ജന്തുശാസ്ത്രം ആധികാരികമായി
പഠിച്ചിട്ടില്ലാത്ത കൃഷ്ണൻകുട്ടിനായർ,
അധഃകൃതനായൊരു
ആനപ്പാപ്പാനായിരുന്നിരിക്കാം.
ആനയ്ക്ക് തൂറ്റൽനിൽക്കുന്ന സാഹചര്യങ്ങൾ
"ജന്തുശാസ്ത്രാംദേഹി"കളായ ഞങ്ങൾക്ക്
ആദ്യമായി പറഞ്ഞുതന്നത് പുള്ളിയായിരുന്നു!
പാറ്റയേയും തവളയേയും സ്രാവിനേയും
പുൽച്ചാടികളെയും കീറുന്ന ഞങ്ങൾക്ക്
ആനയെപ്പറ്റി അറിവൊന്നുമുണ്ടായിരുന്നില്ലല്ലോ.
രാത്രിയിൽ ചങ്ങലകുടയുന്ന കൊമ്പന്റെ,
കാതിൽ തോട്ടിയിട്ടുവലിക്കുന്നപോലെ,
കൃഷ്ണേട്ടന്റെ തെറികൾ ചാട്ടുളികൾ!
നാളത്തെ പരീക്ഷയ്ക്കുപഠിക്കുന്ന,
അയൽമുറിയിലെ ഞങ്ങൾക്കത്
ചിരിയുടെ മാലപ്പടക്കങ്ങളായിരുന്നു.
കഞ്ചാവുണർത്തുന്ന മസ്തിഷ്കജ്വരത്തിൽ,
പറയുന്ന സൂക്തങ്ങളെല്ലാം ഞങ്ങളിലന്ന്
ഒട്ടേറെ ചിരിയുണർത്തിയിരുന്നു.. ഇന്നും...
ഞാഞ്ഞൂലുപോലൊരു മനുഷ്യൻ,
ആനയുടെ കൊമ്പുപിടിച്ച്, അതിനെ,
"ഇക്ഷ" വരയ്പ്പിക്കുന്നതു കാണേണ്ടകാഴ്ചയും!
രാവിലെ പ്രാതൽകഴിക്കുന്ന കടയിലെ,
ഒന്നാംബെഞ്ചിലന്നും പത്രവുമായി പുളളി..
ആനയല്ലാ, ആളാണു പ്രശ്നമെന്നുള്ള മുഖം!
പിള്ളേരേ.. നിങ്ങൾക്കെന്തറിയാം?!
രണ്ടെല്ലും അമ്പതുഗ്രാം ഇറച്ചിയും!.....
അതിനാണീ ചെറ്റകളുടെ കിളിപോകുന്നത്..
തങ്കമണിയോ വിധുരയോ എന്നോർമ്മയില്ല,
ബാലികാപീഡനവാർത്തയിലുടക്കിയ കണ്ണുകൾ..
കൃഷ്ണേട്ടനിന്നും മനസ്സിൽ ജീവിക്കുന്നു!
- ജോയ് ഗുരുവായൂർ
Comments
Post a Comment