മിണ്ടരുത്.. നീ മിണ്ടരുത്!
മിണ്ടാട്ടത്തിൻ്റെ അതിരുകൾ ലംഘിച്ചവർ
കാരാഗൃഹത്തിൻ്റെ അഴികളെണ്ണുകയാണ്.
മുപ്പത് വെള്ളിനാണയങ്ങൾക്കുവേണ്ടി
നീ നിന്നെത്തന്നെ ഒറ്റിക്കൊടുത്തിരിക്കുന്നു.
മനസ്സും പണയംവെച്ചതോടെ,
നിൻ്റെ മൂക്കിൽ മൂക്കുകയറും
നാക്കിൽ ഓട്ടകളും
കൈകാലുകളിൽ വിലങ്ങുകളും വീഴപ്പെട്ടിരിക്കുന്നു.
മിണ്ടാനും മുള്ളാനുമുള്ള അവകാശംവരെ
നീ തീറെഴുതിക്കൊടുത്തിരിക്കുന്നു.
ഇനി വറുതിക്കാലം..
ഘോരവനങ്ങളിലെ അടുപ്പുകൾ
അസമയത്ത് വീണ്ടും പുകയും.
കാക്കിയിട്ട തോക്കുകൾ ഒളിസങ്കേതങ്ങളുടെ ഉറക്കംകെടുത്തും.
മൗനനിയമങ്ങളെ ലംഘിക്കുന്ന മനുഷ്യരുടെ
രക്തത്തിൽ കാനനപാതകൾ കുതിരും.
മാറുമറയ്ക്കാനാവാതെ നിൻ്റെ ഭാര്യ കരയും.
വീണ്ടുമൊരു താന്തിയാത്തോപ്പിയും
സഹോദരനയ്യപ്പനും മഹാത്മജിയും
ഇവിടെയവതാരമെടുക്കും.
നമ്മളെ നമ്മളിൽനിന്നുതന്നെ
രക്ഷിക്കാനുള്ള സമരകാഹളങ്ങളുമായ്!
- ജോയ് ഗുരുവായൂർ
Comments
Post a Comment