മനോരോഗികളും സദാചാരവിരുദ്ധരും
ഇന്നത്തെപ്പോലെ പണ്ടുമുണ്ടായിരുന്നു.
മനുഷ്യരെ, ഇവ്വകയാവാൻ പ്രേരിപ്പിക്കുന്നത്
തലച്ചോറിലെ വഴിപിഴച്ചകോശങ്ങളാണെന്നു പഠിപ്പിച്ചത്,
വേദോപദേശിയായിരുന്ന അന്തോണിമാഷായിരുന്നു.
സൗന്ദര്യങ്ങൾ, ബാഹ്യമായി ആസ്വദിക്കാനുള്ളതാണെന്നും
എല്ലാ സൗന്ദര്യങ്ങളെയും സ്വാർത്ഥമായി, പിച്ചിച്ചീന്തിയനുഭവിക്കാനുള്ളതല്ലെന്നും,
ദുരാഗ്രഹംമൂക്കുമ്പോൾ മനുഷ്യർ,
അന്യൻ്റെ മുതലിനായി ദാഹിക്കുന്നെന്നും,
അർഹതപ്പെടാത്തത് നേടുന്നെന്നും
അവയൊന്നുമൊരിക്കലും
ശാശ്വതമായിരിക്കുകയില്ലെന്നും,
ഇന്നല്ലെങ്കിൽ നാളെ, പൊതുമദ്ധ്യത്തിലവർ
അവഹേളിതരാകുമെന്നും ഉപദേശിച്ചത്,
പ്രിയപ്പെട്ട മാഷായിരുന്നു.
എന്തിനോടുമുള്ള അമിതാസക്തികളും
ദ്രവ്യാഗ്രഹങ്ങളുമാണ് മനുഷ്യരെ,
ഭ്രാന്തരാക്കുന്നതും വഴിതെറ്റിക്കുന്നതും..
പ്രതിസന്ധികളിൽ, പ്രത്യാശകൈവിടാതെ ജീവിക്കണം.
വർഷങ്ങളൊത്തിരി കടന്നുപോകുമ്പോളും
മാഷിൻ്റെ നിദർശനങ്ങളുണ്ടായിരുന്നു കൂട്ടിന്.
സത്സ്വഭാവങ്ങളുടെ ആദർശമാതൃകയായിരുന്ന,
മാഷാണിപ്പോൾ പങ്കയിൽത്തൂങ്ങി ജഢമായാടുന്നത്!
വിരമിക്കലിനുശേഷം വട്ടിപ്പലിശതുടങ്ങിയെന്നോ,
മക്കളാൽ ഉപക്ഷിക്കപ്പെട്ടെന്നോ,
മുഖപുസ്തകത്തിൽ കുത്തിക്കുറിയ്ക്കാൻ തുടങ്ങിയെന്നോ,
അമ്പത്തെട്ടാം വയസ്സിൽ,
ഭർത്താവും കുട്ടികളുമുള്ളൊരു സ്ത്രീയെ
പ്രണയിച്ചുവശായെന്നോ,
മാഷിനെയവൾ ചതിച്ചെന്നോ,
അങ്ങനെയങ്ങനെയങ്ങനെയെന്തൊക്കെയോ!
(ജോയ് ഗുരുവായൂർ)
Comments
Post a Comment