പ്രകാശന്റെമേൽ എന്നെന്നും
"പ്രകാശൻ" പ്രകാശം ചൊരിഞ്ഞിരുന്നു.
ഇവിടെ, താനാണു പ്രകാശമെന്നു
തെറ്റിദ്ധരിച്ചിരുന്നതിനാൽ
പ്രകാശമെന്തെന്നു പ്രകാശന്
അറിയാമായിരുന്നില്ല.
ഒരു സുപ്രഭാതത്തിൽ
പ്രകാശൻ വെള്ളമടിച്ചു
പകൽമുഴുവൻ കിടന്നുറങ്ങി,
രാത്രിയായപ്പോൾ ഉണർന്നു.
കൊതുകുകൾ മത്സരിച്ചുകടിക്കുന്നു.
ഒട്ടും പ്രകാശമില്ലാതായപ്പോൾ,
ഒന്നു വെളുക്കേ ചിരിച്ചുനോക്കി.
നോ രക്ഷ!.. പ്രകാശമില്ല!
മച്ചിന്റകത്തുനിന്നു
ക്ഷയംപിടിച്ച അമ്മയുടെ
ചുമകൾ കേൾക്കുന്നു.
പണ്ടാരമടങ്ങാൻ
തള്ളയിതേവരെ ചത്തില്ലേ?!..
എന്താ തള്ളേ.. ഉറങ്ങാറായില്ലേ?
പാരാത്രിയായല്ലോ..
ഒടുക്കത്തെയീ ചുമ!
മോനേ.. പതിയാംപുറത്ത്,
ചോറെടുത്തു മൂടിവെച്ചിട്ടുണ്ട്
തിന്നോളൂ മോനേ..
വീണ്ടും ചുമ!
നോക്കിയപ്പോളൊരു മണ്ണെണ്ണവെളിച്ചം!
വിശന്ന പ്രാണികളുടെ ഭ്രമണങ്ങൾ..
കരിപിടിച്ച ചട്ടികൊണ്ടടച്ച ഭക്ഷണം.
പ്രകാശന്റെ വയറ്റിൽ അണുവിസ്ഫോടനം!
ജപ്പാനെന്ന ചോറും
ഹിരോഷിമയെന്ന പരിപ്പും
നാഗസാക്കിയെന്ന ഉണക്കമീനുംകൂട്ടി
ഹിറ്റ്‌ലറെ ധ്യാനിച്ചു തകർത്തു!
വിശപ്പടങ്ങിയപ്പോൾ വിളക്കിനെ നോക്കി...
പ്രകാശമൊട്ടുമേയില്ലാ!..
ഒന്നുകൂടെ സൂക്ഷിച്ചുനോക്കി.
വിളക്കിന്റെ ജ്വാലകൾ
താണ്ഡവമാടുന്നു..
പ്രകാശം കൂടിക്കൂടിവരുന്നു..
ജ്വാലയിൽ ചന്ദ്രകളങ്കംപോലെ
അച്ഛന്റെ രൂപം!
മോനേ എന്നുള്ള വിളി..
രണ്ടാംലോക മഹായുദ്ധക്കളത്തിൽനിന്ന്!
പാതിരാത്രിയിലും
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം!
പ്രകാശൻ കണ്ണുകളിറുക്കിയടച്ചു.
കൂരിരുട്ടിൽനിന്നു വീണ്ടും ചുമകൾ...
- ജോയ് ഗുരുവായൂർ
Comments
Post a Comment