍ത്തിക്കണ്ണുകള്‍ അവളുടെ മനസ്സില്‍ ഭീതിയുടെ വിത്തുകള്‍പാകി. കാമുകനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉത്സുകതയും ജിജ്ഞാസയുംമൂലം അവളുടെ മനോഹരനയനങ്ങള്‍ പനിനീര്‍ദളങ്ങളിലെ മഞ്ഞുതുള്ളിപോലെ തിളങ്ങി. കുന്നിന്‍ചരുവിലെ ശ്രീകോവിലില്‍നിന്നൊഴുകിയ സന്ധ്യാവന്ദനശീലുകള്‍ അവസാനഘട്ടത്തിലേക്കു പ്രവേശിച്ചു. തിണ്ണയിലിരുന്ന ദീപം അരണ്ടരണ്ടൊടുവില്‍ കരിന്തിരികത്തി. വി...

ചെമ്പരത്തി

പ്രണയഭാവങ്ങളാവോളമവളുടെ ചൊടിയിണകളിൽ കുങ്കുമംപൂശവേ, നടവഴിയിലൂടന്നു മന്ദമായ് പാറിയാ മധുനുകരുവാ,നാർത്തിപൂണ്ടെന്മനം .. പതിയേവന്നൊരാ കാറ്റിലാമോദത്താൽ ചിരിപകർന്നു നീയെന്നെ വിളിച്ചതും പിച്ചിപ്പൂക്കളിൽ സ്വയംമറന്നിടാതന്നുഞാൻ നിൻപ്രണയത്തിലണയാൻകൊതിച്ചതും .. കൃഷ്ണവർണ്ണമാമെന്മുഖം നിന്നുടെ മൃദുകരാംഗുലി ലാളനമേല്ക്കവേ ഹൃദയസിരകളിലൂറുമാ,സ്നേഹത്തെ മുഴുവനായന്നു നീയെനിക്കേകിയോ?... ഉഴലുമെന്നുടെ ഹൃത്തിനൊരായിരം സ്നേഹചുംബനം നീട്ടി, നീ നില്ക്കവേ .. ജന്മാന്തരങ്ങൾ തന്നത്ഭുതവീഥിയിൽ പാടേമറന്നു നാം വാരിപ്പുണർന്നുവോ? വന്നൊരാ പേമാരിതൻ തള്ളലിൽ ആകെ നനഞ്ഞുനാമൊന്നിച്ചുനീങ്ങവേ .. പിരിയുകില്ലിനി നാമൊരുനാളിലും എന്നനിൻവാക്കും പാഴ്വാക്കായിതോ?... ദിനം കറുപ്പിച്ചെത്തിച്ചേര്‍ന്നൊരാ ആകസ്മികമാം ചിന്തകളിലുരുവാം  നീരസംനുരഞ്ഞ നിന്‍മനസ്സിലെൻ ഹൃദയം വെറുമൊരു ചെമ്പരത്തിയോ?!! - ജോയ്  ഗുരുവായൂർ

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...