"ദൈവ"ത്തിനുള്ളതു ന്യായമായും ദൈവത്തിനും,
"സീസറി"നുള്ളതു സീസറിനും കൊടുക്കണമെന്നാണല്ലോ,
കടമകളുടെയും ഉത്തരവാദിത്വബോധത്തിന്റെയും,
സാമൂഹ്യ-സാംസ്കാരിക ബോധത്തിന്റെയും ആദ്യപാഠം!
ഏതൊരു കാര്യങ്ങളിലും സീസറും ദൈവവുമുണ്ട്.
അതുമറന്നുകൊണ്ടുള്ള ജീവിതമാണ്,
കല്ലുകളും കുഴികളുംനിറഞ്ഞ വീഥിയിലെന്നപോലെ,
ആടിയുലഞ്ഞു ദുസ്സഹമായിത്തീരുന്നത്.
ഉള്ളതിൽമൊത്തം ദൈവത്തിനോ സീസറിനോ,
കൊടുക്കുമ്പോൾ കണക്കുപുസ്തകം അസന്തുലിതമാകുന്നു.
ആർക്കെന്തൊക്കെ കൊടുക്കണമെന്നു തീരുമാനിക്കുന്നത്,
നാംതന്നെയല്ലാതെ മറ്റാരുമല്ലല്ലോ.
ചില സംഗതികൾ ദൈവത്തിനു മാത്രവും,
ചിലവ സീസറിനുമാത്രവും അവകാശപ്പെട്ടവയായിരിക്കാം.
സീസറിനുകിട്ടേണ്ടവയാഗ്രഹിക്കാൻ ദൈവത്തിനോ,
ദൈവത്തിനുകിട്ടേണ്ടവയാഗ്രഹിക്കാൻ തിരിച്ചോ, അധികാരമില്ല!
ഇരുവരെയും തൃപ്തിപ്പെടുത്തിക്കൊണ്ടുള്ളൊരു
ജീവിതമായിരിക്കും എല്ലാവർക്കും സമാധാനപൂരിതം.
അർഹതയാണ് കൊടുക്കൽവാങ്ങലുകളിൽ പ്രധാനം.
അവരവർക്കുള്ള അർഹത തിട്ടപ്പെടുത്തേണ്ടതും സ്വയംതന്നേ!
അളവുകോലുകളിൽ മായംചേർക്കാൻ ശ്രമിക്കുംതോറും.
സ്വന്തം വിഹിതം കുറഞ്ഞുകുറഞ്ഞുവന്നേക്കാം.
അത്യാഗ്രഹങ്ങൾ അനുദിനം പെരുകുമ്പോൾ,
പൊന്മുട്ടയിടുന്ന താറാവുകൾ പിടഞ്ഞുവീണേക്കാം.
നമ്മുടെ ചിന്തകൾക്കനുസൃതമായി മാത്രം
മറ്റുള്ളവർ ചിന്തിച്ചുകൊള്ളണമെന്നുള്ള വാശി നന്നല്ല.
മറ്റുള്ളവർ ചിന്തിക്കുന്നതെന്തെന്നു കണ്ടുപിടിച്ച്,
ചിന്തിക്കുന്നവർക്കാണ് ജീവിതത്തിൽ വിജയം.
തല്ലിപ്പഴുപ്പിച്ച ഫലങ്ങൾക്ക് മധുരമുണ്ടാവുകയില്ല!
വൃക്ഷത്തിൽനിന്നുകൊണ്ട് മൂത്തുപഴുത്ത ഫലങ്ങൾ,
എത്രകഴിച്ചാലും വീണ്ടുമവ ആഗ്രഹിച്ചുപോകും.
മനസ്സുകളുടെ കാര്യത്തിലും ഫലം മറിച്ചല്ലാ!
നമ്മളിലോരോരുത്തരിലും സീസറും ദൈവവുമുണ്ട്,
അർഹതയുടെയും ആഗ്രഹങ്ങളുടെയും സ്വത്വങ്ങൾ!
അധികാരംകൊണ്ടു നേടുന്നവയെപ്പോലെയെല്ലാം,
ആഗ്രഹങ്ങൾക്കൊണ്ടു നേടുകയെന്നത് എളുപ്പമല്ല.
ഉള്ളത്, ദൈവത്തിനുകൊടുക്കണമോ അഥവാ,
സീസറിനോയെന്നു തീരുമാനിക്കുന്നത് മനസ്സുകളാകയാൽ,
കിട്ടുന്നതെല്ലാം സ്വീകരിച്ചുകൊണ്ട് സന്തോഷത്തോടെ,
ജീവിക്കുകയെന്നതായിരിക്കും ഇരുവർക്കും നല്ലത്!
- ജോയ് ഗുരുവായൂർ
Comments
Post a Comment