ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...