Skip to main content

Posts

Showing posts from April, 2020

കാലം മാറി, കഥമാറി ഈ ലോകവും..

കാലംമാറി, കഥമാറി ഈ ലോകവും.. കാലചക്രത്തിന്‍റെ ഗതിയും വിഗതിയായ്. കാണാത്ത കാഴ്ചകള്‍ കേള്‍ക്കാത്ത ശീലുകള്‍ കാര്യങ്ങളെല്ലാമേ തകിടം മറിഞ്ഞു പോയ്‌. കാണാത്തൊരാടിനെത്തേടുമായിടയനെ കണ്ടില്ലെന്നു നടിക്കുന്ന മാനവര്‍. കരണത്തടിയേറ്റു പുളയുന്ന വ്യക്തിയെ കരുണ തീണ്ടാതെയികഴ്ത്തുന്ന ലോകരും. എഴല്ലെഴുപതു വട്ടം ക്ഷമിച്ചിട്ടും എന്തിനുമേതിനും പഴികള്‍ പറയുന്നു. എത്രമേലുള്ളത്തില്‍ കാത്തുവച്ചീടിലും എപ്പോഴുമെപ്പോഴും നിന്ദകള്‍ മാത്രവും. എന്‍റെ സിരകളിലൊഴുകുന്ന ചോരയില്‍ എണ്ണമില്ലാത്ത വിഷങ്ങള്‍ കലര്‍ത്തി നീ. എന്‍റെ നഗ്നത മറയ്ക്കുന്ന ചേലയില്‍ എണ്ണിയാല്‍ത്തീരാത്ത ഓട്ടകളിട്ടു നീ. മാതൃത്വം കിനിയുന്നയെന്‍റെ സ്തനങ്ങളില്‍ മാറാതെ നീയെന്നും ചുളിവുകളുണ്ടാക്കി. മാരിക്കാറുപോല്‍ തിങ്ങുമാ വേണിയോ മാറത്തുപോലുമെത്തീടാതെ പൊഴിയുന്നു. മരണത്തിന്‍ ശംഖൊലി നാദം മുഴങ്ങുന്നു മാറിടം കുഴിഞ്ഞയഗാധ ഗര്‍ത്തങ്ങളില്‍. മോഹമുണ്ടായിട്ടുമൊഴുകുവാനാവാതെ മരുവീടുമാമൃത കുംഭങ്ങള്‍ വറ്റുന്നു. വെയിലേറ്റു വാടാതെ കാത്തുരക്ഷിക്കുന്ന വെണ്‍കൊറ്റ കുടയും തല്ലിത്തകര്‍ത്തു നീ. വീശിത്തണുപ്പിക്കും രാമച്ച ഗന്ധിയാം വീചുകം പോലും വിഷലിപ്തമാക്കി...

സംശയം

"തുമ്പികൾ" കൂട്ടായ്മ്മ, "പുകമറയിൽ" എന്ന വിഷയത്തിൽ നടത്തിയ കവിതാരചനാമത്സരത്തിൽ  സുവർണ്ണനക്ഷത്രം നേടിയ എന്റെ കവിത. തുമ്പികളുടെ സംഘാടകർക്ക്‌ നന്ദി.. അഭിവാദ്യങ്ങൾ! സംശയമെന്നൊരു പുകമറതന്നിലായ് നീറിപ്പുകയുന്നു മർത്യർ.  വിശ്വാസക്കോട്ടകൾ തച്ചുതകർക്കുന്ന സംശയമല്ലോ വിപത്ത്‌. രാവിലെപ്പോലും ചിരിച്ചുപിരിഞ്ഞവർ മദ്ധ്യാഹ്നത്തോടെയിടയും.  നാരദസൂക്തങ്ങളോതിക്കൊടുക്കുന്ന ദോഷൈകദൃക്ക് രസിക്കും. നല്ല ബന്ധങ്ങൾ സുഗന്ധംപരത്തുമ്പോൾ ഒട്ടുംസഹിക്കാത്ത വർഗ്ഗം, സൗഹൃദഭാവത്തിൽ വന്നണഞ്ഞിട്ടങ്ങു, മ്ലേച്ഛമാം കാര്യങ്ങൾചൊല്ലും. ദുർബ്ബലമാനസരായിടും മാനവർ ഒട്ടൊന്നു ദുഖത്തിലാഴും. വിശ്വാസവഞ്ചനയ്ക്കിരയായതോർത്തോത്തു വ്യഥിത മാനസരാകും. അത്രമേൽ സ്നേഹിച്ച സ്വന്തംസുഹൃത്തിന്റെ മനമൊരു പാപക്കടലോ?! എങ്ങനെയങ്ങനെ തന്നോടുചെയ്യുവാൻ, ആത്മാർത്ഥ മിത്രത്തിനാവും?! രാവുകൾ പകലുകൾ ചിന്തകളായിരം, നിദ്രയെപ്പോലും ഹനിക്കും. സ്വന്തംസുഹൃത്തിനെ അവിശ്വസിച്ചീടുവാ- നാവാതെ നിത്യം മരുവും. നല്ല ബന്ധങ്ങളിൽ വിള്ളൽവീഴ്ത്തീടുവാൻ സാത്താന്മാരായിരം ചുറ്റിൽ. ഇത്തരക്കാരുടെ പുകമറവേലകൾ നമ്മെ കുടുക്കുവാൻമാത്രം. സത്യങ്ങളെല...

പ്രായമാവണം.......

പ്രായമാവണം നമുക്ക് പ്രായമാവണം അരുമമക്കള്‍ക്കു നേരുകള്‍ ‍ ചൊല്ലിക്കൊടുക്കാനു- മവരിലറിവിന്‍ ദീപം തെളിയ്ക്കാനും വിവേകമാവോളം പകര്‍ന്നിട്ടവരെ ഉല്‍പതിഷ്ണുക്കളാക്കാനും പ്രായമാവണം നമുക്ക് പ്രായമാവണം ചേട്ടനെന്നും ചേച്ചിയെന്നും, മക്കളാലച്ഛനമ്മയെന്നും വിളിക്കപ്പെടാനു- മവരെ സംരക്ഷിച്ചീടാനു- മവരാല്‍ സംരക്ഷിക്കപ്പെടാനും, സ്നേഹിക്കപ്പെടാനുമല്ലെങ്കി- ലവരാല്‍ നിഷ്ക്കാസിതരാവാനും പ്രായമാവണം നമുക്ക് പ്രായമാവണം ചാരുകസേരയിലിരുന്ന്, ഒട്ടിയ കവിളകത്തു വെറ്റില തിരുകി മുറ്റത്തെ മൂലയില്‍ നില്ക്കുന്ന മൂവാണ്ടന്‍മാവിന്‍തൊലിയിലെ വിണ്ടുകീറലുകള്‍ നോക്കി കൈവിട്ടു പോയോരാ മധുരമാം ചെറുപ്പകാലമയവിറക്കീടാനും പ്രായമാവണം നമുക്ക് പ്രായമാവണം പേരക്കുട്ടികളുടെ കുഞ്ഞുമുഖങ്ങളില്‍ ‍ കഥകള്‍ ചൊല്ലി പുഞ്ചിരി വിടര്‍ത്താനും കാലം പഠിപ്പിച്ച പാഠങ്ങള്‍ നിരന്തര- മവരെ പഠിപ്പിച്ചു യോഗ്യരാക്കാനും സുമനസ്സുകളുടെ ചെയ്തികളാ- ലെന്നുമഞ്ചിതരായീടുവാനും അപക്വമതികള്‍ തന്‍ വേലകള്‍ ശാന്തമായ് ക്ഷമിച്ചീടാനും പ്രായമാവണം നമുക്ക് പ്രായമാവണം കഥകളില്‍ ഗൃഹാതുരത നിറയ്ക്കും മുത്തച്ഛനും മുത്തശ്ശിയുമെല്ലാമിഹ അരങ്ങൊഴിയാതിരിക്കാന...

വിഷുവെന്നെയോര്‍മ്മിപ്പിക്കുന്നത്

തിളച്ചുമറിയുന്ന വെളിച്ചെണ്ണയില്‍ നൃത്തംചെയ്യുന്ന കായവറുത്തതും കാളന്‍, ഓലന്‍, സാമ്പാര്‍, അവിയല്‍, പുളിശ്ശേരി, എരിശ്ശേരി, തീയല്‍, പപ്പടം, എന്നിവയുടെ മനംമയക്കുന്ന ഗന്ധത്തിലുമുപരി, വിഷുവെന്നെയോര്‍മ്മിപ്പിക്കുന്നത്... ഷാജിയുടെ അമ്മ രാധേടത്തിയെയാണ്; അവര്‍ കൊണ്ടുവരുന്ന വിഷുക്കട്ടയും പപ്പടങ്ങളെയുമാണ്‌. ലക്ഷ്മിക്കുട്ടിയമ്മയെയും അവരുണ്ടാക്കുന്ന പാലടപ്രഥമനെയുമാണ്. കോമളച്ചേച്ചിയുടേയും ഷീലയുടെയും ബാക്കിയുള്ളവരുടെയും വട്ടക്കളിയാണ്. സുരേഷിന്റെയും, അശോകന്റെയും, ഹരിയുടെയും, വാസ്വേട്ടന്റെയും അമ്മ തരുന്ന കുമ്പിള്‍പ്പുഴുക്കാണ്; പിശുക്കനായ അപ്പാപ്പന്‍ ചന്തയില്‍നിന്നു വാങ്ങിക്കൊണ്ടുവരുന്ന ഏറുപടക്കങ്ങളാണ്; ഇറച്ചിയും മീനും വര്‍ജ്ജിച്ച നസ്രാണിവീടുകളില്‍നിന്നുയരുന്ന കൊതി തോന്നിക്കാത്ത പച്ചക്കറിഗന്ധങ്ങളാണ്. ദൈവമേ, ഈ സ്വര്‍ഗ്ഗമെങ്ങു പോയ്പ്പോയ്?! വിഷുവെന്നാല്‍ ഇതൊക്കെയായിരുന്നുവെന്നു പറഞ്ഞാലിന്നു മക്കള്‍ വിശ്വസിക്കുമോ ആവോ?!

സന്ധ്യയുടെ കാമുകന്‍

അകലേ, മൊട്ടക്കുന്നുകളില്‍ അവിടവിടെയായി നിലകൊണ്ട കാറ്റാടിമരങ്ങളുടെ ചില്ലകള്‍, കലിതുള്ളുംഭൂതങ്ങളെപ്പോലെ കാറ്റിലുലയുന്നത് അലസമായിവീക്ഷിച്ചുകൊണ്ട് സന്ധ്യ, തന്‍റെ കൊച്ചുകുടിലിന്റെ ഉമ്മറത്തിണ്ണയിലെരിയുന്ന ദീപത്തിന്‍റെ ഇത്തിരിവെട്ടത്തില്‍ ഇരുന്നു. കുന്നിറങ്ങി, അനസ്യൂതം പ്രവഹിക്കുന്ന മന്ദമാരുതന്‍, പ്രകാശത്തിനു വലയംവെക്കുന്ന ചെറുപ്രാണികള്‍ നിയന്ത്രണംവിട്ട് നാളത്തിനിരയാകുമ്പോഴുണ്ടാകുന്ന ഗന്ധത്തെ, എരിയുന്ന എണ്ണയുടേതുമായി ലയിപ്പിച്ച്, ഒരു പുതിയഗന്ധം സൃഷ്ടിച്ചു. അവളുടെ, വിടര്‍ത്തിയിട്ട, ഈറനണിഞ്ഞ കാര്‍ക്കൂന്തലില്‍കുരുങ്ങിയ ചില പേരറിയാപ്രാണികള്‍ രക്ഷപ്പെടാനായി അശ്രാന്തപരിശ്രമം നടത്തി. ‍ ഇരതേടിവലഞ്ഞ് ഉമ്മറത്തിന്‍റെ ഇരുണ്ടൊരു മൂലയിരുന്ന കരിമ്പൂച്ചയുടെ ആര്‍ത്തിക്കണ്ണുകള്‍ അവളുടെ മനസ്സില്‍ ഭീതിയുടെ വിത്തുകള്‍പാകി. കാമുകനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉത്സുകതയും ജിജ്ഞാസയുംമൂലം അവളുടെ മനോഹരനയനങ്ങള്‍ പനിനീര്‍ദളങ്ങളിലെ മഞ്ഞുതുള്ളിപോലെ തിളങ്ങി. കുന്നിന്‍ചരുവിലെ ശ്രീകോവിലില്‍നിന്നൊഴുകിയ സന്ധ്യാവന്ദനശീലുകള്‍ അവസാനഘട്ടത്തിലേക്കു പ്രവേശിച്ചു. തിണ്ണയിലിരുന്ന ദീപം അരണ്ടരണ്ടൊടുവില്‍ കരിന്തിരികത്തി. വി...

പ്രണയമൊരുദാത്തവികാരമാണുപോലും!..

പ്രണയമൊരുദാത്തവികാരമാണുപോലും.. പ്രണയം മനുഷ്യരെ സ്വാര്‍ത്ഥരാക്കുന്നു അന്തര്‍മുഖരായ രണ്ടുപേരേവീതം, അത് ലോകത്തിന് സമ്മാനിക്കുന്നു. നിഷ്ക്രിയതയുടെ വിളനിലങ്ങളിലാണ് പ്രണയങ്ങള്‍ പൂത്തുലയുന്നത്. വിരഹങ്ങളെ ഗര്‍ഭംധരിച്ച് അവ, ഒടുവില്‍ ദുഖങ്ങളെ പ്രസവിച്ചിടുന്നു.. ദിവസം ചെല്ലുംതോറും കണ്ണുകളില്‍ തിമിരം കുത്തിനിറയ്ക്കുകയും സമീപത്തുള്ള സംഭവങ്ങളേവരേ കണ്ണില്‍നിന്നു മറയ്ക്കുകയും ചെയ്യുന്നു സുഹൃദ്ബന്ധങ്ങളും രക്തബന്ധങ്ങളും പ്രണയക്കൊടുങ്കാറ്റില്‍ കടപുഴകുന്നു. നിശകളെ നിദ്രാവിഹീനങ്ങളാക്കുന്നു ഞരമ്പുകളില്‍ രക്തസമ്മര്‍ദ്ദമേറ്റുന്നു വിലപ്പെട്ട സമയം പാഴാക്കിക്കളയുന്നു തലച്ചോറിനെ ഒരേചിന്തയില്‍ തളച്ച്, മറുചിന്തകളെ തടങ്കലിലാക്കുന്നു. അദൃശ്യമായ ബന്ധനത്തില്‍ കുരുക്കി, രണ്ടുജന്മങ്ങളെ വിമ്മിട്ടപ്പെടുത്തുന്നു. തൂലികയിലൂടെ ഒഴുകുന്നതിനെല്ലാം പ്രണയത്തിന്‍റെ കടുംചുവപ്പുനിറവും. കഷ്ടപ്പാടുകളുടെ പര്യായമോ പ്രണയം? പ്രണയമില്ലാത്തവര്‍ സൗഭാഗ്യവര്‍ മൈതാനത്ത് ഒഴുകുന്ന കാറ്റാണവര്‍ കുത്തിയൊഴുകുന്ന പുഴയാണവര്‍ സൗഹൃദം പൂക്കുന്ന മനസ്സാണവര്‍ മലര്‍ക്കേ ചിരിക്കുന്ന മുഖമാണവര്‍ കടിഞ്ഞാണില്ലാത്ത തൂലികയാണവര്‍ ചിന്തക...

പ്രണയനഷ്ടം

എന്നിലെ പ്രണയം വറ്റിപ്പോയി.. മുക്കുറ്റിപ്പൂ മുതല്‍ മൂവാണ്ടന്‍മാവു വരെ, എന്‍റെ പ്രണയത്തെ കട്ടെടുത്തു. എന്‍റെ ഓരോ കോശങ്ങളും പ്രണയത്തിനുവേണ്ടിയായിരുന്നു തുടിച്ചിരുന്നത്.. എന്‍റെ ഓരോ മിഴിചിമ്മലും പ്രണയവര്‍ണ്ണങ്ങള്‍ കാണാനായിരുന്നു ഓരോ ശ്വാസനിശ്വാസങ്ങള്‍ക്കും  പ്രണയതാളമുണ്ടായിരുന്നു.... ഒരക്ഷയപാത്രജലധാരപോലെ എന്നിലെ പ്രണയനിള ഒഴുകിയിരുന്നു. കുറച്ചുദിവസത്തോളമായിരുന്നു ആ സംശയമെന്നെ പിടികൂടിയിട്ട്‌. വച്ചിരുന്നാല്‍ അധികരിക്കും രക്തം പരിശോധിപ്പിക്കണം  സുഹൃത്തേ ഭയക്കാനൊന്നുമില്ലാ  രക്തത്തിലെ, പ്രണയത്തിന്‍റെ കൌണ്ട് ക്രമാതീതമായി കുറഞ്ഞിരിക്കുന്നു മറ്റുകുഴപ്പങ്ങളൊന്നുമില്ലാ ഡോക്ട്ടര്‍സാറേ കുഴപ്പമാവുമല്ലോ|? എന്ത് കുഴപ്പം?.. ഒന്ന്  ബേജാറാവാതെയിരിക്കെടോ പ്രണയമൊരു തുള്ളിപോലുമില്ലാത്തവര്‍ എത്രയോയിവിടെ ജീവിക്കുന്നു. ഈ ഞാന്‍വരേ!... പ്രണയം വാരിക്കോരിക്കൊടുക്കുമ്പോള്‍ ഞാനും ഓര്‍ത്തിരുന്നില്ലാ.. ഇങ്ങനെയൊരു പ്രതിസന്ധിവരുമെന്ന്. സത്യംപറഞ്ഞാല്‍  ഇനിയാണെടോ ജീവിതം.. ആരേയും ഗൗനിക്കാതെ പരിഭവം കാണാതെ, വിഷമങ്ങള്‍ പകുത്തെടുക്കാതെ, ആര്‍ക്കുവേണ്ടിയും കാത്തിരിക്കാതെ, ...

ബലിക്കാക്ക

നിരന്തരം നീയത് വെള്ളത്തില്‍മുക്കുന്നു, പാറമേലുരച്ചു മൂര്‍ച്ചവരുത്തുന്നു, കൈകൊട്ടലുകള്‍ക്കിപ്പുറം, ജനിമൃതികളുടെ പാപഭാരങ്ങള്‍ കരിങ്കല്ലിനേക്കാള്‍ കഠിനമാക്കിയ , എള്ളുകുഴച്ചയുണക്കലരിയുരുളകളെ, കൊത്തിപ്പൊട്ടിച്ചുവിഴുങ്ങാന്‍.... പുഴയില്‍നിന്നൊഴുകിവരുംകാറ്റിനെതിരെ വീശിവീശി, ചിറകുകള്‍ ദൃഢമാക്കുന്നു, ജീവിച്ചിരിക്കേ ഒരു ചെറുരുളപോലും സ്നേഹത്തോടെ നീട്ടാന്‍മറന്ന, തലമുറകളുടെ പശ്ചാത്താപഭാരങ്ങളെ, ചിറകേറ്റി മോക്ഷത്തിലേക്ക് പറക്കാന്‍.. - ജോയ് ഗുരുവായൂര്

വേനലില്‍ ഒരു മഴ

ജീവസ്രോതസ്സിന്‍ തീവ്രശോകമൊരു ജ്വാലയായ് ധരണിയെ പുല്കുമ്പോള്‍, ജീവജാലങ്ങള്‍തന്‍ ജീവനുനിറവേകും ജലാംശങ്ങളുയരുന്നിതാ ബാഷ്പമായ്. ആധുനികത പെറ്റിടും അതിക്രമങ്ങളില്‍, ആകാശത്തില്‍ പ്രപഞ്ചനാഥന്‍  കനിഞ്ഞരുളിയ, ആരക്ഷണമാം ഓസോണ്‍പാളിതന്‍ അരക്ഷിതാവസ്ഥ പരത്തുന്നിതല്ലോ ഭീതി. പഞ്ചഭൂതങ്ങള്‍തന്‍ സ്വൈര്യവിഹാരം പ്രതിബന്ധിക്കും മാനവരെന്തേ കേള്‍ക്കാത്തു, പാടത്തുപാടും ചെറുകിളികളുടേയും, പാല്‍ചുരത്തും പൈക്കളുടെയും രോദനം . ഒഴിഞ്ഞ ആവനാഴിയിലമ്പുതിരയും വരുണനും, രോദനങ്ങളില്‍ കൊടുങ്കാറ്റുതിരയും വായുദേവനും,    ഓടിയണഞ്ഞുര്‍വിയെ പുണരാനഗ്നിദേവനും, ഒന്നിച്ചണിനിരക്കുന്നിതായീ വാനിന്‍കീഴെ. കാനനവും തന്‍ശോഭയും ചോലയുമതിന്‍പാട്ടും, കാരിരുമ്പിന്‍ ഹൃദയംപേറും നരാധമര്‍തന്‍ കരാളചെയ്തികള്‍ കന്മഷംചാര്‍ത്തിയ, കറുത്തകോലങ്ങളായ്  നിലകൊള്ളുന്നു. മുഖവും കരുവാളിച്ചൊഴുകാനും കഴിയാത്ത, മൂകമാം പുഴകള്‍തന്‍ ഗദ്ഗദമലയടിക്കും മണ്ണില്‍ക്കുരുക്കാന്‍ കഴിയാതെയൊരായിരം, മുജ്ജന്മശാപമേറ്റുവാങ്ങിയ വിത്തുകള്‍. നാരായവേരിലെ നീര് വലിഞ്ഞീടും നേരവുംകാത്ത്,  ഭീതിയോടുഴറും തരുക്കള്‍, നീളേവിരിച്ച തണല്‍പറ്റാന്‍ മത്സര...

നിത്യത

ഈ പ്രപഞ്ചത്തില്‍ നശ്വരമായതൊന്നുമില്ലാ, ഒന്നുതന്നേ പലയവസ്ഥകളില്‍ നമുക്ക് ഗോചരമാകുന്നുവെന്നുമാത്രം.. വികാരവിചാരങ്ങളും പദാര്‍ത്ഥങ്ങളും, ജീവന്‍പോലും , നാശത്തിനതീതം!..   സ്നേഹം രൂപാന്തരപ്പെട്ട് ദേഷ്യവും, പ്രിയം അപ്രിയവുമാകുന്നതുപോലെതന്നേ, അനുകൂല സാഹചര്യങ്ങളിലവ പൂര്‍വ്വരൂപം സ്വീകരിക്കുകയും ചെയ്യുന്നു. ജലം ഘനീഭവിച്ച് ഹിമവും ഹിമമുരുകിയാല്‍ ജലവുമാകുന്നതുപോലെ. ജീവന്‍പേറുന്ന ശരീരം അഴുകിയാല്‍  പുഴുക്കളായി പുനര്‍ജ്ജനിക്കുന്നു. പിന്നീടവ മണ്ണിലലിഞ്ഞു വളമായി ചെടികളായി വീണ്ടുമുയിര്‍ക്കുന്നു. അതിലെ പൂക്കള്‍ പൂമ്പാറ്റകള്‍ക്കും കായ്കള്‍ മറ്റുജീവജാലങ്ങള്‍ക്കും അന്നമാകുന്നു.. കാലത്തിന്‍റെ ഒഴുക്കില്‍, അവയും രൂപാന്തരപ്പെട്ട്, വ്യത്യസ്തരൂപങ്ങള്‍ സ്വീകരിക്കുന്നു. പ്രകൃതിയില്‍ പുതുതായൊന്നും ഉടലെടുക്കുന്നില്ലാ.. നമ്മള്‍ കാണുന്നതെല്ലാം, അമൂല്യമായ ജീവന്‍റെ ചാക്രികപ്രവാഹം മാത്രം. പാറപൊടിഞ്ഞ് മണ്ണുണ്ടാകുന്നു, മണ്ണുറച്ച് പാറയും. ഇപ്പോഴുള്ളവയെക്കാള്‍ ഒരുതരികൂടി കൂടുതല്‍ താങ്ങാന്‍, ഈ പ്രപഞ്ചത്തിനായെന്നും വരില്ലാ.. നാശമെന്നൊരു പ്രതിഭാസമേയില്ലാ.. മരണം എന്നൊന്നതും... മരണം മറ...

സ്നേഹത്തിന്‍ പൈതല്‍

വാനിലുദിച്ചൊരു താരകശോഭയില്‍ ജ്ഞാനികള്‍ മൂവരും നീങ്ങി.. ബത്ലേഹം പുല്ക്കൂട്ടില്‍ ജാതനാം യേശുതന്‍ തൃപ്പാദം തൊട്ടുവണങ്ങാന്‍ മഞ്ഞുപൊഴിയുന്ന, മാമരം കോച്ചുന്ന ദിവ്യമാം രാത്രിയതൊന്നില്‍ കാലിത്തൊഴുത്തിലെ കച്ചിയാംമെത്തയില്‍ സ്നേഹത്തിന്‍ നാഥന്‍ പിറന്നു. ആഹ്ലാദചിത്തമായ് വാനംപൊഴിച്ചു, തൂമഞ്ഞില്‍ ദിവ്യപ്രകാശം മാലാഖമാരോ വാനില്‍നിറഞ്ഞങ്ങു സ്തോത്രഗീതങ്ങള്‍ പാടി ഉണ്ണിയെയാദ്യമായ്കണ്ടൊരിടയരോ തപ്പുകള്‍കൊട്ടിയും താളംപിടിച്ചും,  മാനവരക്ഷയ്ക്കായ് ഭൂമിയില്‍ വന്നൊരാ  ദൈവത്തിന്‍പുത്രനെ വാഴ്ത്തി മരണത്തെ പേടിച്ച ക്രൂരനാംരാജാവ് പൈതങ്ങളെ കൊന്നൊടുക്കേ,  ഉണ്ണിയെ കണ്ണില്‍പ്പെടുത്താതെ കാത്തല്ലോ, സ്വര്‍ഗ്ഗസ്ഥനായ പിതാവ് അമ്മയാം മറിയത്തിന്നുദരത്തിന്‍ഫലമായ സ്നേഹത്തിന്‍ പൈതലാം യേശൂ.. ഞങ്ങളിലെന്നെന്നുമേകണേ ചൈതന്യം സത്യത്തിന്‍ പാതയില്‍ നീങ്ങാന്‍. - ജോയ് ഗുരുവായൂര്‍

പള്ളിമണികള്‍

പള്ളിമണിമാളികയില്‍നിന്നും, അന്നുയര്‍ന്ന ഒറ്റമണിനാദങ്ങള്‍ ഇന്നുമെന്‍ നോവുംഹൃദയത്തില്‍  ദുഖത്തിന്‍ വെള്ളിടികളായ് നിരന്തരം അലയടിക്കുന്നൂ....     ഉച്ചവെയിലിന്‍ പ്രകാശത്തില്‍ കണ്ണടച്ചിരുട്ടാക്കിയുറങ്ങിയ മൂങ്ങകള്‍ കാതടക്കും മണിനാദത്തിലിടറി, എന്നെയുരുവാക്കിയ  ആത്മാവിനുകൂട്ടായി    ലക്ഷ്യമറിയാതെയെങ്ങോ പറന്നൂ.  എന്നെയൊരുപാടേറ്റിയ തോളുകളിതാ ശവംനാറിപ്പൂക്കളാലലംകൃതമായി മെഴുകിന്‍റെയും കുന്തിരിക്കത്തിന്‍റെയും സാമ്പ്രാണിയുടെയും ഗന്ധത്തില്‍മുഴുകി നിത്യവിശ്രമം തുടങ്ങാനൊരുങ്ങുന്നൂ.     വാവിട്ടലക്കും  രക്താംശുക്കള്‍ത്തന്‍. രോദനങ്ങള്‍ കേട്ടില്ലെന്നുനടിച്ച്, ശുഭ്രവസ്ത്രധാരിയായി, മുടിയുംചൂടി, ദൂരെയേതോ സ്വര്‍ഗ്ഗമാളിക ലക്ഷ്യമാക്കി, താതനിതാ പോകാനൊരുങ്ങുന്നൂ.    പ്രവാസമൊരുക്കിയ അരക്കില്ലത്തില്‍ സന്ദേശം ലഭിച്ചവഴിയോടിയണഞ്ഞിട്ടും, എന്തേയൊരുവാക്കുച്ചരിക്കാതെ, താതാ ഏതോ നിശ്ചയദാര്‍ഢ്യയത്തിലെന്നവണ്ണം, ഞങ്ങളെ കൂട്ടാതെ യാത്രക്കൊരുങ്ങുന്നൂ?     തന്നനന്ത സ്നേഹവായ്പ്പുകള്‍ ഒരു കടലായേറ്റുവാങ്ങിയ മക്കള്‍ പൊഴിക്കുന്ന കണ്ണുനീറല...

മത്സരമതില്‍ നാം!...

മത്സരം മത്സരമൊന്നത് മാത്രം.. ഇന്നീയുലകില്‍ നിറഞ്ഞുനില്പ്പൂ. മത്സരംതന്നുടെ മാറ്റൊലിതന്നിലായ് ഈലോകജീവിതം നീങ്ങിടുന്നൂ. മത്സരമില്ലെങ്കിലെന്തൊരീ ജീവിതം പാഴ്ത്തടിപോലെ കിടക്കുമത്രേ. മാറ്റങ്ങളുണ്ടാവാന്‍ മത്സരങ്ങള്‍മാത്രം അല്ലാതെ രക്ഷകളിലിന്നത്രേ! ഒന്നില്‍പ്പഠിക്കുന്ന കുഞ്ഞിന്‍റെ തോളിനെ പുസ്തകസഞ്ചി വലച്ചിടുന്നൂ. പുസ്തകംതന്നിലേ വാക്യങ്ങളോരോന്നും മത്സരചിന്തയായ് മാറീടുന്നു. ജീവിക്കാനുള്ളൊരു വെമ്പലിലെല്ലാരും മത്സരപ്പന്തിയിലിറങ്ങീടുന്നു. നോക്കില്ലായാരാണ് തോറ്റീടുന്നുവെന്ന് സ്വന്തം സുഹൃത്തുക്കളായീടിലും. മത്സരിച്ചീടുന്നു സോദരര്‍ തമ്മിലും ഒരുതുണ്ട് ഭൂമിക്കുവേണ്ടി പോലും. സ്നേഹമതൊന്നങ്ങ് കാറ്റില്‍പ്പറക്കുന്നു സ്വാര്‍ത്ഥമാം ചിന്തയറിഞ്ഞീടാതേ.. രക്തബന്ധങ്ങളില്‍ മത്സരം വന്നീടില്‍ ജീവിതമാകെ തകരുമല്ലോ.. ഒറ്റപ്പെടും നാമും നമ്മളുമെല്ലാരും ആരോരുമില്ലാത്ത കോലങ്ങള്‍പോല്‍. പണമൊന്നുണ്ടാക്കാന്‍ നെട്ടോട്ടമോടുന്നു ആവശ്യമില്ലെങ്കിലെങ്കില്‍ക്കൂടി. ആറടിമണ്ണിലാ..യൊരുപിടി ചാരമായ് ജീവിതം തീര്‍ക്കുന്ന പാഴ്ജന്മങ്ങള്‍. മത്സരം മത്സരം മാത്രമതൊന്നിലീ ജീവിതങ്ങളെന്തേ തീര്‍ന്നീടുവാന്‍... മത്സരമെന...

വൃശ്ചികക്കുളിരില്‍......

വൃശ്ചികക്കാറ്റിന്നീണം കര്‍ണ്ണത്തെ പുല്‍കീടുമ്പോ- ളെത്തുമീപ്പാടത്തെന്നും നിറയേ ബാലകന്മാര്‍. പട്ടത്തിന്‍ ചരടിന്മേല്‍ പിടിച്ചു വലിക്കുകില്‍ പറക്കും മന്ദംമന്ദം വാനിലാ വര്‍ണ്ണക്കിണ്ണം. ഉള്ളത്തിന്‍ തുടികൊട്ടല്‍ പാടത്തങ്ങുയരുമ്പോള്‍ മാനത്തെ ദിവാകരന്‍ ഇമ്പമായ് നോക്കീടുന്നു. കൊഴിഞ്ഞ കതിരുകള്‍ ചികഞ്ഞുതിന്നീടുവാന്‍, കാക്കയും കുരുവിയും കലമ്പിപ്പാറീടുന്നു. ഓലകളിളം കാറ്റില്‍ പുന്നാരമോതീടുമ്പോള്‍, ഒറ്റയ്ക്കാ കാക്കക്കൂട്ടില്‍ കുഞ്ഞൊന്നു മയങ്ങുന്നു. കാറ്റുമായ്‌ കൂട്ടുകൂടി ഇളകും കവുങ്ങുകള്‍- കരങ്ങള്‍ നീട്ടീടുന്നൂ കാറ്റിനെ തഴുകുന്നു. വീണൊരാ പാളക്കൈയിലിരുന്നു പൈതങ്ങളും,, ഉച്ചത്തിലാര്‍ത്തുകൊണ്ടു കളിച്ചു തകര്‍ക്കുന്നു.. കാല്പ്പന്തിന്‍ പുറകിലാ കുട്ടികളോടീടവേ കൊയ്തിട്ട കുറ്റിതട്ടി പാദങ്ങള്‍ മുറിയുന്നു.. മോദത്താല്‍ തുടുത്തൊരു മുഖമായര്‍ക്കനവന്‍, ശൈലത്തിന്‍ ചരിവിലെക്കിറങ്ങിപ്പോയീടുന്നു. ‍ മലതന്‍ മുകളിലെ കോവിലിന്‍ കുളത്തിലെ, കറുത്ത ചേലക്കാരോ ശരണമോതീടുന്നു. സന്ധ്യയെ തഴുകിക്കൊണ്ടനിലന്‍ വന്നീടുമ്പോള്‍, സൈകതത്തുറകളില്‍ കുളിരു കോരീടുന്നു. തൂമഞ്ഞിന്‍ തണുപ്പിനാല്‍ കൂരകള്‍ മയങ്ങവേ, തൂവെള്ളച്ച...

ഹല്ലപിന്നേ..........

വെട്ടരുതേ, മരം വെട്ടരുതേയെന്ന എന്‍റെ വരികളെ മറയാക്കി ഞാനൊരു മരം വെട്ടി. പുഴയെ നശിപ്പിക്കല്ലേയെന്നുള്ള എന്‍റെ കവിത ചൊല്ലിക്കൊണ്ട്‌ പുഴയില്‍നിന്നൊരു കുട്ട മണ്ണുവാരി. മാ..നിഷാദാ....യെന്നുവിലപിച്ചുകൊണ്ട് എണ്ണയിട്ടുവച്ച കള്ളത്തോക്കിനാല്‍ കാട്ടുമുയലൊന്നിനെ കാലപുരിക്കയച്ചു.     കൈക്കൂലി വാങ്ങരുത്, കൊടുക്കരുതെന്ന ആദര്‍ശം വിളമ്പിക്കൊണ്ട് ഒരുശകലം നികുതിവെട്ടിച്ചു. ഒരുജാതിയൊരുമതം മനുഷ്യനെന്ന സിദ്ധാന്തം പ്രസംഗിച്ചുകൊണ്ട് സ്വജാതിയിലൊരു മരുമകനെതേടി ബാലവേലയെ നഖശിഖാന്തംപഴിച്ച് വീട്ടുപണിക്കും വണ്ടികഴുകാനും പാവംപയ്യന്‍സൊന്നിനെ ഒപ്പിച്ചു. പൊതുമുതല്‍ നശിപ്പിക്കരുതെന്ന ഉപദേശം ജനത്തിന് നല്കിക്കൊണ്ട്  ഒരു വഴിവിളക്കെറിഞ്ഞുതകര്‍ത്തു  കള്ളമരുതേ, ചതിയരുതേയെന്നു വേദികളില്‍ ഘോരംപ്രസംഗിച്ച്,    ഒരിച്ചിരി വൈദ്യുതി മോഷ്ടിച്ചു. മദ്യവിരുദ്ധ പ്രചാരണജാഥകള്‍നയിച്ച, ക്ഷീണമൊന്നു മാറുവാനായി  ഒരു നിപ്പനടിച്ചു "ഓണ്‍ ദി റോക്സ്". പീഡനത്തിനെതിരെ റാലികള്‍നടത്തി, നാരികളുടെ സ്വകാര്യമണ്ഡലങ്ങളില്‍, അറിയാത്ത പോലൊന്നുതടവി. കള്ളസാക്ഷികളെ അപലപിച്ചുകൊണ്ട്, ബാങ്ക്അക...

വിളവെടുപ്പ് കഴിഞ്ഞപ്പോള്‍...

ഒരുവണ്ടിതന്നുടെമുരളിച്ച കേള്‍ക്കവേ, ശുനകര്‍തന്‍ കുരകള്‍ കാതില്‍പ്പതിയവേ, അറിയാതെയെന്നുമെന്‍ ദൃഷ്ടികള്‍ പായുന്നു, പടിയടച്ചിട്ടൊരാ പടിവാതിലില്‍... കണ്ണുകളൊന്നങ്ങടഞ്ഞീടുകില്‍, നിത്യം കുഞ്ഞിന്‍ കാല്ത്തളക്കിങ്ങിണികള്‍, കൊഞ്ചിക്കുഴഞ്ഞുള്ള സംസാരമേളവും, മാറ്റൊലി കൊള്ളുന്നു ഹൃത്തില്‍.... തോളിലിരുത്തിയിട്ടെന്നുമെന്‍ യാത്രകള്‍, മലീമസവസ്ത്രം കഴുകുന്നൊരമ്മയും, തുമ്പം കലരാതെയെന്നുംനിന്‍ മാനസം, ഇമ്പം പകര്‍ന്നേറ്റം പോറ്റി.. വിദ്യതന്‍ പൊരുളിനെ ഉരുവിട്ടുതന്നും, ധര്‍മ്മത്തിന്‍ പാതകള്‍ കാണിച്ചുതന്നും, സ്നേഹത്തിന്‍പല്ലവി പാടാന്‍പഠിപ്പിച്ചും, നിന്‍മനസ്സാക്ഷിയേ വാര്‍ത്തൂ.. മൂക്കിന്നുതാഴേ പൊടിമീശവന്നപ്പോള്‍, മുഖക്കുരുവന്ന് മുഖംവിങ്ങിനിന്നപ്പോള്‍, മിണ്ടാതെമിണ്ടിയ പ്രണയമോഹങ്ങളെ, കണ്ടങ്ങ്‌ ഞങ്ങള്‍ ചിരിച്ചൂ... ജോലിതന്‍ചിറകില്‍ നീയന്നകന്നപ്പോള്‍, ജ്വാലകളാധിയായുള്ളില്‍ വിടര്‍ന്നപ്പോള്‍, സന്താനഗോപാല മന്ത്രങ്ങള്‍ ചൊല്ലി, നിത്യേന നേര്‍ച്ചകള്‍ നേര്‍ന്നൂ.. നിന്നുടെ സ്നേഹമതൊന്നിനു വേണ്ടി, എന്നും കരഞ്ഞുകൊണ്ടമ്മയും പോയി, എന്നിട്ടും നിന്‍റെയാ പുഞ്ചിരിക്കും മുഖം, ഒന്നങ്ങ് കാണുവാന്‍ മോഹം.. ...

ചെമ്പരത്തി

പ്രണയഭാവങ്ങളാവോളമവളുടെ ചൊടിയിണകളിൽ കുങ്കുമംപൂശവേ, നടവഴിയിലൂടന്നു മന്ദമായ് പാറിയാ മധുനുകരുവാ,നാർത്തിപൂണ്ടെന്മനം .. പതിയേവന്നൊരാ കാറ്റിലാമോദത്താൽ ചിരിപകർന്നു നീയെന്നെ വിളിച്ചതും പിച്ചിപ്പൂക്കളിൽ സ്വയംമറന്നിടാതന്നുഞാൻ നിൻപ്രണയത്തിലണയാൻകൊതിച്ചതും .. കൃഷ്ണവർണ്ണമാമെന്മുഖം നിന്നുടെ മൃദുകരാംഗുലി ലാളനമേല്ക്കവേ ഹൃദയസിരകളിലൂറുമാ,സ്നേഹത്തെ മുഴുവനായന്നു നീയെനിക്കേകിയോ?... ഉഴലുമെന്നുടെ ഹൃത്തിനൊരായിരം സ്നേഹചുംബനം നീട്ടി, നീ നില്ക്കവേ .. ജന്മാന്തരങ്ങൾ തന്നത്ഭുതവീഥിയിൽ പാടേമറന്നു നാം വാരിപ്പുണർന്നുവോ? വന്നൊരാ പേമാരിതൻ തള്ളലിൽ ആകെ നനഞ്ഞുനാമൊന്നിച്ചുനീങ്ങവേ .. പിരിയുകില്ലിനി നാമൊരുനാളിലും എന്നനിൻവാക്കും പാഴ്വാക്കായിതോ?... ദിനം കറുപ്പിച്ചെത്തിച്ചേര്‍ന്നൊരാ ആകസ്മികമാം ചിന്തകളിലുരുവാം  നീരസംനുരഞ്ഞ നിന്‍മനസ്സിലെൻ ഹൃദയം വെറുമൊരു ചെമ്പരത്തിയോ?!! - ജോയ്  ഗുരുവായൂർ

മരിച്ചുമണ്ണടിഞ്ഞാല്‍....

സുന്ദരരും വിരൂപരും കറുത്തവരും വെളുത്തവരും പണക്കാരും പാവപ്പെട്ടവരും ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും വരേണ്യരും അവര്‍ണ്ണരും അഹങ്കാരികളും ലളിതഹൃദയരും വിശ്വാസികളും അവിശ്വാസികളും പൂജാരിമാരും ഭക്തഗണങ്ങളും നേതാക്കളും വോട്ടര്‍മാരും കള്ളന്മാരും നീതിമാന്മാരും തൊഴിലാളികളും മുതലാളികളും പണ്ഡിതരും പാമരരും എല്ലാരുമെല്ലാരും മരിച്ചുമണ്ണടിഞ്ഞാല്‍..... പുഴുവരിക്കുന്ന, ഒരുപോലിരിക്കുന്ന അസ്ഥികോലങ്ങള്‍ മാത്രം! - ജോയ് ഗുരുവായൂര്‍

പോകുന്നതിനുമുമ്പ്....

പോകുന്നതിനുമുമ്പ് ഒരുനിമിഷം... എനിക്കുപിടിക്കാത്ത നിന്‍റെസ്വഭാവങ്ങളുടെ ആകെത്തുക ഞാന്‍ കുറിച്ചുവയ്ച്ചിട്ടുണ്ട്; ഇത്രയും കാലത്തെ സംസ്സര്‍ഗ്ഗത്തില്‍നിന്നും ഞാന്‍ നേരിട്ട് പഠിച്ചവ... തത്ക്കാലം നമുക്കിനി പിരിയാം. എന്‍റെ ജീവിതത്താരയില്‍ ഇടപഴകേണ്ടിവരുന്ന ഓരോ വ്യക്തിയുടേയും സ്വഭാവങ്ങളില്‍ ഞാന്‍നിന്നെ തിരഞ്ഞുകൊണ്ടേയിരിക്കും.. നിന്നില്‍ ഞാനാരോപിച്ച കുറ്റങ്ങളുടെ ഫയലുകള്‍ എടുത്തുവച്ച്, അവരുടേതുമായി താരതമ്യംചെയ്യുകയും വ്യത്യാസങ്ങള്‍ കൃത്യതയോടെ കുറിച്ചുവയ്ക്കുകയും ചെയ്യും. നിന്നിലേക്ക് എന്നെ അടുപ്പിച്ചുവയ്ച്ചിരുന്ന, ഞാനേറെ ഇഷ്ടപ്പെടുന്ന നന്മകളുടെ വ്യക്തമായ കണക്കുകളും എന്‍റെ പക്കലുണ്ട്. എന്‍റെ ഗവേഷണം കഴിയുന്നവേളയില്‍ ഒരു പാസ് മാര്‍ക്കെങ്കിലും നിനക്ക് ലഭിക്കട്ടേ- എന്നാണ് എന്റേയും പ്രാര്‍ത്ഥന; ഉപാധികളേതും മുന്നോട്ടുവയ്ക്കാതെ, നിന്‍റെ ജീവിതത്തിലേക്കെനിക്ക് പുനര്‍ജ്ജനിക്കാനുള്ളൊരു കാരണമാവാന്‍.... അകാരണമായി നിന്നെ സംശയിച്ചതിനും കുറ്റാരോപണം നടത്തിയതിനും നിരുപാധികം നീയുമെന്നോടന്ന് ക്ഷമിക്കുമല്ലോ? . അതേവരെ നമ്മള്‍ വെറും അപരിചിതരായിക്കട്ടേ.. - ജോയ് ഗുരുവായൂര്

പഴകിയ തടയണ

പഴകിയ തടയണയിലെ സൂക്ഷ്മസുഷിരങ്ങള്‍ ദൃഷ്ടിഗോചരമായത് ഈയിടെയായിരുന്നു. മണലും ചുണ്ണാമ്പുംകൊണ്ടുള്ള നിലയ്ക്കാത്ത ഓട്ടയടക്കസര്‍ത്തുകള്‍ അന്നേ തുടങ്ങിയതാണ്. ഹൃദയത്തില്‍നിന്ന് അല്പാല്പമായി കിനിഞ്ഞിറങ്ങുന്ന, സ്നേഹംകണക്കേയുള്ള കിനിവുകള്‍ പണ്ടേ ഉണ്ടായിരുന്നതാ... അവയ്ക്കും കാണണം അണക്കെട്ടിന്റെയത്രയുംതന്നേ പ്രായം. പന്നലിനും പായലിനുമായി അന്നേയത് തീറെഴുതിക്കൊടുക്കുകയായിരുന്നു. ചുമ്മാ ജീവിച്ചുപൊക്കോട്ടേന്നുകരുതി.... ലാളിച്ചുവളര്‍ത്തി വെടക്കാക്കിയ    നിഷേധിക്കുട്ടിയുടെ  തിമിര്‍ട്ട് പോലെയിപ്പോള്‍ , പണി നെഞ്ചിന്‍കൂടിനിട്ടുതന്നേ തരണം.. വിള്ളട്ടേ, വിണ്ടങ്ങുപൊളിയട്ടേ.. സ്വന്തം മാറ് കുത്തിപ്പിളർന്ന്,  കുഞ്ഞുങ്ങളെ പോറ്റുന്ന പെലിക്കൻ പക്ഷികള്‍ക്ക് വംശനാശം സംഭവിക്കാതിരിക്കട്ടേ..  നിങ്ങളെയൊക്കെ ദിവസേന, വാത്സല്യക്കുഴമ്പിട്ട് തേച്ച്, സ്നേഹത്തില്‍ മുക്കിക്കുളിപ്പിച്ച്, ഉടുപ്പിന്‍കോന്തലകൊണ്ട് തോര്‍ത്തി, കരുതല്‍പൊടിയിട്ട് നെറുകതിരുമ്മി, കവിളില്‍ മുത്തവും തന്നിരുന്നയെനിക്ക് , ഇതിലും ശ്രേഷ്ഠമായൊരു മോക്ഷമുണ്ടോ?! - ജോയ്  ഗുരുവായൂര്‍

ഡാ.. നില്ക്കെടായവിടേ....

കഥയില്‍ ചോദ്യമില്ലെത്രേ!..  കഥയില്‍ ചോദ്യമില്ലെന്നുംപറഞ്ഞ് വലിയാന്‍നോക്കുന്ന കള്ളക്കഥയുടെ കോളര്‍ പിടിച്ചുവലിച്ചുനിറുത്തി നാലു ശകാരിക്കട്ടേ... മൊഴിമാറ്റിപ്പറയുന്ന പ്രതിയെപ്പോലെ  ഒരുമാതിരി നീ സന്ത്രാസപ്പെടുന്നതും അങ്ങോട്ടുമിങ്ങോട്ടും വിറയലോടെ  കള്ളക്കണ്ണിട്ടുനോക്കുന്നതും ഞങ്ങളിടക്കൊക്കെ കാണുന്നതാ . ഞങ്ങള്‍  ക്ഷമിക്കുമായിരുന്നു നീയൊരു, കവിതയായിരുന്നുവെങ്കില്‍.. കടക്കണ്ണുകള്‍ കൊണ്ടുള്ള നോട്ടങ്ങളും അര്‍ത്ഥംവച്ചുള്ള  വാക്കുകളുമൊക്കെ  അവള്‍ക്കു പറഞ്ഞിട്ടുള്ളതാണല്ലോ! ദുര്‍ഗുണപരിഹാരപാഠശാല എന്നു കേട്ടിട്ടുണ്ടോ, അത് കാണണോ? ബന്ധുക്കളെ അപ്പോയിന്റ്റ്  ചെയ്തവരും നോട്ടെണ്ണുന്ന യന്ത്രത്തില്‍ കൈക്കൂലി തിട്ടപ്പെടുത്തുന്നവരും ബ്ബ ബ്ബ ബ്ബായെന്നും പറഞ്ഞ് ആടിനെ  പട്ടിയാക്കുന്നവരും ഉണ്ടല്ലോയെന്നു വാദിക്കേണ്ടാ..  അവര്‍ അവരവരുടെ "ജോലി" വൃത്തിയായി ചെയ്യുന്നുവെന്ന് പറയാന്‍ ആളുകളൊത്തിരികാണും.  നീയൊരു 'കഥ'യാണെന്നയോര്‍മ്മ, നിന്‍റെയുള്ളില്‍ത്തന്നേ വേണം നിന്‍റെ വാക്കുകള്‍  ഋജുവും  അനുവാചകനെറ്റികള്‍    ചുളിപ്പിക്...

നഷ്ടപ്പെടലിന്‍റെ പരിദേവനങ്ങള്‍

എല്ലാം നഷ്ടമായവരുടെ പരിദേവനങ്ങള്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.. എന്നാല്‍ സ്വന്തം മുഖത്ത് വിളയിച്ചെടുക്കുന്ന ഒരു പുഞ്ചിരിയെപ്പോലും പുഞ്ചിരിപ്പിക്കാനോ പൊട്ടിച്ചിരിപ്പിക്കാനോ ആവാതെ പാപ്പരായിപ്പോകുന്നവരുടെ കാര്യമോ?!.. ചാകരക്കാലത്ത് കൈയില്‍ക്കിട്ടിയതല്ലാം വാരിവലിച്ചു തോന്നിയവര്‍ക്ക് കൊടുക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നെന്നു വല്ലവരും ചോദിച്ചാല്‍ അത് ന്യായം...... കൊടുക്കുന്നത് നാലിരട്ടിയായി തിരിച്ചുകിട്ടുമെന്നത് ചിട്ടിക്കമ്പനിയുടെ വാഗ്ദാനമായിരുന്നല്ലോ ജപ്തി ചെയ്തുകൊണ്ടുപോകുന്ന കൂട്ടത്തില്‍ ചുരുങ്ങിയ പക്ഷം എന്‍റെ, ദുഖങ്ങളേയെങ്കിലും വെറുതേവിടാമായിരുന്നു.. ഇതിപ്പോ സന്തോഷങ്ങളും സന്താപങ്ങളും പുഞ്ചിരികളും എന്തിന് വിതുമ്പലുകള്‍പ്പോലും ബാക്കിവയ്ക്കാതെ ഒക്കെ നിങ്ങള്‍ അടിച്ചുമാറ്റിയില്ലേ?!.. വലിച്ചെറിഞ്ഞിട്ട നിര്‍വ്വികാരതയാകുന്ന, ആ ഒഴിഞ്ഞ സഞ്ചികൊണ്ട് എനിക്കെന്തു പ്രയോജനം? ദയവായി നിങ്ങളെനിക്ക് ആര്‍ക്കും വേണ്ടാത്തയാ ദുഖങ്ങളെങ്കിലുമൊന്നുതിരിച്ചു തരൂ.. അങ്ങനെയെങ്കിലും ഞാനെന്‍റെ നിര്‍വ്വികാരത മാറ്റട്ടേ. ഒന്നു പച്ചപിടിച്ചുവരുമ്പോള്‍ എല്ലാം, പലിശസഹിതം, വീണ്ടും നിങ്ങള്‍ക്കു...

കാട്ടുകള്ളി!..

ലോകത്തിലെ ഏറ്റവുംവലിയ ഒളിച്ചുകളിക്കാരിയാണവളെന്നു, ഞാന്‍ പറയും... നിദ്രയുടെ, നിര്‍ണ്ണയമില്ലാത്ത യാമങ്ങളില്‍, മനസ്സിനെ മദിപ്പിച്ചുകൊണ്ട്, കള്ളിയെപ്പോലൊരു വരവാണ്... വിലാസമെഴുതിയെടുക്കാനോ, വരച്ചിടാനോ, ഒരു, പേനയോ, കടലാസ്സോ കിട്ടില്ല... തലയിണക്കരികിലിവവെച്ച്, വാരിക്കുഴിതീര്‍ക്കുന്ന ദിവസങ്ങളിലോ, അവള്‍ വരികയുമില്ലാ... ചുമ്മാ, മസ്തിഷ്ക്കച്ചുളിവുകളില്‍ കുരുക്കിയിടാന്‍ ശ്രമിച്ചാലോ, സൂര്യനുദിക്കുന്നതിലുംമുന്നേ, ഊര്‍ന്നുപോയുമിരിക്കും.. പിടികൊടുക്കുന്നവളല്ലാ താനെന്ന, അഹംഭാവവുംപോരാതെ, നമ്മെ ഞെട്ടിച്ചുകൊണ്ടൊരു സുപ്രഭാതത്തില്‍, മറ്റുള്ളവരുടെ ഭാവനകളിലൂടെ, ഇറങ്ങിവന്ന്, നമ്മളെ പരിഹസിക്കാനും, അവള്‍ക്കൊരു മടിയുമില്ലാ... ഇനി പറയൂ... എന്തുചൊല്ലിയവളെ വിളിക്കണം?.. - ജോയ് ഗുരുവായൂര്‍

കണ്ണുണ്ടായാല്‍ പോരാ..

രണ്ടുകണ്ണുള്ളതില്‍ രണ്ടും നമ്മള്‍ തുറന്നുവയ്ക്കണം, വലതിലൂടെ പ്രവേശിക്കുന്നത് കാണുകയും ഇടതിലൂടെ വരുന്ന കാഴ്ചകളെ കണ്ടില്ലെന്നു നടിക്കുകയും  വേണം. നീയറിയാതെ,  അപ്രിയസത്യങ്ങള്‍ വിളിച്ചോതാതിരിക്കാന്‍ അതുപകരിക്കും. വലതിലൂടെ,  ചുവപ്പും ഇച്ചിരി മഞ്ഞയും കറുപ്പും വെളുപ്പുമൊക്കെ നന്നായി ആസ്വദിച്ചോളൂ. എന്നാല്‍  ഇടതുകണ്ണ് അതിനൊന്നുമുള്ളതല്ലാ.. അരുതാത്തത് കണ്ടുകണ്ട് മടുത്ത്,  വലതുതന്നേയൊരിക്കല്‍  ഇടതിനോട് സങ്കടം പറയും. അപ്പോള്‍, ഇടത്, ചെഞ്ചായം വാരിപ്പൂശി, വലതുമാറി ഇടതുചവിട്ടി,  രൌദ്രഭാവം പൂണ്ട്,  കണ്മുനകളെ കൂര്‍പ്പിച്ച്, കാഴ്ചകളുടെ നെഞ്ചിലാഴ്ത്തി, അവയോട് കണക്കുതീര്‍ക്കും. അതിനാണത്രേ ഇടതിനെ സൃഷ്ടിച്ചിരിക്കുന്നത് തന്നേ! - ജോയ് ഗുരുവായൂര്‍

എരിഞ്ഞടങ്ങിയ വിപ്ലവം

കത്തിയമര്‍ന്നൊരാ- ച്ചിതയില്‍ ഞാന്‍നിന്‍ കത്തിയമരാത്ത ചിന്തകള്‍ത്തേടി. പൊട്ടിത്തെറിച്ച തലയോട്ടിതന്നുള്ളില്‍  ഒട്ടിപ്പിടിച്ച- യിത്തിരി ചോരക്കറ!......... തിളച്ചുമറിഞ്ഞിരുന്ന നിന്റെ ചിന്തകളും നിനക്കൊപ്പം എരിഞ്ഞടങ്ങിയോ? എന്റെ കാതുകളില്‍ ഇന്നും അലയടിക്കും വിപ്ലവവീര്യത്തിന്‍ ഉറവിടം!........... മാന്ത്രികന്‍ ജപിച്ചുകെട്ടിയ ചെമ്പ്തകിടില്‍മാത്രം ഇപ്പോഴും ചൂട്!!.. - ജോയ് ഗുരുവായൂര്

നിന്നുടെ വലയിലാണെന്‍ ജീവിതം

നിന്നുടെ വലയിലാണെന്‍ജീവിതം സഖേ, നിന്‍റെ വലയത്തിലാണെന്‍റെ വിലയം. ദൂരേ നിന്നന്നാദ്യം പുഞ്ചിരിച്ചു പിന്നെ, മെല്ലേ ചിരിച്ചങ്ങു കാട്ടീ... മാദകഹാസത്തില്‍ മയക്കി-യദൃശ്യമാം, വലക്കണ്ണികളിലെന്നെ കുരുക്കീ... നീയൊന്നു വൈകിയാല്‍, നീയൊന്നു പിണങ്ങിയാല്‍ നീയൊന്നു വരാതിരുന്നാലതുമതി- യൊരു ഭ്രാന്തന്‍ കുതിരയെപ്പോല്‍ പരക്കം പാഞ്ഞൊടുവിലെന്‍ ശ്വാസനിശ്വാസങ്ങള്‍ നിലച്ചീടുവാന്‍... നിന്നുടെ വലയിലാണെന്‍ജീവിതം സഖേ, നിന്‍റെ വലയത്തിലാണെന്‍റെ വിലയം . നീയും ഞാനും സംവദിച്ചത്രയും സംവദിച്ചതാരെന്നു ചൊല്ലുക നീ, നിന്‍റെ ചിരികള്‍ക്ക് മങ്ങലേല്‍പ്പിക്കാതെ കാത്തവരാരുണ്ട് മൊഴിയുക നീ ഒരുതരി മണ്ണുനിന്‍ ദേഹത്തു വീഴുകില്‍ സടകുടഞ്ഞെന്നുംഞാന്‍ കാവല്‍നിന്നൂ. തുച്ഛമായെന്നുടെ വരുമാനംകൊണ്ടുഞാന്‍ നിത്യവും നിന്നെഞാന്‍ കാത്തുവയ്ച്ചൂ,യിന്ന്. നിന്നുടെ വലയിലാണെന്‍ജീവിതം സഖേ, നിന്‍റെ വലയത്തിലാണെന്‍റെ വിലയം... ഇണക്കവും പിണക്കവു-മായിരമനുദിനം നമ്മുടെ വീഥിയില്‍ പൂത്തുനില്പ്പൂ, പിണക്കമിണക്കമായ് മാറുവാനൊരുചിരി മാത്രകള്‍ പോലുമേ വേണ്ടതില്ലേ.. നിന്‍റെ സ്നേഹവായ്പ്പിനാല്‍ ഞാനെന്നും ഉറ്റവരെയെല്ലാം തഴഞ്ഞീടുന്നു നിന്നുടെ വലയിലാണ...

ഒരു കോളേജു പ്രണയം!

ശ്രീകൃഷ്ണ കോളേജ് ഗുരുവായൂര്‍.. കാമ്പസിനു തണല്‍ചൊരിയുന്ന, കടപ്പാവുട്ടക്കാടുകളുടെ ദുര്‍ഗന്ധംപേറിയ കാറ്റിലുമുണ്ടായിരുന്നൊരു പ്രണയഗന്ധം! വിദ്യയഭ്യസിക്കാനായെത്തിയ മനസ്സുകളില്‍ വിദ്യേതര പ്രണയഭാവങ്ങളും സജീവം! ഫോര്‍മാലിനില്‍ ചത്തുമലച്ചുകിടക്കുന്ന ജീവികളുടെ ഭാവങ്ങള്‍ മനസ്സിലേറ്റിയിരുന്നതു ശോകമായിരുന്നില്ലാ.. ഒരു കാച്ചെണ്ണയുടെ സുഗന്ധത്തിനായുള്ള, നാസരന്ധ്രങ്ങളുടെ അന്വേഷണമായിരുന്നു... ഒരുകുടന്ന പൂക്കളും ചന്ദനക്കുറിയുമണിഞ്ഞു കടന്നുവരുന്ന പ്രണയവുമായി സംവദിക്കാന്‍വെമ്പുന്ന ഒരു കാമുകഹൃദയത്തിന്‍റെ അസ്വസ്ഥതകള്‍ പൊട്ടിത്തെറിച്ചിരുന്ന തമാശകളില്‍ വെളിച്ചംകാണുമായിരുന്നില്ലാ.. ഉച്ചഭക്ഷണത്തില്‍ പങ്കുവയ്ക്കുന്ന അവിയലിലും മെഴുക്കുപുരട്ടിയിലും കടുമാങ്ങയിലും ആ പ്രണയം ഒട്ടിയൊട്ടിപ്പിടിച്ചിരുന്നത് ആരറിയാന്‍?.. അതിരാവിലെ പുതിയ കമ്മലുംധരിച്ചുവന്ന പ്രണയത്തെ ഒന്നു ചുംബിച്ചാലോ എന്നുവരെ തോന്നിയതായിരുന്നു! അപ്രതീക്ഷിതമായി ജനാലയില്‍ ദൃശ്യമായ അറ്റെന്‍ഡര്‍ ശശിയേട്ടന്റെ വില്ലന്‍മുഖം! ജീവികളെ തല്ലിക്കൊന്നു ഫോര്‍മാലിനില്‍ മുക്കിയിടുന്ന അയാള്‍ക്കുണ്ടോ പ്രണയത്തിന്‍റെ ABCD അറിയുന്നു?! അവള്‍ക്കുമെന്നോട...

സംവൃതാനുരതി

നിന്റെ പേര് ഞാന്‍ പറയാത്തത്, നിന്നെ ഓര്‍മ്മയില്ലാതെയും, പേരും മുഖവും മറന്നത് കൊണ്ടും, ആണെന്ന് നീ കരുതുന്നുണ്ടാവും? അറിയാമെനിക്കു നിന്റെയുള്ളിലുരുകുമാ, അസ്വസ്ഥഹൃദയത്തില്‍ വേവലാതികള്‍. സുഹൃത്തേ വിഷമിക്കണ്ടാ.. ഒറ്റുകൊടുക്കില്ല ഒരിക്കലും, ഹൃദിസ്ഥമാണെങ്കിലും നിന്റെ പേര്‍. കപടമാണെന്നറിഞ്ഞിട്ടും നിന്റെയാ, കണ്ണുകളില്‍ തിളങ്ങിയിരുന്ന പ്രകാശം, എന്റെ കലുഷിതമാംമനസ്സിലൊരിത്തിരി, സാന്ത്വനത്തിന്‍രശ്മികള്‍ വിതറിയിരുന്നു. നിന്റെ ശരീരത്തിന്റെ വ്യാധികള്‍ക്ക് നീ, എന്നില്‍ ഔഷധം കണ്ടെത്തുമ്പോഴും നീയെനിക്കൊരു ഇടപാടുകാരന്‍ മാത്രമായിരുന്നില്ല. മാസ്മരികമായ നിന്റെ കാന്തിയില്‍നിന്നും, അനുവാദമാരായാതെ ഞാനും ഒരിത്തിരി കുളിര്‍, എന്റെ മനസ്സിലെ ആധികളിലേക്ക് പകര്‍ന്നിരുന്നു. നീയുമായി ചെലവഴിച്ച നിമിഷങ്ങളൊക്കെയും, അസുലഭങ്ങളുടെ പട്ടികയില്‍ ഞാനെഴുതി വച്ചു. പ്രതീക്ഷിക്കാനും അവകാശപ്പെടാനുമാവില്ലെങ്കിലും, ആശകള്‍ മുരടിച്ച എന്റെ മനസ്സ്, നിന്നില്‍നിന്നിത്രമാത്രം ആഗ്രഹിച്ചു. ആ മനംമയക്കുംപുഞ്ചിരിയും, നിന്നില്‍നിന്നും നീയറിയാതെയൊഴുകും, ആ വാത്സല്യത്തിന്‍കൊച്ചരുവികളും. നിന്നോടെനിക്ക് പ്രണയമുണ്ടായിരുന്ന...

കൊളുത്തുകള്‍..

നീന്തിത്തുടിക്കുന്ന ചെറുമീനിനോട്, ഒരു ദിവസമതിന്‍ മുത്തശ്ശിചൊല്ലി... കണ്ടില്ലെന്നു നടിക്കുക.. നിത്യവും ശ്യൂന്യതയില്‍നിന്നെത്തി, നിന്‍മുന്നില്‍ മോഹനനൃത്തമാടുന്ന, മാംസംപൊതിഞ്ഞ കൊളുത്തുകളെ... അഗ്രം കൂര്‍ത്തുവളഞ്ഞു മനോഹരവും, വര്‍ണ്ണാഭവുമായ കൊളുത്തുകള്‍ കണ്ട്, നിന്‍റെയുള്ളം തുടിച്ചേക്കാം, അതിന്‍റെ ഉന്മാദഗന്ധം സിരകളെ മഥിച്ചേക്കാം... ചുങ്ങിക്കരിഞ്ഞ നിന്റെ ആമാശയത്തിലതു, വിശപ്പിന്‍കനല്‍ വിതറിയേക്കാം.. . മണല്‍വിളയുന്ന മനോവിദര്‍ഭത്തില്‍, പുതിയ മൃഗതൃഷ്ണകള്‍ തീര്‍ത്തേക്കാം.. സ്വയംമറക്കാന്‍ നിന്നെ പ്രേരിപ്പിച്ചേക്കാം.. എന്നിരുന്നാലും കണ്ടില്ലെന്നു നടിക്കുക. മാംസം പൊതിഞ്ഞ ചതിക്കൊളുത്തുകള്‍, നിന്റെ അണ്ണാക്കിലേക്ക് ഇടിച്ചുകയറി, ചോരച്ചാല്‍ പൊടിയിക്കുന്നതും ആമാശയ വഴിയടക്കുന്നതും ശ്വാസം മുട്ടിക്കുന്നതും, അനന്തരം ജീവനോടെ തൊലിയുരിക്കപ്പെടുന്നതും അടിവയറുകീറി രക്തം വാര്‍ത്തി, ദേഹമാസകലം വരഞ്ഞിട്ട മുറിവുകളില്‍, തിളച്ചയെണ്ണ തെറിച്ചുവീണ നീറ്റലുമായി, വാഴുന്നോരുടെ തീന്മേശയില്‍ വിവസ്ത്രമായി, ബുഭുക്ഷകരുടെ ഉമിനീരില്‍ കുതിര്‍ന്ന്‍, ചേതനയറ്റു മലര്‍ന്നുകിടക്കുന്നതും പത്രങ്ങളില്‍ ചിത്രങ്ങളായ്...

ഒരു അറേബ്യന്‍ ഓണപ്പാട്ട്

ഓണംവന്നോണം വന്നോണംവന്നേ അറബീന്റെ നാട്ടിലുമോണം വന്നേ ഓണംവന്നോണം വന്നോണംവന്നേ കടലൊന്നു താണ്ടിയിങ്ങോണംവന്നേ ഓണത്തിന്നവധിക്കായെന്തുചെയ്യും ഓണമുള്ളവരൊട്ടുമില്ല താനും അറബിയാം ബോസ്സിന്‍റെ മുന്നില്‍പ്പോയി തലയും ചൊറിഞ്ഞങ്ങ് നിന്നിടേണം ശൂ ഹാദാ* ശൂ ഹാദായെന്നു ചൊല്ലി ചോദ്യങ്ങളായിരം ചോദിച്ചീടും കണ്ണുരുട്ടിയുള്ള നോട്ടത്തിലേ ഉള്ള ജീവനങ്ങു പോയിപ്പോകും അവധിയൊന്നെങ്ങാനും കിട്ടിയാലോ ഷാര്‍ജ വരെയൊന്നു പോയിടേണം നാട്ടിലെ കൂട്ടരെച്ചെന്നു കണ്ട് നാട്ടുവിശേഷങ്ങള്‍ ചൊല്ലിടേണം ഓണസദ്യയൊന്നു ബുക്കു ചെയ്ത് വരിയില്‍ നിന്നങ്ങു മുഷിഞ്ഞീടേണം വരിയങ്ങു ചെന്നങ്ങിരുന്നീടിലോ ചറപറ ചോറു വിളമ്പലായി തിക്കും തിരക്കിലും ബഹളത്തിലും കാളനും ഓലനും മാറിപ്പോകും നാക്കില് വയ്ക്കുന്ന കറികള്‍ക്കെല്ലാം രുചിയേതാണ്ടോക്കെയൊന്നു തന്നേ. പാലടയാണെന്ന പേരും ചൊല്ലി കോപ്പയിലെന്തോ ഒഴിച്ചുവെക്കും ഒന്നോ രണ്ടോ പിടി ഉണ്ടീടുകില്‍ ഉടനേയെണീക്കാനും തോന്നിപ്പോകും സോഡാ വീര്‍പ്പിച്ച വയറുമായി പുല്ലിലൊരിത്തിരി കുത്തിരിക്കും മൊബൈലെടുത്ത് കുത്തിക്കുത്തി ഹാപ്പി ഓണങ്ങള്‍ ആശംസിക്കും. ഔപചാരികങ്ങള്‍ തീര്‍ന്നിടുകില്‍ ബസ്റ്റാണ്ടിലേക്...

ഏറെക്കളിച്ചാല്‍...

ഏറെക്കളിച്ചാല്‍.. വാക്കുകളെ ചുമ്മാ വാരിയെടുത്തുചുരുട്ടിക്കൂട്ടി വരികളിട്ട് ഒലത്തിക്കളയുമെന്നുള്ള ഭീഷണിയിലൊന്നും കവിത വഴങ്ങിയെന്നുവരില്ലാ. എന്‍റെ മനസ്സിലെ സ്പന്ദനങ്ങള്‍ നിന്‍റെ മസ്തിഷ്ക്കത്തിലെ ചുളിവുകളില്‍ കമ്പനമുണ്ടാക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ വരികള്‍ക്കും ജീവിതത്തിനുംതന്നേ അര്‍ത്ഥവ്യാപ്തിയുണ്ടാകുന്നത്. നിന്‍റെ ഹൃദയത്തിലെ തുടിപ്പുകള്‍ എന്‍റെ കരളിനുകുളിരാവുമ്പോള്‍ വാക്കുകള്‍ വരികളില്‍നിന്നും പാളംതെറ്റാതെ പച്ചസിഗ്നലും നോക്കിയുള്ള യാത്രതുടങ്ങും. കണ്ണുകൊണ്ടും കവിതയെഴുതാമെന്ന് പണ്ടാരോ പറഞ്ഞതിന്‍റെകൂട്ടത്തില്‍, കണ്ണുകളിലെ ആ തിളക്കത്തില്‍ എന്‍റെരൂപം പ്രതിഫലിക്കേണ്ടതുണ്ടെന്നും പറഞ്ഞുവച്ചോട്ടേ. കടല്‍ക്കാറ്റില്‍ അലസമായിപാറി നിന്‍റെ മുഖത്തുതന്നെ വാക്കുകള്‍ കൊരുക്കാന്‍ശ്രമിക്കുന്ന മുടിയിഴകള്‍, കൈകൊണ്ട് മാടിയൊതുക്കിയാലും കാറ്റുണ്ടോ വിടാന്‍പോകുന്നു! വരികളില്‍ വിരിഞ്ഞുനില്ക്കുന്ന വാക്കുകളുടെ സൌരഭ്യവും മധുവും നുകരാന്‍വേണ്ടി ഷഡ്പദങ്ങള്‍ക്ക് കമ്പിയടിച്ചാല്‍വരേ..... അവള്‍ പുഞ്ചിരിച്ചെന്നുകൂടി വരില്ലാ.. - ജോയ് ഗുരുവായൂര്‍

വ്യത്യസ്തത വേണം..

വ്യത്യസ്തത വേണം... അവന്‍ മനസ്സിലുറപ്പിച്ചു വെള്ളക്കടലാസെടുത്തു വിരിച്ചു. ചുമ്മാ വീട് പോലൊരെണ്ണം വരച്ച്, അതിനുള്ളില്‍ ആളുകളെ തിരുകിക്കയറ്റുന്ന പഴഞ്ചന്‍ പരിപാടി പാടില്ലാ.. വ്യത്യസ്തത വേണം.. ഒറ്റമുറിയുള്ള ഒരു ചെറിയവീട്.. അച്ഛനുമമ്മയും, പിന്നേ പെങ്ങളും ഞാനും ... അല്ലെങ്കില്‍ വേണ്ടാ, ചിലവ് കുറയ്ക്കാം. അവരൊക്കെ തറവാട്ടില്‍ത്തന്നേ നിക്കട്ടേ. ഞാനും എന്‍റെ ലാപ്ടോപ്പും, ഹോംപേജില്‍, "ലൈക്" അടിച്ചുതകര്‍ക്കുന്ന പ്രിയ ചങ്കുകളും. മുറ്റത്തൊരു തുളസിത്തറ... ഛെ.. ഛെയ്... ഓള്‍ഡ്‌ ഫേഷന്‍.. ഒരു റോയല്‍ എന്‍ഫീല്‍ഡ് മതി.. കൊള്ളാം.... അയല്‍പക്കത്തിന്‍റെ കഴുകന്‍കണ്ണുകള്‍ക്ക് തടയിടാന്‍ ഉയരമുള്ള മതിലുകള്‍ മസ്റ്റ്‌... ചെറിയൊരു അടുക്കളയാവട്ടേ... നോ നോ... സിറ്റിപ്ലാസയുള്ളപ്പോഴോ?.. വല്ലാത്തൊരു മണ്ടന്‍ തന്നേ.. ഹിഹി. ഒരു ലുക്കിനായിട്ട്, പടിയ്ക്കലിച്ചിരി പൂച്ചെടികള്‍?.. ഹോ വേണ്ടാ ആര് വെള്ളമൊഴിക്കാനാ. ചുമ്മാ മനുഷ്യന് പണിയുണ്ടാക്കാന്‍.. മതി..മതീ.. വെരി സിമ്പിള്‍.... പുത്തിവേണം പുത്തി.. ഇനി ലോഗിന്‍ ചെയ്തുനോക്കട്ടേ.. ക്ലാ ക്ലാ ക്ലാ... ക്ലീ ക്ലീ ക്ലീ... മിനുട്ടുകള്‍ക്കുള്ള...

ഫീലിങ്ങില്‍ തൊട്ടുകളിക്കരുത്!

വേണ്ടാ വേണ്ടായെന്നൊരു നൂറുവട്ടം പറഞ്ഞതാ.. കേട്ടില്ലാ.. വെല്ലുവിളിയാണുപോലും.. നിന്‍റെ രക്തത്തിലോടുന്നത് നമ്മുടെ ചോരയാണെങ്കില്‍ നിന്നെത്തൊട്ടുകളിച്ചവരെ വച്ചേക്കില്ല പോലും.. രക്തം രക്തത്തേയറിയുന്നു.. രക്തബന്ധം ശ്രേഷ്ഠബന്ധം! സമ്മതിക്കാതെ വയ്യാ... ഇപ്പോഴെന്തായി?.... മനുഷ്യന് സ്വസ്ഥമായി ജീവിക്കാന്‍വരേ സമയമില്ലാത്തപ്പോഴാണൊരു പ്രതികാരം. ഒന്നോര്‍ത്താല്‍, ശത്രുക്കളുടെ മനസ്സിന്‍റെയൊരു കോണിലെങ്കിലും കാണും നമ്മോടുള്ള സ്നേഹം.. നഷ്ടബോധം.. ചിലപ്പോള്‍ മിത്രങ്ങളേക്കാളുമേറെ! പ്രസവിച്ചുപേക്ഷിച്ച അമ്മയ്ക്ക് മകനെ കാണുമ്പോഴുണ്ടാകുന്ന വാത്സല്യം. കാരണം, സ്നേഹബന്ധങ്ങളത്രേ കാലാന്തരേ ശത്രുതയെ ഗര്‍ഭം ധരിക്കുന്നത്. ശത്രുക്കളായിരുന്നു നമ്മുടെ യഥാര്‍ത്ഥ മിത്രങ്ങള്‍ നമ്മുടെ മനസ്സറിയുന്നവര്‍, നമ്മേപ്പറ്റി കരുതലുള്ളവര്‍... അവരൊരിക്കല്‍ നമ്മളായിരുന്നു..നമ്മളവരും... മിത്രങ്ങവളൊരുദിനം ശത്രുക്കാളായാല്‍ പക വെറും പുകഞ്ഞകൊള്ളിയാവണം. നമ്മുടെ വൈകാരികതകളുടെ 'ബാന്നറില്‍' അപരര്‍ എത്ര കളിച്ചാലും നമ്മുടെയൊരു മുരടനക്കം പോലുമാവില്ലാ നമ്മുടെ  ദുഃഖങ്ങള്‍ നമ്മുടെ മാത്രം സ്വകാര്യതകളാകുന്നു സന്തോഷ...

ആർക്കാണ് തെറ്റുപറ്റിയത്?!

സ്നേഹമാണഖിലസാരമൂഴിയില്‍ എന്ന് പ്രഖ്യാപിച്ച കുമാരനാശാനോ? സ്നേഹിക്ക ഉണ്ണി നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും എന്ന് പാടിയ  വള്ളത്തോളിനോ? രാഷ്ട്രത്തിനുവേണ്ടി ജീവത്യാഗം ചെയ്യാന്‍ ആഹ്വാനം ചെയ്ത രക്തസാക്ഷികള്‍ക്കോ? ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞ ശ്രീനാരായണഗുരുവിനോ? സദാചാരസംരക്ഷണത്തിനായ്  മുറവിളികൂട്ടിയ നമ്മുടെ സാമൂഹ്യപരിഷ്ക്കര്‍ത്താക്കള്‍ക്കോ? ക്ഷമയും സഹനവുമാണ് ഏറ്റവും ശക്തമായ ആയുധങ്ങളെന്നുകാണിച്ചുതന്ന മഹാത്മജിക്കോ? വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നു ആവര്‍ത്തിച്ചുദ്ഘോഷിച്ച ഗുരുവര്യര്‍ക്കോ? തന്നെപ്പോലെത്തന്നേ മറ്റുള്ളവരേയും സ്നേഹിക്കണമെന്നുരചെയ്ത ക്രിസ്തുവിനോ? മറ്റുള്ളവരുടെ വിശപ്പകറ്റിമാത്രം ഭുജിക്കുക എന്നരുളിയ മുഹമ്മദ്‌ നബിക്കോ? അഹിംസയാണ് ലോകത്തിലേറ്റവും ശ്രേഷ്ഠം എന്ന് പഠിപ്പിച്ച ശ്രീബുദ്ധനോ? അഹംബ്രഹ്മാസ്മി എന്ന് പഠിപ്പിക്കുന്ന ബ്രഹദാരണ്യകോപനിഷത്തിനോ? തലപോകിലും ധര്‍മ്മച്യുതിയരുതേയെന്ന് ഉദ്ഘോഷിക്കുന്ന പൗരാണികഗ്രന്ഥങ്ങള്‍ക്കോ? തെറ്റുകള്‍ ചെയ്‌താല്‍ മോക്ഷം ലഭിക്കില്ലെന്നു ഭീഷണിപ്പെടുത്തിയ ആത്മീയാചാര്യര്‍ക്കോ? അതോ, മേല്പ്പറഞ്ഞതൊക്ക...

എന്‍റെ യാമിനി

ദേവീ നീയനഭിമുഖമായ് ചരിഞ്ഞുകിടക്കുമ്പോളാ- മനോഹരകേശമുലഞ്ഞു- നിര്‍ഗളിക്കുന്നിതല്ലോ നിശാഗന്ധിതന്‍ നറുമണം. നുകരല്‍ നിറുത്തിയൊരളിയായ് മലര്‍മധുവിന്‍ മയക്കത്തില്‍ പനിനീര്‍ക്കുന്തളാവൃതമാം നിന്‍മാദകപ്പൂമേനിയില്‍ മുഖംചേര്‍ത്തുമയങ്ങാനെന്തു സുഖം. തേജസ്സുറ്റ മണിമുഖം മറച്ചുനീ, പൂനിലാവിന്‍പുഞ്ചിരിയോടെ, ശാന്തമായ് ശയിക്കവേ, നിന്‍കാര്‍കൂന്തലിനഴകാ- യിന്ദുവും താരകറാണിമാരും നിന്‍സൗരഭ്യത്തിലാറാടി നിന്നെ പുണര്‍ന്നുറങ്ങവേ കണ്ടുഞാന്‍ സുന്ദരസ്വപ്‌നങ്ങള്‍, നിന്‍നനുത്ത ചുണ്ടുകളാലൊരു മൃദുചുംബനം ലഭിക്കുംവരെ. -ജോയ് ഗുരുവായൂര്‍

അത് അവളെക്കുറിച്ചായിരുന്നു!

താഴ്വരയിലങ്ങോളമിങ്ങോളം പ്രണയഗീതത്തിന്‍ ശീലുകളെപ്പോഴോ അലയടിക്കാന്‍ തുടങ്ങിയിരുന്നു സ്വര്‍ണ്ണമീന്‍ തുടിക്കും താമരച്ചോലയില്‍ കുളിരോളങ്ങളോട്‌ മത്സരിച്ച് അരയന്നങ്ങള്‍ നീന്തിത്തുടിച്ചു തുമ്പപ്പൂവിലും നിര്‍വൃതിയുടെ നിലാവായി മധുവസന്തം നിറവിന്‍ നൃത്തം ചവിട്ടി ദൂരെ നീലാകാശക്കോവിലില്‍ സൂര്യന്‍ പ്രണയാഗ്നി പകര്‍ന്ന കര്‍പ്പൂര ദീപത്തില്‍ പടുതിരി കത്തി ചുരം കയറി പുണരാന്‍ വരും മൃദുലമന്ദമാരുത ലീലയില്‍ വെണ്‍ ചേലകളാടിയുലഞ്ഞു മാറ് പിളര്‍ന്നു വാനം തൂകിയ മധുരശൃംഗാരമഴയിലാറാടി നളഹൃദയം നനഞ്ഞലിഞ്ഞു കവിഹൃദയത്തില്‍ നിന്നുമുതിര്‍ന്ന അമൂല്യമാമീരടികളീണം പകര്‍ന്നു കിന്നരവീണയില്‍ പ്രണയഗീതമായി സ്വപ്നയാമിനിതന്‍ ചിലങ്കകള്‍ പൊഴിക്കും മണിമുത്തുകളിമ്പത്തില്‍ തുള്ളിത്തെറിക്കുന്നുവോ ഹൃദയവനിയില്‍ വിരഹം മരുഭൂമിയെ പ്രസവിച്ച മനസ്സിലൊരു മരുപ്പച്ചയായിതാ ചിരിക്കുന്നു അവള്‍ ദൂരെയെങ്ങോ പൊയ്കയില്‍ മാനത്തു നിന്നടര്‍ന്നു വീണ വെള്ളിത്തളികയിലിന്ദുമുഖിയായ് പാല്‍ നിലാവ് തൂവിക്കൊണ്ട് താഴ്വരയിലനസ്യൂതമലയടിക്കും പ്രേമസംഗീതത്തിന്നീരടികള്‍ക്ക് അര്‍ഥപൂര്‍ണ്ണതയേകിക്കൊണ്ട് അറിയാതെയന്നു പ്രണയമുള്ളില്‍ കോറിയ ...

പേന

പേന വെറുമൊരു എഴുത്താണിയല്ലാ.. ആയിരം ദുഷ്ടാത്മാക്കളുടെ മസ്തിഷ്ക്കം തുരന്ന്, അതില്‍ നുരയ്ക്കുന്ന ചൊറിയന്‍പുഴുക്കളെ തോണ്ടിക്കളഞ്ഞ് വൃത്തിയാക്കാന്‍,  മൂര്‍ച്ചകൂട്ടി കാത്തുസൂക്ഷിക്കേണ്ടുന്ന,  കരുതലിന്റെ ഉടവാളാണ്. പൂപ്പുഞ്ചിരികളിലൊളിക്കും, വഞ്ചനയുടെ ലാഞ്ചനകാണാന്‍ അത്രയെളുപ്പമല്ലാ.  ജ്വലിച്ചുനില്ക്കും സൂര്യന്‍റെ മാറിലെ വ്രണങ്ങളും..... കിന്നാരം ഗര്‍ജ്ജനമാകുന്നതും, ഓളങ്ങള്‍ തിരമാലയാകുന്നതും, കാറ്റ് കൊടുങ്കാറ്റാകുന്നതും, നിനച്ചിരിക്കാത്ത നേരത്തായിരിക്കും. ബൌദ്ധികതലങ്ങള്‍ വിറളിപൂണ്ട്, ഭൌതികതലങ്ങള്‍ തേടുമ്പോള്‍, നേരിനും നെറിവിനും സതിയനുഷ്ഠിക്കേണ്ടിവരുന്നു. പണവും പദവിയുമേറുമ്പോള്‍, കോരക്കുടിലുകളിലെ കുമ്പിളുകളിലേക്കാവും നോട്ടങ്ങള്‍. മനോഹരമായ പഴങ്ങളിലേറെയും പുഴുക്കളാണ് വസിക്കുന്നത്. വെള്ളയടിച്ച കുഴിമാടങ്ങളിലെ നാറുന്ന ശവശരീരങ്ങള്‍പോലെ...... ഒന്നില്‍പ്പിഴച്ചാല്‍ രണ്ടിലെങ്കിലും, ചൂഷണത്തിന്‍റെ അധിനിവേശങ്ങളെ വെട്ടി താറുമാറാക്കുക. പ്രബുദ്ധത ജ്വലിക്കുന്ന ആലയില്‍, പഴുപ്പിച്ച്, മൂര്‍ച്ചയേറ്റിയ ആയുധങ്ങള്‍ കരുതിവെക്കുക.  മൂര്‍ച്ചയില്ലാത്ത ഉടവാളുകള്‍ ഊന്...

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന...

എന്‍റെ പ്രിയപ്പെട്ട പെരിങ്കുരികില്‍*ക്കുഞ്ഞ്

എന്‍റെ പ്രിയപ്പെട്ട പെരിങ്കുരികില്‍ക്കുഞ്ഞേ, ഇതായീനിമിഷം, തുടങ്ങുകയായി നിന്‍ദേശാടനം.. കടലുംകൊടുമുടികളും താഴ്വാരങ്ങളും താണ്ടി, സൃഷ്ടിയുടെ ഈറ്റില്ലവുംതേടിയുള്ള നിന്‍റെ സഞ്ചാരം നിന്‍ശ്രോത്രേന്ദ്രിയങ്ങളില്‍ ഞാനോതിയ വസ്തുതകളുടെ, നേര്‍ക്കാഴ്ചകള്‍ നിന്നേ കാത്തിരിക്കുന്നു.. ദൃഷ്ടികള്‍ ചെന്നുപതിക്കുന്ന ഓരോ കാഴ്ചകളും, അഭ്രപാളിയിലെന്നോണം നീ ഒപ്പിയെടുക്കവേണം. മൂടല്‍മഞ്ഞുമൂടിയ കാഴ്ചകളുടെ വ്യക്തതയിലേക്ക്, താഴ്ന്നുപറന്നുകൊണ്ടവയെ നീ കോരിനിറയ്ക്കുക. കണ്ണുകളെ വഞ്ചിക്കാന്‍ശ്രമിക്കുന്ന കാഴ്ചകളുടെ, അരികിലൊരിത്തിരിനേരം നീ വട്ടമിട്ടുപറക്കുക. നീതിദേവതയുടെ കണ്ണുകള്‍ കെട്ടപ്പെടുന്നരീതികളും, ആടിനെ പട്ടിയാക്കുവാന്‍ മെനയുന്ന തന്ത്രങ്ങളും, ആളേമയക്കുന്ന ആള്‍ദൈവങ്ങളുടെ ഉള്ളറക്കേളികളും, വെടിയേറ്റുവീഴുന്ന നിരായുധരുടെ വിലാപങ്ങളുമറിയാം. കുഞ്ഞിന്‍റെ കരച്ചില്‍ കേവലം വിശപ്പുകൊണ്ടാവില്ലാ; കുമാരിതന്‍ വിങ്ങലുകള്‍ ആര്‍ത്തവവേദനകൊണ്ടുമാവില്ലാ; വിട്ടുവീഴ്ചകളില്ലാതെ നീയെല്ലാം ചൂഴ്ന്നുവീക്ഷിക്കണം.. നിന്നേയുമെന്നേയും അത്ഭുതത്തിലാഴ്ത്തും ഉണ്മകളറിയാന്‍. മദ്ധ്യപൌരസ്ത്യദേശത്ത് പുകയുന്ന പീരങ്കികള്‍ക്ക്, തീക്കൊളു...

ചില്ലകളിലെ പുഞ്ചിരി കാണാന്‍...

ഏതു ദുഃഖങ്ങളിലുമൊളിച്ചിരിപ്പുണ്ടാവും സന്തോഷകരമായ ഓര്‍മ്മകളുടെ സുഖം. നോവിന്‍റെ നീറ്റലില്‍ പിടഞ്ഞിരിക്കുമ്പോഴും ലഭിച്ചേക്കാം, ഓര്‍മ്മകളില്‍ പൂത്തുവിരാജിക്കുന്ന വസന്തത്തിന്‍, ചാരുതയാര്‍ന്ന തലോടലും. മറഞ്ഞുപോയെന്നുതോന്നിപ്പിക്കുമെങ്കിലും മനസ്സില്‍നിന്നൊരിക്കലും മാഞ്ഞുപോകില്ലെന്നു ശാഠ്യംപിടിക്കുന്ന മഴവില്ലുകളെപ്പോലെ ഓര്‍മ്മകളങ്ങനെ ഇടംകോണിക്കുമ്പോള്‍ ദുഖത്തിലുമൊരല്പം സുഖത്തിന്‍റെ ലാഞ്ചന. നിറമുള്ള ഓര്‍മ്മകളെ നന്നായിവരച്ചിടാന്‍ വെളുത്തപകലിനേക്കാളേറെ നന്നാവുക, താരകങ്ങളാല്‍ അലുക്കുപിടിപ്പിച്ച്,  കണ്ണുകളില്‍ വര്‍ണ്ണവിസ്മയംസൃഷ്ടിക്കുന്ന രാത്രിയുടെ കറുത്തക്യാന്‍വാസായിരിക്കും. തോട്ടത്തില്‍പ്പൊഴിഞ്ഞ ഇതളുകളും കായ്കളും പെറുക്കിയെടുത്ത് കൂട്ടിവച്ച്, അതില്‍ മഷിയിട്ടുനോക്കിയാലും ചിലപ്പോള്‍ കണ്ടേക്കാം, നിന്‍റെ ചിരിക്കുന്ന മുഖങ്ങള്‍ തൂങ്ങിക്കിടക്കുന്ന ചില്ലകളില്‍ പൂമരത്തിന്റെ വസന്തശോഭ. മുറിഞ്ഞുവീണ പൂമരത്തിന്റെ ചോട്ടില്‍ വെള്ളമൊഴിച്ച്, പൊടിപ്പുകള്‍ക്കായി പ്രത്യാശകള്‍ എറിയുന്നുണ്ട് നിത്യവും. കൊഴിഞ്ഞവസന്തത്തിന്‍റെ തിരിച്ചുവരവിനായ് നേര്‍ച്ചകള്‍ അനവധി നേരുന്നുമുണ്ട് ചില്ലകള്‍ക്ക...

കാറ്റുവന്നിന്നെന്‍റെ വാതിലില്‍ മുട്ടുന്നു

കാറ്റുവന്നിന്നെന്‍റെ വാതിലില്‍ മുട്ടുന്നു വാതില്‍പ്പിടിയില്‍ പിടിച്ചുവലിക്കുന്നു ഞെട്ടിയുണര്‍ന്നെന്നുമമ്പരപ്പോടേ.. ഗദ്ഗദമോലുമെന്‍ നൊമ്പരപ്പാടിനാല്‍ മരുഭൂമിയാണ്, മരുഭൂമി ചുറ്റിലും.. മാനുഷ്യരില്ലാ മനമൊന്നു കാണുവാന്‍ വന്നിതീദിക്കിലോരുപാടുകാലമായ് എന്നൊരുവിടുതലീ പത്മവ്യൂഹത്തില്‍? ഞാനൊന്നുനോക്കിയെന്‍ചുറ്റിലും മെല്ലവേ കണ്ടു, നാട്ടിലെന്‍-ഉത്തമ തോഴരേ.. കൊണ്ടു പഴിച്ചീടാനവരൊക്കെയുണ്ടിന്നു മെന്നുമെന്നെയങ്ങ് ഭോഷനാക്കീടുവാൻ ഏണ്ണപ്പണത്തിന്‍റെ വമ്പ് പറഞ്ഞു നീ അന്നങ്ങു ഞങ്ങളെ വിട്ടുപിരിഞ്ഞതും പിന്നെ കണ്ടപ്പോളത്തറ് തന്നതു- മെല്ലാമെന്‍വമ്പെന്നു ചൊല്ലിയകൂട്ടുകാര്‍ ഇന്നെന്തേ നിങ്ങളെന്‍ഫോണെടുക്കാത്തത്? എന്തെന്തുചെയ്തുഞാന്‍ നിങ്ങള്‍ക്കുമോശമായ് ആയകാലത്തങ്ങദ്ധ്വാന പാതയില്‍, സര്‍വ്വം സഹിച്ചങ്ങ് ജീവിച്ചിടുന്നതോ? ഇനിയൊരു ജീവിതസുഖവുമില്ലറിവൂഞാന്‍ ജിവിതപന്ഥാവില്‍ സ്വപ്നങ്ങള്‍മാത്രവും. നന്നായി ജീവിക്കൂ..യെന്‍പ്രിയ സോദരേ പെറ്റിട്ട നാടിന്‍റെ സുന്ദര രൂപമായ്‌... കാറ്റുവന്നിന്നെന്‍റെ വാതിലില്‍ മുട്ടുന്നു വാതില്‍പ്പിടിയില്‍ പിടിച്ചുവലിക്കുന്നു. ഞെട്ടിയുണര്‍ന്നെന്നുമമ്പരപ്പോടേ.. ഗദ്ഗദമോലുമ...

പരശുരാമനു പറയാനുള്ളത്

ഒരു മഴു ഞാനിന്നു തിരിച്ചെറിയും കന്യാകുമാരിക്ഷിതിയാദിയായ്‌ ഗോ- കര്‍ണ്ണാന്തമായ്ത്തെക്കുവടക്കു നീളേ, നിങ്ങള്‍ക്കായി ഞാന്‍ പതിച്ചുതന്ന, സ്വപ്നഹരിതഭൂവതൊന്നിലേക്ക്. ഒരു മഴു ഞാനിന്നു വലിച്ചെറിയും ശുഭ്രവസ്ത്രമണിഞ്ഞ്‌, ജനതതന്‍, രുധിരം നുണയും കശ്മലരിലേക്ക്. നൊന്തുപെറ്റുവളര്‍ത്തിയൊരമ്മയെ, നടതള്ളീടുമാ കാട്ടാളരിലേക്ക്. ഒരു മഴു ഞാനിന്നു വലിച്ചെറിയും പുഴകളെ കൊല്ലുന്ന സ്വാര്‍ത്ഥരിലേക്ക് , പിഞ്ചുകുഞ്ഞിനെ ഭോഗിപ്പവരിലേക്ക്, സ്ത്രീത്വം വിലപേശിവിറ്റവരിലേക്ക്, വായുവെ മലിനമാക്കുന്നവരിലേക്ക്. ഒരു മഴു ഞാനിന്നു തിരിച്ചെറിയും നിങ്ങള്‍ പിശാചിനു പണയംവെച്ച,  ദൈവത്തിന്‍റെ സ്വന്തം നാടതൊന്നിനെ,  മഹാസമുദ്രത്തിനു തിരിച്ചേല്‍പ്പിച്ച്‌, ചെയ്ത തെറ്റിനു മാപ്പിരക്കുവാന്‍. ജോയ് ഗുരുവായൂര്‍ 01/11/2017

മഹന്മനസ്സ്

ഒറ്റത്തോര്‍‍ത്തുമായ്, 'പട'നയിച്ചീടുമ്പോള്‍ പതറിയതില്ലൊട്ടുമാ,മനസ്സ്. മുഖത്തടിയേറ്റ്,‍ പല്ലുതെറിക്കുമ്പോള്‍ ‍ കോപിച്ചിരുന്നില്ലയാ,മനസ്സ് തോല്‍വികളെന്നെന്നും, നിരകള്‍ തീര്‍ക്കുമ്പോള്‍ നിരാശാനായില്ലയാ,മനസ്സ്. രാജ്യമങ്ങിങ്ങോളം, പദയാത്ര ചെയ്തപ്പോള്‍ ‍ തളരാതെയെന്നുമേയാ,മനസ്സ് സഹനത്തിന്‍പര്‍വ്വങ്ങള്‍, ആവോളമേറ്റിയും ഇടറിയില്ലൊട്ടുമേയാ,മനസ്സ് ലോകപ്രശസ്തനായ്, കീര്‍ത്തിപരന്നിട്ടും അഹങ്കരിച്ചിട്ടില്ലയാ,മനസ്സ്. അധികാരസ്ഥാനങ്ങള്‍, മുന്നിലായ് വെച്ചപ്പോള്‍ ആഗ്രഹിച്ചില്ലൊട്ടുമാ,മനസ്സ്. പരദേശിവെടിയുണ്ട, ‍ പേമാരി തീര്‍ത്തപ്പോള്‍ ഒട്ടുംവിറയ്ക്കാത്തൊരാ,മനസ്സ്, ദേശിതന്‍ വെടിയുണ്ട‍, നെഞ്ചുപിളര്‍ന്നപ്പോള്‍, വിങ്ങിവിതുമ്പിക്കരഞ്ഞിരിക്കാം. - ജോയ് ഗുരുവായൂര്‍

എന്‍റെ തിരുവോണം

പൂവേപൊലി പൂവേപൊലി പൂവേപൊലി പൂവേ.. വിളഞ്ഞ വയലുകളെത്തഴുകി വരു- മിളങ്കാറ്റിന്‍റെയീണം കാതുകളില്‍. മാവേലിനാടിന്‍ ഗുണമേന്മകളോതും പാട്ടിന്‍ശീലുകള്‍ ഹൃദയത്തിലും. മധുവുണ്ടു ഇതളുകളില്‍മയങ്ങും കട്ടെറുമ്പുകളെത്തട്ടിവീഴ്ത്തി- ത്തുമ്പയറുത്തു ചേമ്പിലക്കുമ്പിളി- ലാക്കാന്‍ മത്സരിക്കും കൂട്ടുകാര്‍. ചാണകംമെഴുകിയ നടുമുറ്റത്ത്, ഞാനുമമ്മയും ചേച്ചിയുമുണ്ണിയും ചാഞ്ഞുംചരിഞ്ഞുമിരുന്നുതീര്‍ത്തിടും പൂക്കളത്തിന്‍ശോഭ മനസ്സിലും. മുത്തച്ഛനോടൊപ്പമോണച്ചന്തയില്‍ തുണിസഞ്ചിയുംതൂക്കി മണ്ടിനടന്ന്‍, പച്ചക്കറികളും പഴക്കുലയുംവാങ്ങി, തലച്ചുമടാക്കി വന്നിരുന്നതും, ശര്‍ക്കരകൂട്ടിയേത്തപ്പഴം പുഴുങ്ങി, പ്രാതലിനമ്മ തന്നിരുന്നതും, ശര്‍ക്കരുപ്പേരിയും കായവറുത്തതും, കറുമുറായെന്നങ്ങു തിന്നിരുന്നതും, മറക്കാന്‍ മടിച്ചീടുന്നയോര്‍മ്മകള്‍. അച്ഛനുമമ്മാവനും സമ്മാനിക്കും പുത്തനോണപ്പുടവകളുടുത്ത്, കൂട്ടുകാരോടൊത്തു കുരവയിട്ടു- മൂഞ്ഞാലാടിയും തുമ്പികളിച്ചും പാട്ടുകള്‍പാടിയുമോടിക്കളിച്ചും വള്ളംകളി, കുമ്മാട്ടി, പുലിക്കളിയും കൈക്കൊട്ടിക്കളിയും കണ്ടാഹ്ലാദിച്ചു തിമിര്‍ത്തയെത്രയോ തിരുവോണങ്ങള്‍! ഒരു നാക്കിലയുമതില്‍ക്കുറച്ച...

നാഴികക്കല്ലുകളുടെ ഓര്‍മ്മപ്പെടുത്തലുകള്‍

അമ്മിഞ്ഞപ്പാല് നുകര്‍ന്നുകിടന്നതും, മൂത്രമൊഴിച്ച്, നനഞ്ഞുവിറച്ചതും, മുട്ടിലിഴഞ്ഞങ്ങു മൂക്കുമുറിഞ്ഞതും, ഇരുകാലില്‍നിന്നങ്ങ് പൊട്ടിച്ചിരിച്ചതും, ഓടിനടക്കവേ തട്ടിമറിഞ്ഞതും, അച്ഛനുമമ്മയും വാരിയെടുത്തതും, ശൈശവകാലത്തിന്‍ നാഴികക്കല്ലുകള്‍. അരിമണിക്കിണ്ണത്തില്‍ ഹരിശ്രീകുറിച്ചതും, കൊച്ചുകുസൃതിക്കായ് തല്ലുകള്‍കൊണ്ടതും, തോട്ടിലെ വെള്ളത്തില്‍ പരലുപിടിച്ചതും ചേറില്‍കളിച്ചങ്ങു ചൊറികള്‍പിടിച്ചതും ചെറുമാങ്ങാപ്പൂളുകള്‍ ഉപ്പിട്ടുതിന്നതും, മുത്തശ്ശിചൊല്ലും പഴങ്കഥ കേട്ടതും ബാല്യകാലത്തിലെ നാഴികക്കല്ലുകള്‍..      പാടത്തു പട്ടംപറത്തിക്കളിച്ചതും വൃക്ഷത്തലപ്പില്‍ വലിഞ്ഞങ്ങുകേറീതും മാവില്‍ കല്ലെറിഞ്ഞോടുപൊട്ടിച്ചതും മുത്തച്ഛന്‍തന്നുടെ ചീത്തകള്‍കേട്ടതും ആമ്പല്‍ക്കുളങ്ങളില്‍ മുങ്ങിത്തുടിച്ചതും കൂട്ടുകാരൊത്ത് കുസൃതികാണിച്ചതും, പൂരപ്പറമ്പുകള്‍തോറും നടന്നതും,  പൊടിമീശകണ്ടങ്ങ് പുളകിതനായതും മുഖക്കുരുക്കളില്‍ പ്രേമംപൊടിഞ്ഞതും കൗമാരം താണ്ടിയ നാഴികക്കല്ലുകള്‍...    ബിരുദങ്ങളൊക്കെയും നേടിയെടുത്തതും നാടിനുംവീടിനുമഭിമാനമായതും പ്രാരാബ്ധമൊക്കെയറിഞ്ഞു തുടങ്ങീതും തൊഴിലി...

ഒന്നും നമ്മുടേതല്ലാ.....

ഒന്നും നമ്മുടേതല്ലാ.....  ഈ  ഭൂമിയിലുള്ള യാതൊന്നും നമ്മുടേതല്ലാ.. ശൈശവത്തിലിഴഞ്ഞുകളിച്ച  പഞ്ചാരമണലും, ബാല്യത്തില്‍ വെള്ളംതെറിപ്പിച്ചുനടന്ന  പാടങ്ങളും,  എഴുത്തുമായ്ക്കാനായെടുത്തിരുന്ന മഷിത്തണ്ടുകളും, കൗമാരത്തില്‍ മുഖത്തുദിച്ച മുഖക്കുരുക്കളും, യൗവ്വനത്തില്‍, നോക്കി മന്ദസ്മിതംപൊഴിച്ച മോഹനയനങ്ങളും,  വാര്‍ദ്ധക്യക്കൂട്ടിനായിവന്നിരുന്ന  ഊന്നുവടികളും, എന്തിനേറേ......  കാലമിത്രയും ദേഹിയെ പേറിയ ഈ ദേഹം പോലും നമ്മുടേതല്ലാ... എല്ലാം നമ്മുടേതാണെന്ന തോന്നല്‍ വെറുമൊരു തോന്നല്‍മാത്രം! - ജോയ്  ഗുരുവായൂര്‍

നമ്മുടെ ബന്ധം

പണ്ടെന്നെ നോക്കി മന്ദഹസിച്ച,  നിന്‍ചൊടികളിലിന്നു പരിഹാസം. പണ്ടെന്റെ മുറിവുകളില്‍ തലോടിയ നിന്‍കൈയിലിന്നില്ലയാ ആര്‍ദ്രത. നിത്യവുമെന്നെ കാണുവാന്‍വെമ്പുന്ന നയനങ്ങളിന്നില്ലാ നിന്‍വദനത്തില്‍. നിന്‍റെ നഗ്നപാദസ്പര്‍ശനത്താല്‍      പുളകിതയാകുന്ന ദിവസങ്ങളില്ലിന്ന്. മാഞ്ചുവട്ടില്‍വീശും മന്ദമാരുതനെ കരിമ്പുക തട്ടിക്കൊണ്ടുപോയ്. പുഴായോരത്തണലുകള്‍മൊത്തം 'ടിപ്പറില്‍' കയറി യാത്രയായ്. നെല്ല് നിറയും പത്തായങ്ങളില്‍ 'കോക്രോച്ചു'കള്‍ തിമിര്‍ക്കുന്നു. കര്‍ഷകര്‍തന്‍ കുടിലുകളില്‍ 'റോക്ക് മ്യൂസിക്' തകര്‍ക്കുന്നു. എന്നോടുള്ള നിന്‍സ്നേഹസ്ഫുരണം, 'സൈബര്‍പേജില്‍ കാവ്യങ്ങളാകുന്നു. എന്‍റെയിടനെഞ്ചുകീറിയ കുഴികളില്‍, പണിതീര്‍ന്നിടുന്നൂ നിന്‍ശ്മശാനങ്ങള്‍. ഒരു ചെമ്പനീര്‍പ്പൂവിരിയില്ലിനിയിവിടേ.. ഈര്‍പ്പവുമുണ്ടാവില്ലൊരു മഷിത്തണ്ടിലും. ഒരു പൂവിളിയുമൊരുകുളിര്‍ക്കാറ്റും നിന്‍, പിന്‍വിളികളുമാവില്ലിനി-യൊരിക്കലും. - ജോയ് ഗുരുവായൂര്‍

ഇനിവന്നീടുകവേണ്ടയെന്‍ പ്രിയതമേ...

ഇനിവന്നീടുക വേണ്ടയെന്‍ പ്രിയതമേ വരാതിരുന്നിട്ടുമിത്ര നാളും.. നിന്നുടെയോര്‍മ്മയില്‍ നുരയുമെന്നോര്‍മ്മകള്‍ നിദ്രയെ കാര്‍ന്നങ്ങു തിന്നിതല്ലോ.. നിനക്കങ്ങുവേണ്ടി മിടിച്ചയീ ഹൃദയവും മിടിക്കാന്‍ മടിപ്പേറി നില്പ്പതല്ലോ.. പുകമൂട്ടിക്കെട്ടിയ ശ്വാസകോശങ്ങള്‍ക്കു പറയാനൊരാശ്വാസവാക്കതില്ലാ.. സ്നേഹം ലഭിക്കാതെ വാടിയെന്‍കരളിനും, കുളിരേകാനായിനിയാവതില്ലാ... ഇനിവന്നീടുക വേണ്ടയെന്‍ പ്രിയതമേ വരാതിരുന്നിട്ടുമിത്ര നാളും.. മരുന്നില്‍മയങ്ങിയ നാഡീകോശങ്ങളും മദ്യം ദ്രവിപ്പിച്ച വന്‍കുടലും, പ്രമേഹം പടവെട്ടുമുടലിന്നിടങ്ങളും സമനില തെറ്റിയ മാനസവും. അന്നുനീ യാത്രമൊഴിഞ്ഞങ്ങുപോകുമ്പോള്‍ കണ്ണിലേക്കൊന്നുഞാന്‍ നോക്കിയില്ലാ.. കഥകള്‍പ്പറയും നിന്‍കണ്ണുകളെങ്ങാനും തിരികേവരില്ലെന്ന് ചൊല്ലീടിലോ?.. ഇനിവന്നീടുക വേണ്ടയെന്‍ പ്രിയതമേ വരാതിരുന്നിട്ടുമിത്ര നാളും.. നിനക്കായി കാത്തകനവുകളൊക്കെയും വിരഹക്കൊടുങ്കാറ്റില്‍ പാറിപ്പോയി. നിനക്കായെന്‍ ഹൃദയത്തില്‍ സൂക്ഷിച്ച മണ്ണതും കണ്ണുനീര്‍പ്പുഴയിലൊലിച്ചുപോയി .. എനിക്കായ് കാത്തതായൊന്നുമേയില്ലയീ ജിവിതം പുഷ്പിച്ച പാതകളില്‍... പങ്കുവെച്ചങ്ങു കൊടുക്കുക മാത്രമെന്‍, ജീവിത സായൂജ്യമായിരുന്നു. ഇനിവന്നീടുക വേണ...

ഗംഗയൊഴുകുന്നു ഗംഗയൊഴുകുന്നു...

ഗംഗയൊഴുകുന്നു ഗംഗയൊഴുകുന്നു.. ഹുങ്കു തിളയ്ക്കുമാമന്തരംഗങ്ങള്‍തന്‍, പങ്കം കഴുകിക്കൊണ്ടിന്നുമൊഴുകുന്നു. ഗംഗയൊഴുകുന്നു ഗംഗയൊഴുകുന്നു... കാട്ടാളരേക്കണ്ട കുഞ്ഞിന്‍കരച്ചിലും,  വേട്ടായാടപ്പെട്ട പെണ്ണിന്‍ വിതുമ്പലും, കൂട്ടരേക്കുത്തിയ കുറ്റബോധങ്ങളും, കൂട്ടത്തിലെല്ലാമലിഞ്ഞങ്ങു പോകുന്നു... വൃദ്ധര്‍തന്‍ വ്യഥകള്‍ സൃഷ്ടിച്ചശാപവും, ബുദ്ധിതന്‍ ചാപല്യമേറ്റിയ പാപവും, ശുദ്ധിവരുത്താനായൊഴുകി-യൊഴുകിയ- ശുദ്ധയായിന്നുമാ ഗംഗയൊഴുകുന്നു.. മുജ്ജന്മപാപ, പരിഹാരം ദര്‍ഭയില്‍, മുദ്രിതമാക്കുന്നു എള്ളുരുളകളായ്,  മൂന്നുവട്ടമങ്ങ് മുങ്ങിനിവര്‍ന്നേവം,  മൂര്‍ച്ചകുറയ്ക്കുന്നു മാനസതാപങ്ങള്‍.. ആര്‍ത്തവരക്തം പുരളാത്ത മേനികള്‍, ആര്‍ത്തിയോടങ്ങ് കരണ്ട ജന്മങ്ങളും, ആസക്തമൂര്‍ച്ഛയില്‍ കോമരംതുള്ളുന്ന ആഭാസവൃന്ദവും പാപംകഴുകുന്നു.. പാതികരിഞ്ഞ, ധാന്യശകലങ്ങളും, പാതിവെന്തങ്ങലയും കബന്ധവും, പാപങ്ങളെല്ലാം തീര്‍ക്കാനായ്‌ നിത്യവും, പാപനാശിനിയിലൊഴുകിത്തിമിര്‍ക്കുന്നു.. കൊല്ലുന്ന, വെല്ലുന്ന, കുതികാലുവെട്ടുന്ന,  കാണാത്ത ഭാവത്തില്‍ തെറ്റുകള്‍ചെയ്യുന്ന,  കല്മഷമാര്‍ന്നൊരാ മാനസമൊക്കെയും, കഴുകിവെളു...

താതനായിരുന്നില്ലയദ്ദേഹം!..

താതനായിരുന്നില്ലയദ്ദേഹം!..  എറെ വര്‍ഷങ്ങള്‍ക്കുമുമ്പ്, ബസ്സിറങ്ങുന്ന കവലയിലെ ചായക്കടയില്‍നിന്ന്, അല്ലാ 'ഹോട്ടല്‍'....., സുഖിയനും പഴംപൊരിയും പാലുംവെള്ളവും വാങ്ങിത്തന്നിരുന്നയൊരാളെ, മീശനരച്ചുതുടങ്ങിയയിക്കാലത്തും ഓര്‍ക്കാത്ത ദിവസങ്ങളില്ല! ചെങ്കല്‍പ്പാതയിലൂടെ എന്നെയും സഹോദരനെയും, സ്നേഹത്തില്‍ ചാലിച്ച, ഉമ്മകള്‍തന്നുകൊണ്ട്, മാറിന്നിരുവശത്തുമായി വഹിച്ച്,  വിയര്‍ത്തുകുളിച്ച്,  പഞ്ചായത്തുവഴിയിലൂടെ കാതങ്ങള്‍ താണ്ടിയിരുന്നയൊരാളെ! ഓണം വരുമ്പോള്‍, ഇഷ്ടാനുസരണമുള്ള  ഉടുപ്പുകളെടുത്തുതന്ന്, വിസ്മയിപ്പിച്ചിരുന്നയൊരാളെ!... കുളങ്ങളില്‍ കുളിക്കുന്നതും  കളങ്ങളില്‍ കളിക്കുന്നതും  തോട്ടുവെള്ളത്തിലെ മീന്‍പിടിക്കുന്നതും  സൈക്കിള്‍ച്ചവിട്ടു പഠിക്കുന്നതും പടക്കങ്ങള്‍ പൊട്ടിക്കുന്നതും  ഉത്സവപ്പറമ്പിലലയുന്നതുമെല്ലാം സ്വഭവനത്തില്‍  നിന്നുള്ള  ഉപരോധങ്ങളായിരുന്ന നാളുകളില്‍ സൈക്കിളിന്‍റെ മുന്നിലും പിന്നിലുമിരുത്തി, ഉത്സവപ്പറപ്പുകളിലെ നാടകങ്ങള്‍ കാണിച്ചുതരികയും ഉറങ്ങാതിരിക്കുവാന്‍ കട്ടന്‍കാപ്പിയും പപ്പടവടയും വാങ്ങിത്തരികയും പെരുന്നാ...

അഹംയു സഞ്ചിതിവാസം

കാപട്യങ്ങളരങ്ങുവാഴും ജീവിതംതന്‍ കനിവിന്നുറവകളടഞ്ഞ ചെയ്തികള്‍. തന്‍കുഞ്ഞിനെ പൊന്‍കുഞ്ഞായൂട്ടുമ്പോള്‍ മറുകുഞ്ഞിന്‍വിലാപം കേള്‍ക്കാത്തവര്‍. മുട്ട പുഴുങ്ങിയതിസമര്‍ത്ഥമായ് തനയനു,    ചോറില്‍പ്പൂഴ്ത്തിവിളമ്പും മാതുലിയും, പത്തായത്തിലൊളിപ്പിച്ച പലഹാരങ്ങള്‍ ഛന്നം, മാതുലമക്കള്‍ക്കേകുമച്ഛമ്മയും. ഒരേയുത്തരത്തിനരമാര്‍ക്കുകുറച്ച്, തോഴിതന്‍ തനയനെയൊന്നാമതെത്തിക്കുമദ്ധ്യാപികയും, സമപ്രായക്കാരാമനന്തരവരാവശ്യപ്പെട്ടതൊക്കെ, വാങ്ങിക്കൊടുത്തെന്നെയവഗണിക്കുമച്ഛനും. നാലാള്‍കാണ്‍കെ ഗുണദോഷിച്ചും ശകാരിച്ചും, നല്ല 'പിള്ള'കള്‍ചമയും കാരണവന്മാരും, പ്രവര്‍ത്തിപരിചയപരീക്ഷയ്ക്കെളുപ്പച്ചോദ്യം, തന്‍പ്രിയര്‍ക്കുനല്കുന്ന കലാലയഗുരുവും.  എന്‍-സൈക്കിളിന്‍ തണ്ടേറി നാടുചുറ്റിയിട്ടി- ന്നമേരിക്കയിലിരുന്ന് പുച്ഛിക്കുന്നൊരുവനും, കൊടുത്തകാശിന്,  ചെമ്മേ ചിരിച്ചുമയക്കി, വസ്തുക്കള്‍ മായംചേര്‍ത്തേകും കടക്കാരനും. തോളത്തുകയ്യിട്ട് രഹസ്യങ്ങള്‍ചോര്‍ത്തിയ- ങ്ങവസരത്തിലൊറ്റും സഹപ്രവര്‍ത്തകരും,  കഠിനാദ്ധ്വാനത്തിന്‍ സത്ഫലം, തഞ്ചത്തില്‍ കവര്‍ന്നങ്ങു കീര്‍ത്തിനേടും മേലാളനും. ജീവിതം പകുത്തുനല്കി സ്...

ഭൂതകാലം തേടി...

പോളപ്പുല്ലുകളിളകിയൊഴുകുമീയരുവി യില്‍, പാളത്തൊപ്പിതന്‍ തണല്‍ ചൂടാറുണ്ടിരുവരും. പീലിയെഴുംനിന്‍ മിഴിയിണകളിലെന്‍മിഴി  നട്ട്, പാട്ടിന്നീരടികളിലലിഞ്ഞുലയുമോടം തുഴഞ്ഞു നാം. പാടങ്ങളില്‍ പച്ചപ്പെത്തിക്കുമീപ്പുഴതന്‍ കൈവരിയില്‍, പരല്‍മീന്‍കൊത്താന്‍ നിരന്നിരിക്കും കൊറ്റിക്കൂട്ടങ്ങളും, പാടിപ്പറന്നു കതിര്‍പെറുക്കും പനംതത്തകളും, പാരം കരളുകളില്‍ കുളിരേകിയ കാലമതോര്‍പ്പൂ. കാലമിതുവരേയറിയാത്ത വഴികളിലൂടെയനവരതം കടന്നുപോകവേ, കൈമോശംവന്നുപോയൊരാ കതിരമാം സൌന്ദര്യം, കതിരവന്‍ കട്ടെടുത്തതോ- ക്കാര്‍മുകിലിന്‍ പിണക്കങ്ങളിലിന്നന്യമായതോ?! മുളംകാടുകളുടെയീണം ശ്രുതിയിട്ടയിളംകാറ്റില്‍ മുഖമിളക്കും, മരതകക്കതിരുകള്‍നിറയും പാട- മിന്നെന്തേ മരുവുന്നു, വിള്ളലുകളൊരുപാടുവീണ മാറിടവും, വിണ്ടുകീറിയൊരു മാനസവുമായ്? മത്സ്യങ്ങളായിരം മുങ്ങാംകുഴിയിട്ട പുഴതന്‍ മടിത്തട്ടിതാ കിടക്കുന്നു, മരുവും മാനവര്‍തന്‍ മണിമാളികകള്‍പണിയാന്‍ രാവുംപകലും മണ്ണെടുത്ത, മായാത്തമുറിവുകളും പേറി... ഞവരകള്‍ പൂക്കാത്ത... തവളകള്‍ കരയാത്ത... ഞണ്ടുകള്‍ കുറുകെയോടാത്തോരീ വയല്‍വരമ്പില്‍ ഞാന്‍ തിരഞ്ഞല്ലോയിന്നെന്‍ ഞാറ്റ...

ഭസ്മാസുരൻ

നിനച്ചിരിക്കാതെ, നിർന്നിമേഷമായ് വേഷപ്പകർച്ചകളാടീടുന്നൊ- രതിഥിയിന്നിൻ്റെയസ്കിതയായ്! സ്നേഹമേറെ ഭാവിച്ചു കുരലിൽ, കൂടുകൂട്ടിയിട്ടൊരുദിനം, ജീവനെടുത്തങ്ങു പോയിടുന്നു. അതിഥിയൊരു ഭസ്മാസുരനായ്, ആതിഥേയരെ വിഴുങ്ങുവതിനായ്, ആർത്തിയോടടുക്കുന്നു നിത്യവും. ഓടിയൊളിക്കയാണതിഥേയർ, കിട്ടിയ കൂരകൾത്തന്നിലാ- യഭയം തേടുവതൊന്നിനായ്. ശത്രുവദൃശ്യനാണെന്നു വരികിൽ മറഞ്ഞുനിൽക്കുകയഭികാമ്യ - മെന്നുചൊല്ലുന്നു ശാസ്ത്രവും. ദോഷവിത്തുകൾ വന്നുവീഴാതെ കാക്കുവാൻ കടകമ്പോളങ്ങൾ, കൊട്ടിയടച്ചുവെച്ചുപോൽ. നഗരം നിശ്ചലമായ്.. കൂകിയാർക്കും വാഹനവൃന്ദവും വിദ്യാലയങ്ങളും സിനിമക്കൊട്ടകയും നിന്നുപോയ്. വിമാനമില്ലാ തീവണ്ടിയില്ലാ തീ തുപ്പും, വ്യവസായശാലകളും ദേവാലയവും നിർജ്ജീവമായ്ക്കിടന്നിടുന്നു. തെരുവുകൾതൻ നിശാനിശബ്ദതയിൽ, സീൽക്കാരത്തുളകളിടും, തേന്മഴക്കാടുകളും മൗനമായ്. അപകടങ്ങളില്ല, ഭവനഭേദനങ്ങളും രോദനങ്ങളില്ലാ സ്ത്രീപീഡനവും. അഴിമതിക്കാരതും മറന്നുപോയ്. അതിജീവനത്തിന്നേകൈകചിന്തയാൽ മാനവകുലം, ജാതിമറന്നു നിരന്തരം മെയ്യോടുമെയ് ചേരുന്നു! നാനാത്വത്തിലേകത്വസന്ദേശം പാരിൽ, ...

കണിക്കൊന്ന പൂത്തൊരാ..

കണിക്കൊന്ന പൂത്തൊരാ സുന്ദരവീഥിയില്‍ നിന്‍റെ കാലൊച്ചഞാന്‍ തേടീ. നിന്നുടെ നിശ്വാസധാരയാം തെന്നലില്‍ ആകെക്കുളിരാന്‍ കൊതിച്ചൂ. വേനലില്‍ പുണ്യമാം വിഷുവന്നീടുകില്‍ കാറ്റിനും വേണുവിന്‍ നാദം. വിളഞ്ഞുകിടക്കുമാ ലതകള്‍തന്‍ മാനസം തുടിക്കുന്നിതല്ലോ നിനക്കായ്‌. എന്നകതാരിലെ വിഷുക്കണി കാണുവാന്‍ എത്തീടുകില്ലേ നീ കണ്ണാ നിന്നുടെ ഗൗരമാം ചേലയിലെന്മുഖം ചേര്‍ത്തങ്ങ് തഴുകില്ലേ കണ്ണാ... കണിക്കൊന്ന പൂത്തൊരാ സുന്ദരവീഥിയില്‍ നിന്‍റെ കാലൊച്ചഞാന്‍ തേടീ. നിന്നുടെ നിശ്വാസധാരയാം തെന്നലില്‍ ആകെക്കുളിരാന്‍ കൊതിപ്പൂ. (2) - ജോയ് ഗുരുവായൂര്‍

കർണ്ണികാരം പൂവിടുന്ന...

കര്‍ണ്ണികാരം പൂവിടുന്ന മേടമാസപ്പുലരിയില്‍ കണ്ടുഞാനെന്‍ കണിയായി താമരപ്പൂങ്കണ്ണനെ. കണ്ണെഴുതി പൊട്ടുതൊട്ട് കരിനീലമിഴിയഴകില്‍ കാത്തിരിപ്പൂയെന്നുമെന്നും നിന്നെയൊന്നുകാണുവാന്‍. നിന്‍റെ ചുണ്ടിലഞ്ചിനില്ക്കും പുഞ്ചിരിപ്പൂന്തേനതും നല്ലപട്ടുചേലയും, മൌലിമലര്‍പ്പീലിയും,   നിത്യവുംകണികണ്ടുകൊണ്ട്‌ പ്രണയതല്പമായിടും,     നിന്‍റെമാറില്‍ ചായുറങ്ങും രാധയായിത്തീരണം. കണ്ണുകളടച്ചിടുമ്പോള്‍ മുന്നില്‍വന്നു നിന്നിടും കള്ളച്ചിരിയുമായെന്‍ പ്രിയതോഴാ വല്ലഭാ. കാണാതെവയ്യയെന്നും മുകുന്ദനേ, മുരാരിയേ   കാണാമറയത്തു പോയിടാതെ പ്രിയനേ. നല്ല കണിവെള്ളരിയില്‍ പൊന്നുചാര്‍ത്തി വയ്ച്ചിടാം കണ്ണാടിയില്‍ കാത്തുവയ്ച്ച   ഹൃദയമെന്‍റെ നല്കീടാം.   - ജോയ് ഗുരുവായൂര്‍

വറുതിക്കാലം.

കണ്ണിൻകുഴികളാലാഹാരംചോദിക്കും, മക്കളെ മാറോടണച്ചുഞാനും, ഭീതിവിളഞ്ഞിടുമസ്വസ്ഥചിന്തയിൽ ചത്തതെരുവിനെ പാളിനോക്കി. നാലഞ്ചുനാളായി പൂട്ടിക്കിടക്കുന്ന, ധാന്യപ്പുരയുടെ കോലംകണ്ടു. കാണാതിരിക്കില്ല ദൂരെയായല്ലാതെ ഭോജനംകിട്ടുന്ന പീടികകൾ. കത്തുന്നസൂര്യൻ്റെയുഷ്ണത്തിൻപീ ഢയാൽ ഉപ്പിൻചാലുകളൊഴുകിടുന്നു. ഉഴക്കുവെള്ളത്തിലാ തോർത്തുകുതിർത്ത് നെഞ്ചുംപുറവും തുടച്ചുമെല്ലേ. പൂട്ടിയ കെട്ടിടപ്പടിയുടെ മുന്നിൽ പാറാവുനിൽക്കുന്ന പോലീസുകാർ. വാമൂടിക്കെട്ടിയ കാക്കിപ്പരിഷകൾ, ലാത്തിചുഴറ്റി വിരട്ടിവിട്ടു. ഒരുതുണ്ടം റൊട്ടിയോ,യിത്തിരിപ്പാലോ, ഒന്നുംലഭിക്കാൻ നിവൃത്തിയില്ലാ. അല്പം കുടിവെള്ളമെങ്ങുലഭിച്ചിടു- മെന്നറിയാതെഞാൻ നിന്നുപോയി. വീട്ടിലിരുന്നു പണിയാൻപറഞ്ഞപ്പോ- ളാമോദചിത്തനായ് വന്നതാണ്. നാട്ടിൽപ്പടർന്നിടും രോഗബീജങ്ങൾതൻ ഭീഷണിയിൽനിന്നു മുക്തിനേടാൻ. വൈദ്യുതി, കുടിവെള്ളമെല്ലാംമുടങ്ങി, നില്ക്കുന്നു കെട്ടിടം പ്രേതംപോലെ. ക്ഷീണിച്ചകണ്ണുകൾ നോട്ടമെറിയുന്ന മട്ടുപ്പാവുകളിൽ നൊമ്പരങ്ങൾ. ഒട്ടിയവയറുമായ് റൊട്ടികൾകാത്തിടും കുട്ടികളോടെന്തു ചൊല്ലിടുംഞാൻ? കാശുകൊടുത്താലുമാഹാരംകിട്ടാത്ത ശാപദിവസങ്ങളെന്നുമാറും? - ജോയ് ഗുരുവായൂർ 21-03-2020

കോമാളി!

ഭയമില്ലായെന്നെ,യെന്നാരെങ്കിലും കരുതുന്നുണ്ടെങ്കിലതു ഭോഷത്തരമാ- ണെന്നുരചെയ്തീടുന്നൂ ഞാനിഹ- യിതൊരഹങ്കാരമല്ലെന്നുമറിയുക.. ധൈര്യശാലികളുമുള്ളിന്റെയുള്ളിലാ യ് ഭയക്കുന്നൂ ക്ഷണിക്കപ്പെടാതുള്ളൊരെൻ കടന്നുവരവും കണ്ണീർപ്പൂക്കളിൽ ‍ പ്രസാദിച്ചീടുമെൻ‍ പ്രകൃതവും.. കടന്നുവരാം ഞാനദൃശ്യനായേതു- നിമിഷത്തിലുമൊരു ചുഴലിയായ്, ചെറുമരങ്ങൾക്കൊപ്പം വലുതും കടപുഴക്കുമൊരതുല്യപ്രതിഭാസമായ്! രോദനങ്ങളും നെടുവീർപ്പുകളും കേൾക്കുന്നതാണെനിക്കെന്നും ഹരം! മനുജർക്കിച്ഛിതമാകാസമയങ്ങളിൽ‍, വന്നു ചുടലനർത്തനമാടീടും ഞാൻ കബന്ധങ്ങളിലാകുന്നുവെൻ താമസം. ഹൃദയം ശിലകളാൽ‍ നിർമ്മിതമാണെൻ മനസ്സിൽ കനിവിന്റെ കിരണമില്ല മിഴികൾ രണ്ടിലും കൊടുംതിമിരമെൻ ‍ വഴികളിൽ‍ തിങ്ങുന്നതനിശ്ചിതങ്ങൾ.. പുല്കുവാനാശിപ്പവരിൽ നിന്നു- മോടിയകലും ഞാനെന്നാൽ‍, ആട്ടിയകറ്റാൻ തുനിയുമവർക്കേറെ- ച്ചൊരിഞ്ഞീടും മമലാളന.. രംഗബോധമില്ലത്ത കോമാളി- യെന്നെന്നെ വിളിച്ചീടാമെന്തെന്നാൽ‍, നിങ്ങളുടെ കരച്ചിലുകളാണല്ലോ- യെന്നിൽ‍ ചിരികളുണർത്തുന്നതും! - ജോയ് ഗുരുവായൂർ