നമ്മളിന്ന് എന്തൊക്കെയായാലും
വന്നവഴി മറക്കരുത്..
എല്ലാമുപേക്ഷിച്ച്,
കടന്നുവന്ന വഴികളിലൂടെ തിരികേ സഞ്ചരിക്കുമ്പോൾ,
അന്നുനിന്നെ പേടിപ്പിച്ച
ചാവാലിപ്പട്ടികളെ ഗൗനിക്കരുത്!
കാരണം..
അവർക്ക് ആവശ്യത്തിൽക്കൂടുതൽ
ബഹുമാനവും ഭയവും നമ്മൾ കൊടുത്തു കഴിഞ്ഞതാണ്.
അതിനുശേഷമുള്ള
ഒരുപാടു യാത്രാവിവരണങ്ങൾ
നമ്മുടെ മനസ്സിലിനിയും ആസ്വാദകരില്ലാത്തതിനാൽ,
എഴുതാതെ കിടപ്പുണ്ട്!
ചിലവമാത്രം ചിന്തിക്കുക...
കണ്ടവരെയൊക്കെ സ്നേഹിച്ചിട്ടും ബഹുമാനിച്ചിട്ടും
നീ സ്വയമിന്നെവിടെയാണ്?!..
നിൻ്റെ വിലപ്പെട്ട സമയവും വിയർപ്പും അന്യാധീനപ്പെട്ടിട്ടു പോയിട്ടുണ്ടോ?
നിൻ്റെയസ്തിത്വത്തെ മാനിക്കുന്ന
ആരെങ്കിലുമിന്നുണ്ടോ?
നിന്നെ നീയെന്നുമാനിക്കുന്ന,
ഒരാളെങ്കിലും?!..
ഉണ്ടെങ്കിൽ,
നീയവർക്കുവേണ്ടി ജീവിക്കണം.
ആകാശത്തുള്ള നക്ഷത്രങ്ങളൊത്തെന്നേക്കാൾ,
എത്രയോ സന്തോഷകരമായിരിക്കും
ഭൂമിയിലുള്ള അവരുമായുള്ള ജീവിതം!
ഇല്ലെങ്കിൽ,
നീയൊരു മണ്ടനാണ്, ഷണ്ഡനാണ്,
അല്ലെങ്കിൽ ഭ്രാന്തനാണ്.
കഴുത്തിലൊരു തിരികല്ലുകെട്ടി,
കടലിൻ്റെയഗാധതയിലേക്കു പോകുക!
കാരണം,
നീ നീയല്ലാതായെന്നു നിനക്ക് ബോദ്ധ്യമാവുന്ന
നിമിഷങ്ങളിലൊന്നിലും
നിനക്ക് ജീവിക്കാനാവില്ല.
നീ നല്ലവനായിരുന്നെന്നു നിനക്കു ബോദ്ധ്യമുണ്ടെങ്കിൽ
പഴയതിലേക്ക് തിരിഞ്ഞുനടക്കുക,
അല്ലെങ്കിൽ മരിക്കുക!
- ജോയ് ഗുരുവായൂർ
Comments
Post a Comment