ശപിക്കാതെ സോദരേ ദൗർഭാഗ്യഹേതുവായ്
രോഗം ഗ്രസിച്ചിടും ജന്മങ്ങളെ.
അരുതരുതകറ്റല്ലേ- യീഭൂവിലേറ്റവും
കരുണയർഹിക്കുന്ന കൂട്ടങ്ങളെ.
ദുർവ്വിധിപേറി പിറന്നുവീണീടുന്ന
പൈതങ്ങൾ തെറ്റുകാരായിടുമോ?
സ്പർശനത്താലൊട്ടും പകരാത്ത രോഗത്തി-
ന്നിരകളെ കൈകളിൽ കാക്കണമേ.
രോഗത്തിൻ പീഢയാൽ സന്താപചിത്തരാം
സോദരെ ചേർത്തുപിടിക്കുക നാം.
രോഗികൾ പാപികളല്ലെന്ന ചിന്തയിൽ
കാരുണ്യവീഥിയെ പുൽകി നീങ്ങാം.
സന്തോഷകാരിയാം പുഞ്ചിരിപ്പൂവുകൾ
എല്ലാ മനസ്സിലും പൂത്തിടുവാൻ,
ദ്വേഷംമറന്നങ്ങു മുന്നോട്ടിറങ്ങിടാം
കരുണതൻ കൈത്താലമേന്തിയെന്നും!
ആശങ്കയേതുമേ-യില്ലാതെ നിത്യവും
രോഗികൾക്കാലംബമായി നിൽക്കാം.
ഈലോകവാസത്തിൽ നന്മതൻ ദീപമായ്
കൂരിരുൾപ്പാതകൾ ദീപ്തമാക്കാം. (2)
- ജോയ് ഗുരുവായൂർ
Comments
Post a Comment