ക്രിസ്തു, ഗാന്ധി, കലാം..
ഓർക്കുമ്പോളിന്നുമൊരു കോരിത്തരിപ്പാ!..
ഉള്ളവരില്ലാത്തവർക്കു കൊടുക്കണം,
ഏറ്റവും ലളിതമായി ജീവിക്കണം,
സ്ത്രീധനം വാങ്ങരുത്,
ജാതിചിന്തകൾ മ്ലേച്ഛം,
ദ്രവ്യാഗ്രഹങ്ങൾ പാടില്ല,
ജീവിക്കാനാവശ്യത്തിൽക്കൂടുതലുണ്ടാക്കരുത്,
തന്നെപ്പോലെ മറ്റുള്ളവരെയും സ്നേഹിക്കണം,
മറ്റുള്ളവരുടെയാവശ്യങ്ങൾ നമ്മുടേതും,
ആശ്രിതവത്സലനായി വിളങ്ങണം,
സ്നേഹത്തിന് അതിർവരമ്പുകൾ പാടില്ല,
നീയുണ്ടില്ലെങ്കിലും ഊട്ടണം,
നിനക്കില്ലെങ്കിലും കടംവാങ്ങിക്കൊടുക്കണം,
നിന്നെ ദ്വേഷിച്ചവരോട് നീ പുഞ്ചിരിക്കണം,
ഒരു കരണത്തടിക്കുന്നവർക്ക് മറുകരണവും...,
നന്മകൾ ചെയ്തുകൊണ്ടിരിക്കണം,
മരിച്ചിട്ടു സ്വർഗ്ഗത്തിൽപ്പോകണമെങ്കിൽമതി.
ജീവിതമൊരു ചോദ്യചിഹ്നമായിനിൽക്കേ,
ഇനിയുമെന്തൊക്കെ ചെയ്യണം?!
എല്ലാമാവുന്നതുപോലെചെയ്തു നായകരേ..
അടുപ്പിൽ തീ പുകയാതാവുമ്പോളെങ്കിലും
ഒരു സ്വവിരമിക്കൽ ആവശ്യമാകുന്നു.
ദയവായെൻ്റെ നിലവാരമൊന്നുപറയാമോ?
അതുംചുരുട്ടിപ്പിടിച്ച്, ആറടിമൺകുഴിയിൽ,
നീണ്ടുനിവർന്നൊന്നു കിടക്കാനാ..
നിങ്ങളെയോർത്ത് കോരിത്തരിച്ചുകൊണ്ട്,
സ്വർഗ്ഗവാതിൽ സ്വപ്നംകണ്ടുകൊണ്ട്!..
- ജോയ് ഗുരുവായൂർ
Comments
Post a Comment