Skip to main content

നാഴികക്കല്ലുകളുടെ ഓര്‍മ്മപ്പെടുത്തലുകള്‍

അമ്മിഞ്ഞപ്പാല് നുകര്‍ന്നുകിടന്നതും,
മൂത്രമൊഴിച്ച്, നനഞ്ഞുവിറച്ചതും,
മുട്ടിലിഴഞ്ഞങ്ങു മൂക്കുമുറിഞ്ഞതും,
ഇരുകാലില്‍നിന്നങ്ങ് പൊട്ടിച്ചിരിച്ചതും,
ഓടിനടക്കവേ തട്ടിമറിഞ്ഞതും,
അച്ഛനുമമ്മയും വാരിയെടുത്തതും,
ശൈശവകാലത്തിന്‍ നാഴികക്കല്ലുകള്‍.

അരിമണിക്കിണ്ണത്തില്‍ ഹരിശ്രീകുറിച്ചതും,
കൊച്ചുകുസൃതിക്കായ് തല്ലുകള്‍കൊണ്ടതും,
തോട്ടിലെ വെള്ളത്തില്‍ പരലുപിടിച്ചതും
ചേറില്‍കളിച്ചങ്ങു ചൊറികള്‍പിടിച്ചതും
ചെറുമാങ്ങാപ്പൂളുകള്‍ ഉപ്പിട്ടുതിന്നതും,
മുത്തശ്ശിചൊല്ലും പഴങ്കഥ കേട്ടതും
ബാല്യകാലത്തിലെ നാഴികക്കല്ലുകള്‍..     

പാടത്തു പട്ടംപറത്തിക്കളിച്ചതും
വൃക്ഷത്തലപ്പില്‍ വലിഞ്ഞങ്ങുകേറീതും
മാവില്‍ കല്ലെറിഞ്ഞോടുപൊട്ടിച്ചതും
മുത്തച്ഛന്‍തന്നുടെ ചീത്തകള്‍കേട്ടതും
ആമ്പല്‍ക്കുളങ്ങളില്‍ മുങ്ങിത്തുടിച്ചതും
കൂട്ടുകാരൊത്ത് കുസൃതികാണിച്ചതും,
പൂരപ്പറമ്പുകള്‍തോറും നടന്നതും, 
പൊടിമീശകണ്ടങ്ങ് പുളകിതനായതും
മുഖക്കുരുക്കളില്‍ പ്രേമംപൊടിഞ്ഞതും
കൗമാരം താണ്ടിയ നാഴികക്കല്ലുകള്‍...   

ബിരുദങ്ങളൊക്കെയും നേടിയെടുത്തതും
നാടിനുംവീടിനുമഭിമാനമായതും
പ്രാരാബ്ധമൊക്കെയറിഞ്ഞു തുടങ്ങീതും
തൊഴിലിനായൊടുവില്‍ പ്രവാസിയായതും
അച്ഛനുമമ്മയ്ക്കുമാശ്വാസമായതും
മംഗല്യസൂത്രത്താല്‍ സഖിയെ വരിച്ചതും
കുഞ്ഞുസൂനങ്ങളെ മാറോടണച്ചതും
അദ്ധ്വാനപാതകള്‍ താണ്ടിനടന്നതും
യൗവ്വനകാലത്തിന്‍ നാഴികക്കല്ലുകള്‍...

നാഴികക്കല്ലുകള്‍ തേടുന്ന യാത്രകള്‍
എകാന്തമായി തുടര്‍ന്നുകൊണ്ടീടുന്നു.
ഭാരംവലിക്കുന്നൊരൊറ്റക്കുതിരയായ്
നുരയുംപതയും വീഴ്ത്തിക്കൊണ്ടനുദിനം..     

വെള്ളിനിരകളെ താലോലിച്ചിന്നു ഞാന്‍
വാര്‍ദ്ധക്യകാലത്തെ കാത്തങ്ങിരിക്കവേ,
ഇന്നോളംതാണ്ടിയ നാഴികക്കല്ലുകള്‍
ഉയിരോടെയിന്നുമെന്‍ മനസ്സില്‍ത്തെളിയുന്നു.

ജോയ് ഗുരുവായൂര്‍   
15/08/2017

Comments

Popular posts from this blog

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...

സ്വത്വം ഉപേക്ഷിക്കപ്പെടുമ്പോൾ..

ഒരു കവിയല്ലാതിരുന്നിട്ടുമെന്നെക്കൊണ്ട് കവിതയെഴുതിക്കുന്നത് നീയാണ്. കവിതകൾ ജനിക്കുന്നത് മിക്കപ്പോളും അസ്കിതകളിൽനിന്നാണ്. അല്ലലുകൾ ആത്മാവിനെ തുരക്കുമ്പോൾ മനസ്സ് കവിതയെ ഗർഭം ധരിക്കുന്നു. ആത്മാർത്ഥതയും ജീവിതവുമായുള്ള പൊരുത്തക്കേടുകളാണ്, മിക്ക കവിതകളും കരയുന്നത്! നിൻ്റെ മുഖമാകുന്ന കണ്ണാടിയിലും മനസ്സാകുന്ന മഹാസമുദ്രത്തിലും ഉടലാകുന്ന പർവ്വതനിരകളിലും എൻ്റെ കണ്ണുകളും മനസ്സും ഉടലും ഉടക്കിക്കിടന്നിരുന്നതിൻ്റെ തപ്തനിശ്വാസങ്ങളാണീ വരികൾ. നീയെന്നിലേക്ക് ഒഴുക്കിവിട്ട ഒരോരോ ഭാവങ്ങളും ചലനങ്ങളും എന്നെ നീയാക്കിമാറ്റുകയായിരുന്നു. നീയാഗ്രഹിച്ചതുമാത്രം ചെയ്യുന്ന നീയായിമാറിയിരുന്നു ഞാൻ. വ്യക്തിത്വം പണയപ്പെടുത്തിയപ്പോൾ നിൻ്റെ കണ്ണുകൾ എനിക്കു കിട്ടി, നിന്നുടെ കാഴ്ചപ്പാടുകൾ എൻ്റെയുമായി. അനാഥമാക്കപ്പെട്ട എൻ്റെ സ്വത്വം കടപ്പുറത്ത് കാക്ക കൊത്തിവലിച്ചു. നീ പറക്കുകയായിരുന്നു.. കൂടെ ഞാനും. വികാരങ്ങളുടെ ഉത്തുംഗശൃംഗങ്ങളിൽ വ്യത്യസ്തത തേടി നമ്മളലഞ്ഞു. ഒരുപാടു കഴുകുകളെയും അവരുടെ പരാക്രമങ്ങളിൽ ഭീതിദരായവരെയും നീ കണ്ടു, നിന്നിലൂടെ ഞാനും. മനസ്സിനെ മരവിപ്പുപോലെ ബാധിക്കുന്ന ഒത്തിരി കാര്യങ്ങളില...

തെറ്റുകളും ശരികളും

ശരികൾക്കു കാഴ്ചയിൽ ശ്വേതവർണ്ണവും തെറ്റുകൾക്കു ശ്യാമവുമായിരിക്കാം. എന്നാൽ, തെറ്റുകളുടെ "തെറ്റുകളിൽ"നിന്നാണ്, "ശരി"യ്ക്കും ശരികൾ ജനിക്കുന്നത്! തെറ്റുകളുടെ സന്താനങ്ങൾ, ശുഭ്രവസ്ത്രം ധരിക്കുന്നതോടെ, സമൂഹമംഗീകരിക്കുന്ന, ശരികളുടെ വക്താക്കളാകുന്നു! തെറ്റുകൾ മറയ്ച്ചുവെക്കാത്തവരെ, കല്ലെറിയലാണവരുടെ കർത്തവ്യം. തെറ്റുചെയ്യുന്നവരോടുള്ള "കണ്ണുകടി", അല്ലാതെ വേറെന്തുപറയാൻ? ശ്രുഭ്രവസ്ത്രങ്ങളിലോരോന്നിലും, പൂർണ്ണനഗ്നരായി മദനംനടത്തി, സ്ഖലിക്കാൻ വെമ്പിനിൽക്കുന്ന കറുകറുത്ത തെറ്റുകളാണുള്ളത്! അനുകൂല സാഹചര്യങ്ങളിൽ, ശുഭ്രവസ്ത്രം വലിച്ചുകീറി, ഇരുൾപ്പറ്റി, അവ പുറത്തേക്കു തെറ്റുന്നു, പാപങ്ങൾ ചെയ്തുകൂട്ടുവാൻ! പാപങ്ങളിലൂടെ തെറ്റുകളുടെ, രതിവൈകൃതങ്ങൾ നടക്കുന്നു. പിഴച്ചുപെറ്റ സന്തതികൾ, വാൽമാക്രികളെപ്പോലെ ചിതറുന്നു. വെള്ളത്തുണികൾ വാരിയുടുത്ത്, അവർ ശരികളായി ജീവിക്കുന്നു. ശരികളുടെ സന്തതിപരമ്പര, നിലനിന്നുപോരുന്നത് അങ്ങനെയത്രേ! - ജോയ് ഗുരുവായൂർ