ഒറ്റപ്പെടുന്നവരെല്ലാം
മുടന്തനൊട്ടകങ്ങളെപ്പോലെ
വികാരങ്ങൾക്കു വിലങ്ങിടുന്നവർ. നിർവ്വികാരമിഴികളോടെ
മരുപ്പച്ച കിനാവുകാണുന്നവർ.
മനസ്സിൽ തിങ്ങുമോർമ്മകൾ
അയവെട്ടിയുള്ള ജീവനം.
ഏതോ ദുരന്തകഥയുടെ
ബാക്കിപത്രങ്ങൾ.
വരൾച്ചയെ അതിജീവിച്ച
കണ്ണുനീർപ്പരലുകൾ പേറുന്നവർ.
കേൾക്കാനാളില്ലാത്തതുകൊണ്ട്
കരയാൻ തുനിയാത്തവർ.
ചിന്തകളുടെ ചിറകിലേറി
അലയുന്ന ഗഗനചാരികൾ!
ഏകാന്തതയിലുമൊരു സുഖമുണ്ട്
സ്വസാന്ത്വനത്തിൻ്റെ സുഖം!
പൂർണ്ണനഗ്നമായി
കിടന്നുറങ്ങുന്ന സുഖം!
ഉൾക്കണ്ണിനാൽ കാഴ്ചകൾകണ്ടു
മയങ്ങുന്ന സുഖം!
വികാരങ്ങൾ പങ്കുവെയ്ക്കാതെ,
മൊത്തത്തിലനുഭവിക്കുന്ന സുഖം!
പരാതികൾ കേൾക്കേണ്ടാ,
വിലാപങ്ങൾ കാണേണ്ടാ..
ഏകാന്തതേ.. ചിലപ്പോൾത്തോന്നും,
നീയാണെൻ്റേറ്റംവലിയ സുഹൃത്തെന്ന്!
അതേ, അനുഭവിക്കാൻ പഠിച്ചുകഴിഞ്ഞാൽ, ഒറ്റപ്പെടലിൻ്റെ സുഖവും
ഒന്നുവേറെത്തന്നെയാണ്!
Comments
Post a Comment