എൻ്റെ മരണത്തിൽ നിങ്ങൾ ഖിന്നരാവരുത്.
എഫ് ബി യുടെ താളുകൾ ശ്യാമവർണ്ണങ്ങൾ-
ക്കൊണ്ടു നിറയ്ക്കുകയോ കണ്ണീരുകൊണ്ടു
കഴുകുകയോ ചെയ്യരുത്!
എൻ്റെ വിയോഗത്തിൽ നിങ്ങൾ
ആദരാഞ്ജലിയർപ്പിക്കുകയോ
അനുസ്മരണയോഗങ്ങൾ നടത്തുകയോ
ചെയ്യരുത്!
എൻ്റെ കാണാതാവലിൽ നിങ്ങൾ,
എൻ്റെ പ്രൊഫൈൽ ചികഞ്ഞുകൊണ്ട്,
എൻ്റെ അവസാന കമന്റുകൾ
തിരയരുത്!
ഞാനെന്ന ജഢത്തെയലങ്കരിക്കാൻ
ഏറ്റവുംകൂടുതൽ ഞാൻ,
ചിരിച്ചുകൊണ്ടിരിക്കുന്ന,
പ്രൊഫൈൽച്ചിത്രങ്ങൾ തിരയരുത്!
എന്റെ ഓർമ്മകൾ നിലനിറുത്തുവാൻ
ഞാനെഴുതിയ രചനകൾക്കൊണ്ടൊരു,
പുസ്തകമെന്ന പുഷ്പമാല്യമർപ്പിക്കാൻ,
ശ്രമിക്കരുത്!
ഞാനില്ലാത്ത ലോകത്തെക്കുറിച്ച്
സുഹൃത്തുമായി ചർച്ചചെയ്യുകയോ,
അതുവഴി ഗുണദോഷങ്ങൾ
വിലയിരുത്തുകയോ ചെയ്യാം.
ഞാൻ ചെയ്തിട്ടുള്ള ദ്രോഹങ്ങൾ
ഇഴകീറി പരിശോധിക്കുകയും
ഉചിതമായ ശാപവചനങ്ങൾ,
ഉരുവിടുകയും ചെയ്യാം.
ഞാൻ മൂലമുള്ള സ്നേഹസാഹോദര്യങ്ങൾ,
ഓർമ്മച്ചെപ്പുതുറന്ന്,
സ്വയം സ്മരിക്കുകമാത്രം ചെയ്യുക.
സ്വയം.. സ്വയം മാത്രം!..
- ജോയ് ഗുരുവായൂർ
Comments
Post a Comment